ജയിച്ചിട്ടും റെയില്‍വേസ് പുറത്ത്; കര്‍ണാടകയെ അട്ടിമറിച്ച് പഞ്ചാബ്

Posted on: February 28, 2013 5:18 pm | Last updated: March 10, 2013 at 11:26 am

കൊച്ചി/കൊല്ലം:ഇന്നലെ നടന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ലീഗ് മത്സരത്തില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ് സെമിയിലെത്തി. അതേ സമയം അവസാന പോരാട്ടത്തില്‍ മധ്യപ്രദേശിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയിട്ടും സെമിയില്‍ കടക്കാതെ പുറത്താകാനായിരുന്നു റെയില്‍വേസിന്റെ വിധി. ഈ ഗ്രൂപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് മികച്ച ഗോള്‍ ശരാശരിയില്‍ സെമിയിലേക്ക് മുന്നേറി.

ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയിട്ടും റെയില്‍വേസ് സെമി കാണാതെ പുറത്തായി. വിരസമായ മത്സരത്തില്‍ റെയില്‍വേസിനായിരുന്നു മുന്‍തൂക്കം. ആദ്യ 15 മിനുട്ടിനുള്ളില്‍ നിരവധി തവണ റെയില്‍വേ താരങ്ങള്‍ മധ്യപ്രദേശ് ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ലക്ഷ്യബോധമില്ലാത്ത സ്‌ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ തുലച്ചു കളയുന്നതില്‍ മത്സരിക്കുന്നതാണ് കണ്ടത്. ലക്ഷ്യം കാണാത്ത തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 17-ാം മിനുട്ടില്‍ റെയില്‍വേസ് മുന്നിലെത്തി. പന്തുമായി മുന്നേറിയ പി സി റിജു ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന സിബ്ര നര്‍സാരിയെ ലക്ഷ്യമാക്കി മികച്ചൊരു ക്രോസ് നല്‍കി. ക്രോസ് പിടിച്ചെടുത്ത നര്‍സാരി മധ്യപ്രദേശ് ഗോളി ഈശ്വര്‍ പ്രസാദിനെ കീഴ്‌പ്പെടുത്തി മികച്ച ഷോട്ടിലുടെ വലകുലുക്കി. തുടര്‍ന്നും വിരസമായ കളിയില്‍ റെയില്‍വേ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സിബ്ര നര്‍സാരിയും സിറാജുദ്ദീനും ഉള്‍പ്പെട്ട താരനിര അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇതിനിടെ മധ്യപ്രദേശ് താരങ്ങള്‍ അപൂര്‍വ്വം അവസരങ്ങളില്‍ റെയില്‍വേസിന്റെ ബോക്‌സിലേക്ക് പന്തുമായി പ്രവേശിച്ചെങ്കിലും പ്രതിരോധ നിരയെയും ഗോളി സതീഷ്‌കുമാറിനെയും കീഴ്‌പ്പെടുത്താനുള്ള കരുത്തുണ്ടായിരുന്നില്ല. രണ്ടാം പകുതി ആരംഭിച്ച് നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും റെയില്‍വേസ് ലീഡ് ഉയര്‍ത്തി. ഇടത് വിംഗില്‍ നിന്ന് ബോക്‌സിലേക്ക് നീട്ടിക്കിട്ടിയ പന്ത് എസ് കെ മുസ്താകിം മികച്ചൊരു ഷോട്ടിലൂടെ ഗോളാക്കി.
59ാം മിനുട്ടില്‍ റെയില്‍വേസ് മൂന്നാം ഗോള്‍ നേടി. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്ത് മലയാളി താരം പി സി റിജു വലയിലെത്തിച്ചു (3-0). തൊട്ടുപിന്നാലെ മറ്റൊരു നല്ല അവസരവും റെയില്‍വേ മൂന്നേറ്റനിര ഒഴിവാക്കി. ഇടക്കിടെ മധ്യപ്രദേശ് താരങ്ങള്‍ റെയില്‍വേസിന്റെ ബോക്‌സിലേക്ക് എത്തിനോക്കിയെങ്കിലും മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ചു നിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 70ാം മിനുട്ടില്‍ റെയില്‍വേ നാലാം ഗോള്‍ നേടി. ബോക്‌സിനുള്ളിലേക്ക് നീട്ടിക്കിട്ടിയ പന്ത് അമരീന്ദര്‍ സിംഗ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ മറ്റൊരു ശ്രമം ക്രോസ് ബാറില്‍ത്തട്ടിതെറിച്ചു. 75ാം മിനുട്ടില്‍ വലതുമൂലയില്‍ നിന്ന് കപില്‍കുമാര്‍ ധമാരിയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. അവസാന മിനുട്ടുകളില്‍ റെയില്‍വേക്ക് അനുകൂലമായി മൂന്ന് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. ഇഞ്ച്വറി സമയത്ത് റെയില്‍വേസ് തങ്ങളുടെ അഞ്ചാം ഗോളും സ്വന്തമാക്കി. ബല്‍രാജ് സിംഗാണ് ഈ ഗോളിന് അവകാശിയായത്.
ക്വാര്‍ട്ടറിലെ എല്ലാ മത്സരങ്ങളിലും ജയിച്ച പഞ്ചാബിന് ഒമ്പത് പോയിന്റുകള്‍ നേടിയാണ് പഞ്ചാബിന്റെ കുതിപ്പ്. മത്സരത്തിലുടനീളം പഞ്ചാബ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ അവര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.
11 ാം മിനുട്ടിലും 15ാം മിനുട്ടിലും പഞ്ചാബിനുവേണ്ടി പ്രേംകുമാറായിരുന്നു ഗോള്‍ നേടിയത്.കര്‍ണാടകയുടെ മുന്നേറ്റ നിരയിലെ എസ് രാജേഷിനെയും വി സ്റ്റീഫനെയും മാര്‍ക്ക് ചെയ്തുകൊണ്ടാണ് പഞ്ചാബ് കളിക്കാര്‍ പ്രതിരോധമൊരുക്കിയത്. പഞ്ചാബിന്റെ ഈ തന്ത്രത്തില്‍ കര്‍ണാടകയുടെ മുന്നേറ്റങ്ങളെല്ലം ലക്ഷ്യം കാണാതെ പോകുകയായിരുന്നു. രണ്ടാം പകുതിയിലും കളിയില്‍ സമ്പൂര്‍ണ ആധിപത്യം പഞ്ചാബിനായിരുന്നു. അവസാന പത്ത് മിനിട്ടുകളില്‍ കര്‍ണാടക ഒറ്റപ്പെട്ട നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം നിഷ്ഫലമാകുകയായിരുന്നു. പഞ്ചാബിന്റെ പ്രേം കുമാറാണ് മാന്‍ ഓഫ് ദ മാച്ച്.