Connect with us

Lokavishesham

ലാറ്റിനമേരിക്കയിലെ പുതിയ ഉദയം ആരായിരിക്കും?

Published

|

Last Updated

loka vishesham
വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂലാ ഡ സില്‍വ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി: “ലാറ്റിന്‍ അമേരിക്കയുടെ ഉദ്ഗ്രഥനത്തിനായി ഷാവേസ് നടത്തിയ ധീരമായ ഇടപെടലിന്റെ പേരിലാകും ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെടുക. ലോകത്തെ ഏറ്റവും ചലനാത്മകമായ ഭൂ വിഭാഗമായി തെക്കേ അമേരിക്കയുടെ അഭിമാനകരമായ നിലനില്‍പ്പിന് ഷാവേസ് എന്തെല്ലാം ചെയ്തുവെന്ന് പഠിക്കേണ്ട സമയമാണിത്. ഷാവേസിന്റെ അതിര്‍ത്തിയില്ലാത്ത ഊര്‍ജം ഇല്ലാതെയാണ് നാം ഈ മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച കണ്ടെത്തേണ്ടത്. അത് വലിയ വെല്ലുവിളിയായിരിക്കും. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ അത്രക്ക് കലുഷിതവും സങ്കീര്‍ണവുമാണ്. മറ്റെന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഷാവേസിന്റെ ആത്മാര്‍ഥതയും വിശ്വസ്തതയും സമര്‍പ്പണവും ഏത് എതിരാളിയും അംഗീകരിക്കും. അത്രക്ക് സത്യസന്ധത പുലര്‍ത്താന്‍ ഇനിയൊരു നേതാവിന് സാധിക്കുമോ എന്നതാണ് ലാറ്റിന്‍ അമേരിക്ക അനുഭവിക്കാന്‍ പോകുന്ന യഥാര്‍ഥ പ്രതിസന്ധി”
ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ സമ്പന്ന രാഷ്ട്രമാണ് വെനിസ്വേല. ഈ എണ്ണ സമ്പത്ത് തന്നെയായിരുന്നു ഷാവേസിന്റെ ശക്തി. പെട്രോ രാഷ്ട്രീയത്തിന്റെ ജനപക്ഷ മുഖമാണ് അദ്ദേഹം ലോകത്തിന് കാണിച്ചു തന്നത്. എണ്ണ സമ്പത്ത് കൈയിലുണ്ടായിട്ടും ദരിദ്രമായി ജീവിക്കേണ്ടി വന്ന വെനിസ്വേലന്‍ ജനതയെ മാത്രമല്ല അദ്ദേഹം കൈപിടിച്ച് ഉയര്‍ത്തിയത്. ലാറ്റിനമേരിക്കന്‍ ഇടതു സഹയാത്രിക രാഷ്ട്രങ്ങളെല്ലാം അതിന്റെ ഗുണഫലം അനുഭവിച്ചു. എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ ഓരോന്നും സാമ്രാജ്യത്വ ശക്തികളുടെ ആജ്ഞാനുവര്‍ത്തികളാകുകയോ ആക്രമണത്തിനിരയാകുകയോ ചെയ്തിടത്താണ് വെനിസ്വേല വലിയ പ്രഹരശേഷിയോടെ നിലകൊണ്ടത്.
ഇറാഖിലെ സദ്ദാം ഹുസൈനെ സ്വേച്ഛാധിപതിയാക്കിയത് അമേരിക്കയായിരുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടായിരുന്നു അവര്‍ക്ക്. പക്ഷേ, എണ്ണ സമ്പത്ത് ദേശസാത്കരിച്ചപ്പോള്‍ അമേരിക്കയുടെ മട്ട് മാറി. സദ്ദാമിനെ തൂക്കിലേറ്റുന്നതിലാണ് ആ പക അവസാനിച്ചത്. പകയുടെ കനലില്‍ ഇന്നും ഇറാഖീ ജനത വേവുകയാണ്. ലിബിയയില്‍ ഖദ്ദാഫിയെ വകവരുത്തിയതിന് പിന്നിലും പെട്രോ രാഷ്ട്രീയമായിരുന്നു. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും എണ്ണയുടെ രാഷ്ട്രീയം നന്നായി മനസ്സിലാക്കിയവരാണ്. വരും കാലത്തെ ഊര്‍ജ പ്രതിസന്ധി തരണം ചെയ്യാന്‍ അവര്‍ എണ്ണസമ്പന്ന രാഷ്ട്രങ്ങളിലെല്ലാം പാവ സര്‍ക്കാറുകളെ അവരോധിക്കുന്നു. അതിന് സാധിക്കാത്ത ഇടങ്ങളില്‍ നിരന്തരം കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കുന്നു. എണ്ണ വിലയെ നിയന്ത്രിക്കുന്നു. ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ദിശ നിര്‍ണയിക്കുന്നു. അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മകള്‍ സാമ്രാജ്യത്വവിരുദ്ധ സമീപനത്തില്‍ വലിയ ദൂരം പോകാതെ നോക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഗാസാ ചീന്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ മരിച്ചു വീഴണം; അറബ് ലീഗിന് ഒന്ന് ചുണ്ടനക്കണമെങ്കില്‍.


ഈ പശ്ചാത്തലത്തിലാണ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് നില്‍ക്കുകയും ബദല്‍ രാഷ്ട്രീയം സാധ്യമാക്കുകയും ചെയ്ത ലാറ്റിനമേരിക്കന്‍ ഇടതു സഖ്യത്തിന് പ്രസക്തിയേറുന്നത്. തീര്‍ച്ചയായും ഈ സഖ്യത്തിന് കെട്ടുറപ്പ് നല്‍കിയത് വെനിസ്വേലയുടെ എണ്ണസമ്പത്ത് തന്നെയായിരുന്നു. ഈ സഖ്യത്തിന് ആശയപരമായ സമാനതയും അടിത്തറയും സൃഷ്ടിക്കാനും ഹ്യൂഗോ ഷാവേസിന് സാധിച്ചു. ക്യൂബയിലെ കാസ്‌ട്രോ സഹോദരന്‍മാര്‍, അര്‍ജന്റീനയിലെ ക്രിസ്റ്റീന ഫെര്‍ണാണ്ടസ്, നിക്കരാഗ്വേയിലെ ഡാനിയല്‍ ഒര്‍ട്ടേഗ, ബൊളീവിയയിലെ ഇവോ മൊറാലസ്, ഇക്വഡോറിലെ റാഫേല്‍ കൊറയ, ബ്രസീലിലെ ദില്‍മ റൂസഫ്… ഷാവേസില്‍ നിന്ന് തണലും വെളിച്ചവും സ്വീകരിച്ചും തിരിച്ച് ഊര്‍ജം പകര്‍ന്നും ഉയര്‍ന്നു വന്ന നേതാക്കളുടെ നിര തന്നെയുണ്ട്. ജനാധിപത്യ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഇടയിലൂടെയുള്ള ഇവരുടെ സഞ്ചാരം മറ്റൊരു ലോകം സാധ്യമാണെന്ന പ്രതീക്ഷ പകരുന്നതാണ്. പക്ഷേ, ഷാവേസിന്റെ നഷ്ടം അവര്‍ എങ്ങനെ തരണം ചെയ്യും? ശക്തമായ ഈ കൂട്ടായ്മയെ ആര് നയിക്കും? ഷാവേസിനോട് വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു ലൂലാ ഡ സില്‍വ പങ്ക് വെക്കുന്ന ആശങ്കകളാണ് ഇവ. അദ്ദേഹം എഴുതുന്നു: ആശയങ്ങള്‍ അവശേഷിപ്പിക്കാതെയാണ് ഒരു പൊതു മനുഷ്യന്‍ മരിച്ചു പിരിയുന്നതെങ്കില്‍ അദ്ദേഹം എന്നെന്നേക്കുമാണ് അസ്തമിക്കുന്നത്. ഷാവേസിന്റെ കാര്യത്തില്‍ അത് സംഭവിക്കില്ല. സര്‍വകലാശാലകളും തൊഴിലാളി യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക നീതിയില്‍ ആശങ്ക കൊള്ളുന്ന മനുഷ്യരെല്ലാവരും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ദശകങ്ങളോളം ചര്‍ച്ച ചെയ്യും. സൈമണ്‍ ബൊളിവര്‍ എങ്ങനെയാണോ ഷാവേസിനെ ഉത്തേജിപ്പിച്ചത് അത് പോലെ ഹ്യൂഗോ ഷാവേസ് വരും തലമുറയിലെ ധീരന്‍മാരായ യുവാക്കള്‍ക്ക് പ്രചോദനമേകും”
സ്പാനിഷ് അധിനിവേശത്തില്‍ നിന്ന് ലാറ്റിനമേരിക്കയെ മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വിപ്ലവകാരിയായിരുന്നു സൈമണ്‍ ബൊളിവര്‍. അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെ ആദ്യത്തെ ലാറ്റിനമേരിക്കന്‍ സമിതി രൂപവത്കരിച്ചതിലൂടെ ചരിത്രത്തിന്റെ പൊതുവായ ഭാഗധേയം വര്‍ത്തമാനകാലത്തിന്റെ പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുകയെന്ന പാഠമാണ് ഷാവേസ് പകര്‍ന്നു തന്നത്. ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ ദി അമേരിക്കാസില്‍ പക്ഷേ പരിമിതമായ അംഗത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2008ല്‍ രൂപവത്കൃതമായ യൂനിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ് കുറേക്കൂടി വിശാലമായിരുന്നു. യൂറോപ്യന്‍ യൂനിയന്റെ മാതൃകയിലേക്ക് ഈ സംവിധാനം വളരണമെന്നായിരുന്നു ഷാവേസിന്റെ സ്വപ്‌നം. കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്‌സ് വീണ്ടും വിസ്തൃതമായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സി( ഒ എ എസ്) ന് ബദലായിരുന്നു അത്. യു എസും കാനഡയും ഒഴികെയുള്ള അമേരിക്കന്‍ രാഷ്ട്രങ്ങളെല്ലാം കമ്യൂണിറ്റിയില്‍ അംഗത്വം നേടി. അത്ര സജീവമല്ലെങ്കിലും യോജിച്ച മുന്നേറ്റത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പായിരുന്നു കമ്യൂണിറ്റി. ഷാവേസിന്റെ മുന്‍കൈയില്‍ രൂപവത്കൃതമായ ഏറ്റവും നിര്‍ണായകമായ സ്ഥാപനം ബേങ്ക് ഓഫ് സൗത്ത് ആയിരുന്നു. ലോക ബേങ്കിന് പകരമായിരുന്നു തെക്കിന്റെ ബേങ്ക്.
ഷാവേസിന്റെ വിയോഗത്തോടെ ഈ സംവിധാനങ്ങളെല്ലാം അനാഥമാകുകയാണ്. അമരക്കാരന്‍ അവസാനിക്കുമ്പോള്‍ ആര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഈ ശൂന്യതയെ മറികടക്കാന്‍ ലാറ്റിനമേരിക്കന്‍ ചേരിക്ക് സാധിക്കുകയെന്നത് ഏകധ്രുവ ലോകത്തിന്റെ കെടുതികളെക്കുറിച്ച് ബോധ്യമുള്ള ഓരോരുത്തരുടെയും പ്രാര്‍ഥനയാണ്. വെനിസ്വേലയുടെ ഇടക്കാല പ്രിസഡന്റായി വൈസ് പ്രസിഡന്റും ഷാവേസിന്റെ സന്തതസഹചാരിയുമായ നിക്കോളാസ് മദുരോ സ്ഥാനമേറ്റു കഴിഞ്ഞു. പ്രതിപക്ഷം ചില ക്രമപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇടക്കാല നേതാവായി അദ്ദേഹം തന്നെ തുടരും. മുപ്പത് ദിവസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പില്‍ മദുരോ തന്നെ ജയിച്ചുവരാനാണ് സാധ്യത. പക്ഷേ, അദ്ദേഹത്തിന് ഷാവേസിന്റെ വ്യക്തിപ്രഭാവമില്ല. താരതമ്യങ്ങളുടെ ചുഴികളില്‍ നിന്ന് രക്ഷപ്പെട്ടു വരാനുള്ള കരുത്ത് അദ്ദേഹത്തിനില്ലെന്നു തന്നെയാണ് ഷാവേസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തോട് സംസാരിച്ചപ്പോള്‍ തെളിഞ്ഞത്. അമേരിക്കയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിപരീത ഫലമുണ്ടാക്കി. വെനിസ്വേലയെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കാം. പക്ഷേ, ലാറ്റിനമേരിക്കയുടെ മൊത്തം നേതാവാകാനുള്ള അംഗീകാരം ആര്‍ജിക്കാനും സ്വാധീന ശക്തിയാകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല.
ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയിലാണ് വിദഗ്ധര്‍ പലരും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഷാവേസിന്റെ ശൈലി അപ്പടി പിന്തുടരുന്ന നേതാവാണ് കൊറയ. ഈയടുത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ജനപിന്തുണ തെളിയിച്ചയാള്‍. വെനിസ്വേലയേക്കാള്‍ (1553 ബാരല്‍/ ദിവസം) ഏറെ പിന്നിലാണ് ഉത്പാദനമെങ്കിലും(334/ ദിവസം) ഇക്വഡോര്‍, ഒപെക്കില്‍ അംഗമാണ്. കൊറയുടെ നേതൃത്വത്തില്‍ ഇക്വഡോര്‍ പിന്തുടരുന്ന സാമ്പത്തിക നയം ഷാവേസിനോട് വളരെയധികം സമാനത പുലര്‍ത്തുന്നു. പൊതുച്ചെലവ് വര്‍ധിപ്പിച്ചും കമ്പോളത്തില്‍ ഇടപെട്ടും മുന്നോട്ടു പോകുന്ന ഇക്വഡോര്‍ മാതൃകക്ക് വലിയ അംഗീകാരമുണ്ട്. മാത്രമല്ല, അന്താരാഷ്ട്ര വേദികളില്‍ അമേരിക്കക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിക്കുന്ന റാഫേല്‍ കൊറയ ആ നിലക്ക് ഒരു പരിവേഷം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രതിവാര ടി വി പരിപാടികള്‍ നടത്തുന്നതില്‍ പോലും അദ്ദേഹം ഷാവേസിന്റെ വഴിയിലാണ്. പക്ഷേ, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്നത് കൊറയയുടെ അന്താരാഷ്ട്ര ഇടപെടലുകളെ ദുര്‍ബലമാക്കും. പാശ്ചാത്യ സാമ്പത്തിക ഏജന്‍സികളില്‍ നിന്നുള്ള വായ്പകളെ ആശ്രയിക്കാതെ അദ്ദേഹത്തിന് മുന്നോട്ടു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
പിന്നെയുള്ളത് ബൊളീവിയയിലെ ഇവോ മൊറാലസ് ആണ്. ഷാവേസിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രകൃതി വാതക സമ്പത്ത് പൂര്‍ണമായി ദേശസാത്കരിച്ച് അദ്ദേഹം ഷാവേസിന്റെ സാമ്പത്തിക മാതൃകയിലേക്ക് കയറി നിന്നു. വെനിസ്വേലയുടെ സഹായത്തിലാണ് ബൊളീവിയ പിടിച്ചു നില്‍ക്കുന്നത്. ഷാവേസിന്റെ തണലില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരിക്കലും മൊറാലസ് ശ്രമിച്ചിട്ടില്ല. ക്യൂബയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നില്ലെന്നത് അദ്ദേഹത്തിന്റെ ലാറ്റിനമേരിക്കന്‍ നേതൃസാധ്യതക്ക് മങ്ങലേല്‍പ്പിക്കും. പല ഇടത് ഗ്രൂപ്പുകളും മൊറാലസിനെ അംഗീകരിക്കുന്നുമില്ല. ബൊളീവിയയില്‍ നിന്ന് പുറത്തേക്ക് വളരാന്‍ മൊറാലസ് തയ്യാറാകില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഷാവേസിനെ പിന്തുടര്‍ന്ന് ലാറ്റിനമേരിക്കയുടെ നായകത്വം വഹിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് ബ്രസീലിനാണ്. അവിടെ ഇപ്പോള്‍ ഭരണത്തിലുള്ള ദില്‍മാ റൂസഫ് ഇടതുപക്ഷക്കാരിയുമാണ്. മുന്‍ പ്രസിഡന്റ് ലൂലാ ഡ സില്‍വക്ക് ഷാവേസുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷേ, സാമ്രാജ്യത്വത്തിന് ബദലായി ഇടതു ചേരി എന്നതിന് പകരം കുറേക്കൂടി മൃദുവായ സഖ്യങ്ങള്‍ക്കാണ് ബ്രസീല്‍ പ്രാധാന്യം നല്‍കുന്നത്. ഷാവേസിന്റെ രൂക്ഷമായ പ്രതികരണങ്ങളെ ബ്രസീല്‍ ഒരിക്കലും പിന്തുണച്ചിട്ടില്ല. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയടങ്ങിയ ബ്രിക് സഖ്യം ശക്തിപ്പെടുത്താനാണ് ദില്‍മാ റൂസഫ് ശ്രമിക്കുന്നത്.
ലാറ്റിനമേരിക്കയിലെ ഇടതു ചേരി ഷാവേസിന്റെ തീവ്ര ഇടതുപക്ഷമായും ലൂലാ ഡ സില്‍വയുടെ മൃദു ഇടതുപക്ഷമായും വിഭജിക്കപ്പെടുമെന്നാണ് വിലയിരുത്തേണ്ടത്. അങ്ങനെ വന്നാല്‍ കമ്പോള സമ്പദ്‌വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ അനുഭവിക്കണമെന്ന ഉദാര ഇടതുപക്ഷത്തിനാകും മേല്‍ക്കൈ. അപ്പോഴാണ് ഷാവേസ് ശരിക്കും മരിക്കുക.

musthafaerrekkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest