ആത്മാഹുതി ചെയ്യുന്ന തിബത്തില്‍ മാധ്യമങ്ങള്‍ എന്തുചെയ്യുന്നു

Posted on: March 9, 2013 12:46 am | Last updated: March 9, 2013 at 12:48 am
SHARE

അമേരിക്കയുടെ ആഗോള സാമ്പത്തിക പരിഷ്‌കരണത്തേക്കാളും നവ കോളനീകരണ നയസമീപനങ്ങളേക്കാളും ഒട്ടും മോശമല്ല ചൈനീസ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരികാധിനിവേശങ്ങള്‍. ഒരു പക്ഷേ മുതലാളിത്ത ആഗോളവത്കരണത്തേക്കാള്‍ ഭീകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈന ഒളിഞ്ഞും തെളിഞ്ഞും ഈ ആധിപത്യശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ അതിര്‍ത്തി ‘രാജ്യ’മായ തിബത്ത്.
1913ല്‍ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമെന്ന നിലയില്‍ നിലകൊണ്ട ഈ ചെറുരാജ്യത്തെ അധികാര പ്രമത്തതകൊണ്ടും സൈനിക ബലം കൊണ്ടും നിഷ്‌ക്രിയമാക്കുകയും അധികാര സ്ഥാപനങ്ങളെ കോളനീകരിക്കുകയും ചെയ്തിരിക്കുകയാണ് ചൈന. ആ കാലത്ത് തിബത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതാവ് ദലൈ ലാമയായിരുന്നു. ചൈനീസ് ആധിപത്യത്തെത്തുടര്‍ന്ന് 1959 ല്‍ മാതൃരാജ്യം ഉപേക്ഷിച്ച് ലാമ ഉത്തരേന്ത്യയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. ചൈനയില്‍ മാവോയുടെ അധികാരക്കസേരയാണ് അന്താരാഷ്ട്ര താത്പര്യങ്ങളെയെല്ലാം മറികടന്ന് തിബത്തിനെ ഛിന്നഭിന്നമാക്കിയതെന്നോര്‍ക്കണം. ഈയൊരു തന്നിഷ്ടത്തിന് മുതലാളിത്ത രാജ്യമായ ബ്രിട്ടന്റെ ആശീര്‍വാദവും ചൈനക്ക് ലഭിക്കുകയുണ്ടായി എന്നത് ചരിത്ര നിയോഗമാകാം.
ഏതൊരു സാംസ്‌കാരികാധിനിവേശവും മറ്റെന്തിനേക്കാളും എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. ഒരു രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ മാത്രമല്ല, ഭാഷയേയും മൂല്യബോധത്തേയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണത്. തിബത്തന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. സര്‍വ മേഖലകളിലും ചൈനയുടെ അധികാരക്കൈകള്‍ വേരുകളാഴ്ത്തിയതിനാല്‍ തദ്ദേശിയരുടെ സാംസ്‌കാരികവും പൈതൃകവുമായ തനിമകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കൃഷിയും പരമ്പരാഗത തൊഴില്‍ സാധ്യതകളും തിബത്തിലിന്ന് അന്യമാണ്. ലോകത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഭാഷകളുടെ പട്ടികയില്‍ തിബത്തന്‍ ഭാഷ ഒന്നാം സ്ഥാനത്ത് അവരോധിച്ചുകഴിഞ്ഞു. സ്വന്തം രാജ്യത്ത് വെറും അതിഥികളായി മാറേണ്ടിവരുന്ന ദുരവസ്ഥ ശരിക്കും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് തിബത്തന്‍ ജനത.
1949 ന്റെ അവസാനം തിബത്തിലെ ചാം ഡോയിലൂടെ തലസ്ഥാന നഗരമായ ലാസയിലേക്കും സമീപ പ്രദേശങ്ങളിലേക്കും അതിക്രമിച്ചു കയറിയ ചൈനീസ് ചുവപ്പന്‍ പടയെ ചെറുത്തുനില്‍ക്കാനുള്ള കരുത്തോ ത്രാണിയോ തിബത്തന്‍ സൈന്യത്തിനുണ്ടായിരുന്നില്ല. ചുരുങ്ങിയ കാലത്തെ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ 5000 തിബത്തന്‍ സൈനികര്‍ ചൈനീസ് പട്ടാളത്തിന് മുന്നില്‍ കീഴടങ്ങിയതോടെ എല്ലാം അവസാനിച്ചു. തിബത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ട നാളുകളായിരുന്നു അവ. തുടര്‍ന്ന് തിബത്തന്‍ വിമോചന പോരാളികള്‍ സി ഐ എ ചൈനീസ് ശക്തിക്കുമുന്നില്‍ നടത്തിയ ഒളിപ്പോരാട്ടങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനായില്ലെന്നതാണ് നേര്. ഈ യുദ്ധങ്ങളിലെല്ലാം ആയിരങ്ങളാണ് ജീവന്‍ ബലി കൊടുക്കേണ്ടിവന്നത്. ഇതില്‍ ഭൂരിഭാഗവും പാവം സിവിലിയന്‍മാരാണ്. ഗറില്ലാ യുദ്ധങ്ങള്‍ക്ക് ഇന്നും ശമനമില്ല.
ഒരു കണക്ക് പ്രകാരം 43,000ല്‍ ലേറെ ജനങ്ങള്‍ തിബത്തില്‍ മാത്രം രക്തസാക്ഷികളായി. 1990ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 4,59,000 തിബത്തന്‍ വംശജര്‍ ചൈനയില്‍ മാത്രം അഭയാര്‍ഥികളായി കഴിയുന്നുണ്ട്. തിബത്തിന്റെ ആകെ ജനസംഖ്യ മൂന്ന് കോടിയിലധികമില്ലെന്ന് ഓര്‍ക്കണം.
തിബത്തിന്റെ സമീപകാല ചരിത്രമൊന്നും ലോകത്തിന് വലിയ ആശങ്കകളുണ്ടാക്കുന്നില്ല. അധിനിവേശത്തെ ആത്മഹുതികള്‍കൊണ്ട് പ്രതിരോധിക്കുന്ന ജനതയുടെ കണ്ണുനീരിന് നമ്മുടെ മാധ്യമങ്ങളും വലിയ വാര്‍ത്താപ്രാധന്യമൊന്നും കൊടുക്കാറില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പതിനെട്ടിനും ഇരുപത്തിരണ്ടിനും മധ്യേ പ്രായമുള്ള നിരവധി യുവതീയുവാക്കള്‍ തിബത്തില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയിട്ടുണ്ട്.
ലോകത്തിലെ മുഖ്യധാരാ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ക്ക് ഇതൊന്നും ഒരു വാര്‍ത്തയായില്ല. ലോകത്തെ മറ്റേതെങ്കിലും കോണില്‍ ഒരു ആത്മഹത്യ നടക്കുമ്പോള്‍ മണിക്കൂറിലേറെ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് തിബത്തിലെ സംഭവവികാസങ്ങള്‍ എന്തുകൊണ്ട് വാര്‍ത്തയാവുന്നില്ല എന്നത് കൗതുകകരമാണ്. ചൈനയുടെ ആയുധ ബലത്തെ പേടിച്ചോ, അതല്ലെങ്കില്‍ തിബത്ത് എന്ന സുന്ദര ഭൂമിയെ തമസ്‌കരിച്ചോ ആവണം ഈ വിരുദ്ധ സമീപനം. സ്വന്തം ഭാഷയും, വേഷവും പൈതൃകവും കാത്തുസൂക്ഷിക്കാനുള്ള ഒരു ജനതയുടെ അഭിവാഞ്ചയെ ഇങ്ങനെ നിഷ്‌കരുണം തമസ്‌കരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്. സ്വത്വപ്രതിസന്ധിയെക്കുറിച്ച് വേവലാതി കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണ് ചൈനീസ് ഭരണകൂടം. തുറങ്കിലടച്ചവരില്‍ കവികളും ബുദ്ധിജീവികളും എഴുത്തുകാരും ഉള്‍പ്പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും നഷ്ടപ്പെട്ട സംസ്‌കാരം തിരിച്ചുപിടിക്കാനുള്ള ഒരു ജനതയുടെ ഇച്ഛാശക്തിയെ പതം വരുത്താന്‍ ചൈനക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തിബത്തിലെ കീര്‍ത്തി ആശ്രമത്തിലെ താപേ എന്ന യുവസന്യാസിയുടെ ആത്മാഹുതി. അതൊരു തുടക്കമായിരുന്നു. തിബത്ത് ബുദ്ധ മതത്തിന് ആധിപത്യമുള്ള നാടാണ്. ആത്മഹത്യയെ ബുദ്ധമതം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും മറ്റ് ജീവികള്‍ക്ക് വേണ്ടി ആത്മാഹുതി നടത്തുന്നത് പുനര്‍ ജന്മങ്ങളില്‍ നിന്ന് മോക്ഷം ലഭിക്കാന്‍ ഇടയാക്കുമെന്ന് ഈ മതം കരുതുന്നു. ആത്മാഹുതികള്‍ക്കായി ഇവര്‍ കണ്ടെത്തുന്ന ഇടങ്ങള്‍ പൊതുസ്ഥലങ്ങളാണ്. ചൈനയുടെ ധിക്കാര മനോഭാവത്തെ ലോക ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യം ഇതിനുണ്ട്. ചൈനയില്‍ നിന്നും സ്വതന്ത്രമായി തിബത്ത് ഒരു പരമാധികാര രാഷ്ട്രമാകുമെന്നും ദലൈ ലാമ മാതൃരാജ്യത്തേക്ക് തിരിച്ചുവരുമെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു.
ഇരുളിനെ അകറ്റാനുള്ള വെളിച്ചത്തിനായാണ് അവര്‍ സ്വന്തം ശരീരം വെളിച്ചത്തിന്റെ പൂരമാക്കുന്നതെന്ന് ഇതിനെ ചുരുക്കി നിരീക്ഷിക്കാവുന്നതാണ്. ചൈനീസ് ആധിപത്യത്തിന് കീഴില്‍ കടുത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു തലമുറക്ക് ഇതില്‍പ്പരം മറ്റെന്താണ് ചെയ്യാന്‍ കഴിയുക? ലോക സമാധാനത്തിന് വേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും നിലകൊള്ളുന്നുവെന്ന് വീമ്പിളിക്കുന്ന ഐക്യരാഷ്ട്ര സഭപോലും വര്‍ഷങ്ങളായി തിബത്തന്‍ ജനത അനുഭവിക്കുന്ന അടിമത്ത സാഹചര്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഇത്രയേറെ ആത്മാഹുതികള്‍ തിബത്തിലും ചില വിദേശ രാജ്യങ്ങളിലും അരങ്ങേറിയിട്ടും ചൈനീസ് ഭരണകൂടത്തിന് അതെല്ലാം നിസ്സാരമായ ഒരു കൗതുകക്കാഴ്ചയാണ്. ആത്മാഹുതികളെ തടയാന്‍ വേണ്ടി ചില നിയമനിര്‍മാണങ്ങള്‍ നടത്തുകയും ഭീഷണിയുടെ സ്വരം ഉപയോഗിക്കുകയും ചെയ്യുകയല്ലാതെ തിബത്തിന് സ്വയം നിര്‍ണയാവകാശം നല്‍കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ചൈന നയരൂപവത്കരണം നടത്തുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യത്തെ ഇല്ലായ്മ ചെയ്തും മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചും ചൈന ഈ പ്രതിരോധത്തിന് തടയിടാന്‍ നടത്തുന്ന ഹീനമായ ചെയ്തികളൊന്നും ഈ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ മനോവീര്യത്തെ കെടുത്താന്‍ പ്രാപ്തമായതല്ല.
അര നൂറ്റാണ്ടിലേറെ ചരിത്രമുള്ള തിബത്തിന്റെ പ്രശ്‌നങ്ങള്‍ ലോകരാജ്യങ്ങളോ മാധ്യമങ്ങളോ വേണ്ടത്ര ഗൗനിക്കാതെ പോകുന്നതിന് കാരണമെന്താകും? ഉത്തരം ലളിതമാണ്. ഒരു രാഷ്ട്രമെന്ന നിലക്ക് തിബത്തിന് മറ്റൊരു രാജ്യത്തിനും വലിയ ഗുണമൊന്നും സമീപകാല ഭാവിയില്‍ പോലും ചെയ്യാന്‍ കഴിയില്ല. ടൂറിസത്തിന്റെ സാധ്യതയും ആ രാജ്യത്തിന് മങ്ങലേറ്റു കഴിഞ്ഞു. രാഷ്ട്രീയമായോ, സാമ്പത്തികമായോ ഒരു വിധേനയും സ്വാധീനിക്കാന്‍ കഴിയാത്ത ഈ അപരിഷ്‌കൃത ദേശത്തിന്റെ നിലവിളി എന്തിന് മുഖവിലക്കെടുക്കണം. മാത്രമല്ല, ലോകശക്തികളില്‍ ഒന്നായ ചൈനയുടെ വിരോധം വിളിച്ചുവരുത്താന്‍ ഒരു രാജ്യവും തയ്യാറുമല്ല.
തദ്ദേശീയമായ വാര്‍ത്താ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ചൈന കൂച്ചുവിലിങ്ങിട്ടിരിക്കുകയാണ്. തിബത്തില്‍ നടക്കുന്നതൊന്നും പുറംലോകമറിയരുതെന്ന് ചൈനക്ക് നിര്‍ബന്ധമുണ്ട്. തിബത്ത് ഭ്രഷ്ട സര്‍ക്കാറിന്റെ പ്രധാനമന്ത്രി ലോബ് സാംഗെ, ലോകമാധ്യമങ്ങളുടെ ഇരട്ടത്താപ്പില്‍ ആശങ്കാകുലനാണ്. ലോകത്തുണ്ടായിട്ടുള്ള ഏതൊരു ജനമുന്നേറ്റത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് നാം ചെറുതായി കണ്ടുകൂടാ. പല വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും എണ്ണ പകര്‍ന്നത് മാധ്യമങ്ങളാണെന്ന് സമകാലിക ചരിത്രമുണ്ട്. അറബ് വസന്തം ഒരു ഉദാഹരണം മാത്രം. പക്ഷേ, തിബത്തന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കേണ്ടുന്ന ധാര്‍മിക പിന്തുണയുടെ ഒരംശമെങ്കിലും നല്‍കിയിരുന്നെങ്കില്‍ തിബത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു; ചൈനയുടെ ധാര്‍ഷ്ട്യവും അതിര്‍ത്തി കടക്കുമായിരുന്നു.