പതിനൊന്നാം മണിക്കൂറിലെ കാട്ടിക്കൂട്ടലുകള്‍

Posted on: March 12, 2013 7:35 am | Last updated: March 12, 2013 at 7:35 am
SHARE

siraj copyസംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് ഗതിവേഗം പോരെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതില്‍ ധനകാര്യ വകുപ്പ് കൂടുതല്‍ ഉദാരത പ്രകടിപ്പിച്ചിരിക്കയാണ്. ധനകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി ഒരു കോടിയില്‍ നിന്ന് അഞ്ച് കോടിയായും മെയിന്റനന്‍സ് ചെലവിന്റെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായും വര്‍ധിപ്പിച്ചുകൊണ്ട് പുതുതായി ഉത്തരവിറക്കിയിരിക്കുന്നു. ഭൂമി എറ്റെടുക്കുന്നതിന് വിനിയോഗിക്കാവുന്ന തുക 15ല്‍ നിന്ന് 25 ലക്ഷം, പര്‍ച്ചേഴ്‌സ് ചെലവ് 50 ലക്ഷത്തില്‍ നിന്ന് ഒരു കോടി, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള തുക 25ല്‍ നിന്ന് അമ്പത് ലക്ഷം എന്നിങ്ങനെ നീളുന്നു വര്‍ധിപ്പിച്ച തുകയുടെ പട്ടിക.
14,010 കോടിയുടെ പദ്ധതികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ജനുവരി 31 വരെ ഇതിന്റെ 52 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുള്ളുവെന്ന് അവലോകനത്തില്‍ കണ്ടെത്തുകയുണ്ടായി. ഡിസംബര്‍ 31നകം വാര്‍ഷിക പദ്ധതികള്‍ക്കുള്ള തുകയുടെ അറുപത് ശതമാനമെങ്കിലും വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ ലക്ഷ്യം പരമാവധി പൂര്‍ത്തീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ധനകാര്യ വകുപ്പിന്റെ ഉദാര സമീപനം.
സാമ്പത്തിക വര്‍ഷം അവസാനിക്കാറാകും വരെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അലസതയും നിഷ്‌ക്രിയത്വവും. അവസാന ഘട്ടത്തില്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തിയെന്ന് വരുത്താന്‍ കുറേ കാട്ടിക്കൂട്ടലുകളും. ഇതാണ് സര്‍ക്കാര്‍ വകുപ്പുകളുടെ എക്കാലവുമുള്ള സ്ഥിതി. വേണ്ടത്ര ആസൂത്രണവും കരുതലുമില്ലാതെ പണം ചെലവഴിക്കുക വഴി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണനിലവാരം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ ഫലം.
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയും അടിക്കടി വര്‍ധിച്ചുവരുന്ന ഭരണച്ചെലവുകള്‍ നിയന്ത്രിക്കാനാകാതെ പദ്ധതി ചെലവുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍വഹിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരമെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാന മണിക്കൂറില്‍ തിരക്കിട്ടു നിര്‍വഹിക്കുമ്പോള്‍ അതൊരു വഴിപാടായിത്തീരുകയും മുടക്കിയ പണം പാഴാകുകയുമാണ്.
ഇക്കാര്യത്തില്‍ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് 50 ശതമാനമായെന്നാണ് കഴിഞ്ഞ വാരത്തില്‍ മന്ത്രി എം കെ മുനീര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കെ അമ്പത് ശതമാനമേ ആയുള്ളൂവെന്നത് ബന്ധപ്പട്ടവരുടെ നിരുത്തരവാദിത്വത്തിലേക്കും കുറ്റകരമായ അനാസ്ഥയിലേക്കുമല്ലേ വിരല്‍ ചൂണ്ടുന്നത്? അതേസമയം ഫെബ്രുവരി 20ന് ചേര്‍ന്ന തദ്ദേശ വകുപ്പിന്റെ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതിയുടെ അവലോകത്തില്‍ അന്നു വരെ വിനിയോഗിച്ചത് 1200 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. മൊത്തം തുകയുടെ 35 ശതമാനം. മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, കെ സി ജോസഫ് എന്നിവരുള്‍ക്കൊള്ളുന്നതാണ് ഈ സമിതി. ഇതനുസരിച്ച് അമ്പത് ശതമാനം വിനിയോഗിച്ചുവെന്ന മന്ത്രി മുനീറിന്റെ പുതിയ അവകാശവാദം സംശയാസ്പദവുമാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണത്തില്‍ കൂടുതല്‍ പങ്കാളിത്തവും ചുമതലയും കൈവന്ന സന്ദര്‍ഭമാണിത്. ഇനിയും കൂടുതല്‍ ചുമതലകള്‍ കൈമാറാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധവും കാര്യക്ഷമതയും തദ്ദേശ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. പൊതുജനങ്ങളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന ഭരണവിഭാഗമെന്ന നിലയില്‍ അവരുടെ വികസന സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊണ്ട് അത് പൂര്‍ത്തീകരിക്കുന്നതില്‍ അധിക ജാഗ്രത പുലര്‍ത്തുകയും വേണം.
‘അതിവേഗം ബഹുദൂര’മെന്നതാണ് വികസന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുദ്രാവാക്യം. സാമ്പത്തിക വര്‍ഷത്തിന്റെ പതിനൊന്ന് മാസം കടന്നുപോയിട്ടും അനുവദിച്ച തുകയുടെ അമ്പത് ശതമാനം വിനിയോഗിക്കാനായില്ലെങ്കില്‍ ഈ മുദ്രാവാക്യത്തിനെന്തര്‍ഥം? പതിനൊന്നാം മണിക്കൂറില്‍ തിരക്കിട്ടു പണികള്‍ തീര്‍ക്കൂന്ന പതിവ് ശൈലിക്ക് മാറ്റം വരുത്തി സമയാധിഷ്ഠിതമായി പദ്ധതികളുടെ പ്രവൃത്തി ആസൂത്രണം ചെയ്യുകയും തദാനുസാരം പ്രവൃത്തികള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തി പണം അനുവദിക്കുകയും ചെയ്യുന്ന ശൈലിയിലേക്ക് ഭരണ കേന്ദ്രങ്ങള്‍ മാറണം. വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാതിരിക്കാനും പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരാതികളും അഴിമതി ആരോപണവും ഏറെക്കുറെ ഒഴിവാക്കാനും ഇത് സഹായകമാകും.