Connect with us

Kerala

സോമാലിയക്കാരെ വിട്ടുകൊടുത്ത് ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കണം: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: സോമാലിയന്‍ തടവുകാര്‍ മുംബൈ ജയിലില്‍ കിടന്നിട്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരെ വിട്ടുകൊടുത്ത് ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി കൈക്കൊള്ളണം. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ മറ്റ് ഇന്ത്യക്കാരെക്കൂടി മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണം. കഴിഞ്ഞ ദിവസം സോമാലിയക്കാര്‍ മോചിപ്പിച്ച അഞ്ച് മലയാളികള്‍ ഇപ്പോള്‍ ഒമാനിലുണ്ട്. അവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്.
ബന്ദികളുടെ മോചനത്തിനായി കേന്ദ്രത്തെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ബന്ദികളുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ടിടപെടുകയുണ്ടായി. ഇതിനായി പ്രത്യേകം ഒരു ഗ്രൂപ്പിനെത്തന്നെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയപ്പോള്‍ വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. അതിന്റെയെല്ലാം ഫലമായാണ് തടവിലാക്കപ്പെട്ടവരുടെ മോചനം സാധ്യമായത്.
ഇവരുടെ തടവിലുള്ള മറ്റ് ഇന്ത്യാക്കാരെക്കൂടി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് പകരമായി മുംബൈ ജയിലിലുള്ള 117 സോമാലിയന്‍ തടവുകാരെ വിട്ടയക്കണമെന്നാണ് അവരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനമാണെന്നാണ് അറിവ്. എന്നാല്‍ മഹരാഷ്ട്ര സര്‍ക്കാര്‍ അനുകൂലമായല്ല കൈക്കൊണ്ടത്.
തടവുകാരുടെ പേരില്‍ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ അവസാനിച്ച ശേഷമേ ഇക്കാരത്തില്‍ തിരുമാനമെടുക്കാന്‍ സാധിക്കൂവെന്നാണ് മഹരാഷ്ട്ര സര്‍ക്കാറിന്റെ സമീപനം. അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----