ആന്ധ്രയില്‍ അവിശ്വാസത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിജീവിച്ചു

Posted on: March 16, 2013 11:29 am | Last updated: March 16, 2013 at 11:31 am

PARDAPHASH KIRAN KUMAR REDDY-ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തെലുങ്കാന രാഷ്ട്രസമിതി (ടി ആര്‍ എസ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിശ്വാസ പ്രമേയം നേരിടുന്നത്. പ്രധാന പ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടി നിഷ്പക്ഷമായ നിലാപാടെടുത്തതാണ് തത്വത്തില്‍ ന്യൂനപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാറിന് സഹായകമായത്. ടി ആര്‍ എസിന്റെ അവിശ്വാസ പ്രമേയത്തെ 58 അംഗങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. 295 അംഗങ്ങളുള്ള സഭയില്‍ 142 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്യുന്നത് സ്പീക്കര്‍ വിലക്കിയിരുന്നു. പതിനഞ്ച് മണിക്കൂര്‍ നീണ്ട സംവാദത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളും ഏഴ് ടി ഡി പി അംഗങ്ങളും വിപ്പ് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ചു.