Connect with us

Sports

ടോട്ടനം ഇന്റര്‍മിലാനെ തകര്‍ത്തു

Published

|

Last Updated

ലണ്ടന്‍: യുവേഫ യൂറോപ ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പര്‍ 3-0ന് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനെ പരാജയപ്പെടുത്തി. ബെനഫിക്ക, എഫ് സി ബാസല്‍, ലാസിയോ, ഫെനര്‍ബഷെ ക്ലബ്ബുകളും ആദ്യ പാദം ജയിച്ചു. അതേ സമയം, കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി റുമാനിയയില്‍ സ്റ്റ്യു ബുചാറസ്റ്റിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. റഷ്യന്‍ ക്ലബ്ബുകളായ റുബിന്‍ കസാനും അന്‍സിക്കും സമനില.
ഹോംഗ്രൗണ്ടില്‍ തകര്‍ത്തു കളിച്ച ടോട്ടനം ആറാം മിനുട്ടില്‍ ഗാരെത് ബാലെയിലൂടെ ലീഡ് നേടി. ഇന്ററിന്റെ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ എസ്റ്റെബന്‍ കാംപിയാസോയെ കീഴടക്കി ബാലെ തൊടുത്ത ഹെഡ്ഡര്‍ ഗോള്‍ മനോഹര കാഴ്ചയായി. സീസണില്‍ ബാലെയുടെ ഇരുപത്തൊന്നാം ഗോളായിരുന്നു ഇത്. പതിനെട്ടാം മിനുട്ടില്‍ സിഗുഡ്‌സന്‍ ലീഡ് ഇരട്ടിയാക്കി. അമ്പത്തിമൂന്നാം മിനുട്ടില്‍ വെര്‍ടോംഗ്‌ഹെനിലൂടെ ടോട്ടനം 3-0ന് മുന്നിലെത്തി. ആഴ്‌സണലിനെതിരെ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇല്ലാതിരുന്ന സുഗുഡ്‌സന്‍ ഇന്ററിനെതിരെ ആദ്യ ഇലവനില്‍ തിരിച്ചെത്തിയത് ടീമിന്റെ മുന്നേറ്റത്തിന് ഗുണം ചെയ്തു. മധ്യനിരയില്‍ മൂസ ഡെംബെലെയും സ്‌കോട് പാര്‍ക്കറും വിംഗില്‍ ഗാരെത് ബാലെയും തകര്‍ത്താടിയപ്പോള്‍ ആദ്യ നാല്‍പത് മിനുട്ട് നേരം ഇന്റര്‍മിലാന്‍ താരങ്ങള്‍ കളി മറന്നു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഡൈവ് ചെയ്തതിന് ബാലെക്ക് മഞ്ഞക്കാര്‍ഡ് കണ്ടു. ഇത് മിലാനിലെ രണ്ടാം പാദം ബാലെക്ക് നഷ്ടമാക്കി. കഴിഞ്ഞ രണ്ട് സീസണിലും ടോട്ടനത്തിന്റെ കരുത്തുറ്റ താരമായി നിലകൊണ്ട ബാലെ പുറത്തിരിക്കുന്നത് യൂറോപ ലീഗില്‍ ഇന്റര്‍മിലാന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. മൂന്ന് ഗോളുകളിലേറെ നേടിയാലെ ഇന്ററിന് രക്ഷയുള്ളൂ.
ഗോളി ബ്രാഡ് ഫ്രീഡല്‍ പ്രായത്തെ വെല്ലുന്ന മികവുമായി നില്‍ക്കുമ്പോള്‍ ടോട്ടനത്തിന്റെ വല സുരക്ഷിതമാണ്. രണ്ട് ഉറച്ച ഗോളുകളാണ് ഫ്രീഡല്‍ ഇന്ററിന് നിഷേധിച്ചത്. ടോട്ടനം സ്‌ട്രൈക്കര്‍ ഡെഫോ പാഴാക്കിയ അവസരങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോഴും സഹതാരം ഗോള്‍ നേടാന്‍ കുതിച്ചെത്തുമ്പോഴും ഡെഫോയുടെ കാലിടറി. വലത് വിംഗില്‍ ആറോന്‍ ലെന്നനെയും അറ്റാക്ക് ചെയ്ത സ്‌കോട് പാര്‍ക്കറെയും തടയുന്നതില്‍ ഇന്റര്‍ ഡിഫന്‍സില്‍ ക്രിസ്റ്റ്യന്‍ ചീവു മികവ് കാണിച്ചു. ഫ്രെഡി ഗോരിനും കസാനോക്കും ടോട്ടന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചതുമില്ല.
റുമാനിയയില്‍ സ്റ്റ്യു ബുചാറസ്റ്റിനോട് ചെല്‍സി പെനാല്‍റ്റി ഗോളിലാണ് പരാജയപ്പെട്ടത്. മുപ്പത്തിനാലാം മിനുട്ടില്‍ റൗള്‍ റുസെസ്‌കുവാണ് ചെല്‍സി വലയില്‍ പന്തെത്തിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്‌ബ്രോമിനെതിരെ ജയം കണ്ട ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ചെല്‍സി കോച്ച് റാഫേല്‍ ബെനിറ്റസ് റുമാനിയയില്‍ എത്തിയത്. ക്യാപ്റ്റന്‍ ജോണ്‍ ടെറി, യോസി ബെനായോന്‍, ബെര്‍ട്രന്‍ഡ്, ജോണ്‍ ഒബി മിഖേല്‍, ഫെര്‍നാന്‍ഡോ ടോറസ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു. എതിര്‍തട്ടകത്തില്‍, വിജയാവേശം കാണിക്കുന്നതില്‍ ചെല്‍സി പരാജയപ്പെട്ടു.
ആദ്യ മണിക്കൂറില്‍ ടോറസ് തീര്‍ത്തും നിറം മങ്ങി. ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിക്ക് ആ നിലവാരമൊന്നും റുമാനിയന്‍ ക്ലബ്ബിനെതിരെ കാണിച്ചില്ല. റുസെസ്‌ക്യുവിനെ ചെല്‍സി താരം ബെര്‍ട്രന്‍ഡ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. റുമാനിയന്‍ സ്‌ട്രൈക്കറുടെ കിക്ക് തടയാന്‍ ചെല്‍സി ഗോളി പീറ്റര്‍ ചെക്കിന് സാധിച്ചില്ല. ഗോള്‍ വീണതിന് ശേഷം, ഇസ്രാഈല്‍ താരം യോസി ബെനായോനിന്റെ ആക്രമണത്തില്‍ പിറന്ന ഷോട്ടാണ് ചെല്‍സിയുടെ ഭാഗത്തു നിന്നുണ്ടായ അര്‍ഥവത്തായ ആദ്യ നീക്കം. അറുപത്തിമൂന്നാം മിനുട്ടില്‍ ഫ്രാങ്ക് ലംപാര്‍ഡും#േ ടോറസും ചേര്‍ന്ന് നടത്തിയ നീക്കവും ഫലംകണ്ടില്ല. തീപ്പൊരി നീക്കത്തിന്റെ കുറവ് നികത്താന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജുവാന്‍ മാറ്റയെ കോച്ച് ബെനിറ്റസ് രംഗത്തിറക്കി. ഇത് അനക്കമുണ്ടാക്കി. എദെന്‍ ഹസാദിന്റെ വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ചെല്‍സിയുടെ സമനിലശ്രമം അവസാനിച്ചു. പത്തൊമ്പത് ഹോം മത്സരങ്ങളില്‍ പതിനേഴാംജയം നേടിയ റുമാനിയന്‍ ക്ലബ്ബ് സീസണില്‍ അവരുടെ മികവറിയിച്ചു.
ജര്‍മന്‍ ക്ലബ്ബ് സ്റ്റുട്ഗര്‍ട്ടിന്റെ ഗ്രൗണ്ടില്‍ 0-2ന് എവേ ജയം നേടിയ ഇറ്റാലിയന്‍ ടീം ലാസിയോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഒരു പടി അടുത്തു. കളിയുടെ ഒഴുക്കിന് വിപരീതമായി എഡേഴ്‌സനാണ് ലാസിയോയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിക്ക് പതിനൊന്ന് മിനുട്ട് പ്രായമായപ്പോള്‍ ഒഗെനി ഒനാസിയുടെ ഗോളില്‍ ലാസിയോ ജയമുറപ്പിച്ചു. ആദ്യ പതിനാറ് മിനുട്ടില്‍ തുടരെ അവസരങ്ങള്‍ സൃഷ്ടിച്ച ജര്‍മന്‍ ക്ലബ്ബിന് ഹോംഗ്രൗണ്ടില്‍ ഭാഗ്യം എതിരായി നിന്നു. ലാസിയോ കോച്ച് വഌദ്മിര്‍ പെകോവിചിന് ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ മികച്ച പ്രതിരോധ നിരയെ ഒരുക്കിയാല്‍ ക്വാര്‍ട്ടര്‍ ഭദ്രമാക്കാം. ബെനഫിക്ക 1-0ന് ബോര്‍ഡിയക്‌സിനെയും ബാസല്‍ 2-0ന് സെനിതിനെയും ഫെനര്‍ബഷെ 1-0ന് പ്ലിസനെയും തോല്‍പ്പിച്ചു.