സെറികള്‍ചര്‍ പദ്ധതിയുമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

Posted on: March 3, 2013 12:59 pm | Last updated: March 3, 2013 at 12:59 pm
SHARE

കോഴിക്കോട്: ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെറികള്‍ചര്‍ പദ്ധതിക്ക് തുടക്കമിടുന്നു. കര്‍ഷകരില്‍ മള്‍ബറി കൃഷിയും പട്ടുനൂല്‍ പുഴുക്കളെ വളര്‍ത്തലും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 150 ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി ഈ പദ്ധതിക്കായി ചെലവഴിക്കുന്നു.
ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിനും ഒരു ഹെക്ടറിനും ഇടയില്‍ കൃഷിഭൂമിയുള്ള കര്‍ഷകരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജലസേചനത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 75 ശതമാനം ധനസഹായം നല്‍കും തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലന കഌസുകളും നല്‍കും.
മള്‍ബറി ചെടി നടാന്‍ 75 ശതമാനമോ പരമാവധി 30,000 രൂപയോ, പട്ടുനൂല്‍ പുഴു വളര്‍ത്തുന്നതിനാവശ്യമായ ഷെഡ് നിര്‍മാണത്തിന് 50 ശതമാനമോ പരമാവധി 75,000 രൂപയോ ജലസേചനത്തിനായി 22,500 രൂപയും ധനസഹായം ലഭിക്കും.
സെറികള്‍ചര്‍ പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 31ന് മുമ്പ് അപേക്ഷ ബന്ധപ്പെട്ട പഞ്ചായത്തിലോ ബ്ലോക്ക് ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുമായോ ബന്ധപ്പെടണം.