സംസ്ഥാന പോളിടെക്‌നിക് കോളജ് കലോത്സവം കൊല്ലത്ത്‌

Posted on: March 8, 2013 12:26 am | Last updated: March 8, 2013 at 12:26 am
SHARE

കൊല്ലം:സംസ്ഥാന പോളിടെക്‌നിക് കോളജ് കലോത്സവം 13 മുതല്‍ 16 വരെ കൊല്ലം കൊട്ടിയത്ത് നടക്കും. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് ക്യാമ്പസിലാണ് കലോത്സവം. കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 64 പോളിടെക്‌നിക്കുകളില്‍ നിന്ന് മൂവായിരത്തില്‍ പരം പ്രതിഭകള്‍ മാറ്റുരയ്ക്കും. ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഡി വിനയചന്ദ്രന്‍, പത്മശ്രീ തിലകന്‍, കാക്കനാടന്‍, ദേവരാജന്‍ മാസ്റ്റര്‍, എം എഫ് ഹുസൈന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങിയവരുടെ പേരിലുള്ള നഗറുകളിലാണ് കലാമത്സരങ്ങള്‍ നടക്കുക. 13ന് രാവിലെ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. മോഹിനിയാട്ടത്തോടെയാണ് നാല് ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാമത്സരങ്ങള്‍ക്ക് തിരശീല ഉയരുക. 14ന് രാവിലെ ഒമ്പതിന് ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിര, മൂകാഭിനയം, നാടകം, ലളിതഗാനം തുടങ്ങിയവയും 15ന് രാവിലെ ഒമ്പത് മുതല്‍ ഒപ്പന, നാടോടി നൃത്തം, വിവിധ നൃത്തയിനങ്ങള്‍, പരിചമുട്ട്, മാര്‍ഗംകളി, ദഫ്മുട്ട് തുടങ്ങിയ ഇനങ്ങളും നടക്കും. സമാപന ദിവസമായ 16ന് രാവിലെ ഒമ്പതിന് മിമിക്രി, മോണോആക്ട് എന്നിവയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. ഈ വര്‍ഷത്തെ കലോത്സവം ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെയാണ്‌നടക്കുന്നത്. ലോഗോ പ്രകാശനം എഴുകോണ്‍ പോളിടെക്‌നിക്കില്‍ ഐഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. കലോത്സവ പന്തലിന്റെ കാല്‍നാട്ടല്‍ ഇന്ന് എസ് എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി ജയദേവന്‍ നിര്‍വഹിക്കും.