ചുരം ബദല്‍ റോഡ്: പ്രതീക്ഷക്ക് വീണ്ടും ജീവന്‍ വെക്കുന്നു

Posted on: March 16, 2013 11:51 am | Last updated: March 16, 2013 at 11:51 am

wayanad churamകോഴിക്കോട്: യാത്രാ ക്ലേശത്താല്‍ ബുദ്ധിമുട്ടുന്ന താമരശ്ശേരി ചുരം റോഡിന് ബദല്‍ റോഡെന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വീണ്ടും ജീവന്‍വെക്കുന്നു. ഓരോ സംസ്ഥാന ബജറ്റിലും ചുരം ബദല്‍ റോഡ് സംബന്ധിച്ച് ഒരിക്കലും നടക്കാത്ത ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ ധനമന്ത്രി കെ എം മാണിയുടെ പ്രഖ്യാപനത്തെ പ്രായോഗികമായി ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി ടണല്‍ റോഡ് ചുരം ബദല്‍ റോഡായി വികസിപ്പിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അഞ്ച് റോഡുകള്‍ ചുരം ബദല്‍ റോഡിനായി വര്‍ഷങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്. ഇതില്‍ പലതിലും വനഭാഗത്ത് ഒഴികെ കിലോ മീറ്ററോളം റോഡുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അഞ്ച് ലക്ഷം രൂപ ഇതില്‍ ഏത് റോഡ് വേണമെന്ന സാധ്യതാ പഠനത്തിന് നീക്കിവെച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അഞ്ച് റോഡുകളുടെയും സാധ്യതാ പട്ടിക തയ്യാറാക്കി, പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് റോഡ് അംഗീകരിക്കുകയായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി ഇത് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി ടണല്‍ റോഡ് സര്‍ക്കാര്‍ പരിഗണിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വയനാടെത്താന്‍ കഴിയുന്ന റോഡാണിത്. കൂടാതെ ദേശീയപാത ബംഗളൂരു- കോഴിക്കോട് റൂട്ടില്‍ 40 കിലോമീറ്ററിന്റെ കുറവും ഈ റോഡ് യാഥാര്‍ഥ്യമായാല്‍ ലഭിക്കും.
ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി റോഡിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകാലമായി. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെത്തുന്ന നിര്‍ദിഷ്ട റോഡിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ നാല് കിലോമീറ്റര്‍ ദൂരം മാത്രമേ വനത്തിലൂടെ കടന്നുപോകുന്നുള്ളു. 10 ഏക്കര്‍ വനഭൂമി റോഡിനായി ഏറ്റെടുക്കേണ്ടിവരും. ഇവിടെ നശിപ്പിക്കപ്പെടുന്ന മരങ്ങള്‍ക്ക് പകരം വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കുന്നതിനായി നിരവധി കര്‍ഷകര്‍ തയ്യാറായിട്ടുണ്ടെന്നും ഈ പ്രദേശത്തുകാര്‍ പറയുന്നു.
നേരത്തെ കെ എം മാണി മന്ത്രിയായിരുന്നപ്പോഴും ഈ റോഡിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മലയോര കര്‍ഷകര്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ റോഡിനായി ബജറ്റില്‍ ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം വനത്തില്‍ താമസിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ല. 2007ല്‍ തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസിന്റെ നേതൃത്വത്തില്‍ മുത്തപ്പന്‍പുഴയില്‍ നിന്ന് വനത്തിലൂടെ മേപ്പാടിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്നു വന്ന ബജറ്റുകളിലെല്ലാം 10 ലക്ഷം രൂപ പ്രാഥമിക നടപടികള്‍ക്കായി അനുവദിച്ചെങ്കിലും യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടന്നില്ല.
ഇപ്പോള്‍ ആനക്കാംപൊയില്‍ മുതല്‍ മറിപ്പുഴ വരെ ആറ് കി.മീറ്റര്‍ ദൂരം റോഡുണ്ട്. ഇതുവഴി കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. വയനാട് ഭാഗത്ത് കള്ളാടിക്കടുത്ത് തൊള്ളായിരം എസ്‌റ്റേറ്റ് വരെ എട്ടു കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയായിട്ടുണ്ട്. വനത്തിലൂടെ ഇരുവശത്തും കൂപ്പ് റോഡുകളും നിലവിലുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാതെ തന്നെ റോഡ് പൂര്‍ത്തിയാക്കണമെന്നാണ് വിദഗ്ധാഭിപ്രായം. രണ്ട് ചെറിയ പാലങ്ങളും ഏതാനും കലുങ്കുകളും മാത്രമാണ് റോഡിനായി വേണ്ടി വരുകയെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ യാത്ര ചെയ്യുന്ന ജനലക്ഷങ്ങള്‍ തങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഇനിയെങ്കിലും ഒരു ഫലം കാണുമെന്ന പ്രതീക്ഷയിലാണ്.

ALSO READ  ചുരം കയറാതെ വയനാട്ടിലേക്ക്; തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു