അസ്‌ലന്‍ ഷാ കപ്പ് ഹോക്കി: ആസ്‌ത്രേലിയ-മലേഷ്യ ഫൈനല്‍

Posted on: March 17, 2013 1:27 am | Last updated: March 17, 2013 at 1:27 am

ഇപോ(മലേഷ്യ): അസ്‌ലന്‍ഷാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ന് ആസ്‌ത്രേലിയ ആതിഥേയരായ മലേഷ്യയെ നേരിടും. വെങ്കലമെഡലിനായി ന്യൂസിലാന്‍ഡും ദക്ഷിണകൊറിയയും തമ്മിലാണ് പോര്. നാലാം സ്ഥാന പ്ലേ ഓഫില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനും വഴിയൊരുങ്ങി.

നിര്‍ണായകമായ അവസാന റൗണ്ടില്‍ മലേഷ്യ 2-2ന് ഇന്ത്യയെ സമനിലയില്‍ പിടിച്ചപ്പോള്‍ ആസ്‌ത്രേലിയ 3-2ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഫൈനല്‍ ഉറപ്പിച്ചു. സാധ്യത അവസാനിച്ചു കഴിഞ്ഞ ഇന്ത്യക്ക് മലേഷ്യയുടെ ജയം തടയാന്‍ സാധിച്ചത് വലിയ നേട്ടം.
അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി സാരി ഫൈസല്‍ മലേഷ്യയെ മുന്നിലെത്തിച്ചു. ഇരുപതാം മിനുട്ടില്‍ മന്‍ദീപ് സിംഗും നാല്‍പ്പത്തെട്ടാം മിനുട്ടില്‍ രുപീന്ദര്‍ പാല്‍ സിംഗും ഇന്ത്യയെ മുന്നിലെത്തിച്ചു. എഴുപതാം മിനുട്ടില്‍ ഫൈസല്‍ മലേഷ്യക്ക് സമനില നേടിയത് ഇന്ത്യക്ക് ഞെട്ടലായി. റൗണ്ട് റോബിന്‍ ലീഗില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് പ്ലേ ഓഫിന് ഇറങ്ങുന്നത്.
ഫൈനലില്‍ എത്തിയവര്‍ ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 ആയിരുന്നു സ്‌കോര്‍.
പതിനൊന്ന് പോയിന്റുകളോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായാണ് ആസ്‌ത്രേലിയ കലാശക്കളിക്ക് യോഗ്യത നേടിയതെങ്കില്‍ മൂന്ന് വട്ടം ചാമ്പ്യന്‍മാരായ മലേഷ്യക്ക് ഒമ്പത് പോയിന്റുണ്ട്.