ശുക്കൂര്‍ വധം: ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ഒന്നും രണ്ടും പ്രതികള്‍- പിണറായി

Posted on: March 7, 2013 12:12 am | Last updated: March 7, 2013 at 12:12 am
SHARE

കണ്ണൂര്‍: ശുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കള്‍ക്കെതിരായ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച നീതി സാക്ഷ്യം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ ശുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ പ്രതിയാക്കാനായിരുന്നില്ല മുഖ്യമന്ത്രിയുടെ നീക്കമെന്ന് പിണറായി പറഞ്ഞു. മറ്റൊരു കേസില്‍ കുടുക്കാമെന്നായിരുന്നു ഉദ്ദേശിച്ചത്. ഇതിനായി വലിയ പോലീസ് സന്നാഹം തന്നെ ഏര്‍പ്പെടുത്തി. നിരവധി പേര്‍ക്ക് ഭീകരമായി മര്‍ദനമേറ്റു. അവരില്‍ നിന്നൊന്നും ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്ന തരത്തില്‍ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നത്.
യു ഡി എഫ് ഭരണത്തിലേറിയതു മുതല്‍ സി പി എം നേതാക്കള്‍ക്കെതിരെ വലിയ തോതിലുള്ള ഗൂഢാലോചന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നെറികേട് കാണിക്കുന്നതിന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടിയെന്നും പിണറായി ആരോപിച്ചു. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു.