Connect with us

Kozhikode

വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

കോഴിക്കോട്: തൊഴില്‍പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് വര്‍ത്തമാനം ദിനപത്രം ഓഫീസിലേക്ക് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി ഉദ്ഘാടനം ചെയ്തു. കെ എന്‍ ഇ എഫ് ജില്ലാ പ്രസിഡന്റ് വി സോമന്‍ അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന സെക്രട്ടറി ശരീഫ് പാലോളി, ജില്ലാ പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍, സെക്രട്ടറി വിനോദ് ചന്ദ്രന്‍, കെ പ്രേംനാഥ്, എന്‍ രാജേഷ്, പി പി ബാബുരാജ് പ്രസംഗിച്ചു.
മാര്‍ച്ച് നടത്തിയവര്‍ക്കു നേരെ വര്‍ത്തമാനം പത്രത്തിന്റെ ആളുകള്‍ ആക്രമണം നടത്തിയതായി കെ യു ഡബ്ല്യു ജെ, കെ എന്‍ ഇ എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പരുക്കേറ്റ വര്‍ത്തമാനം സബ് എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി റഫീഖ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജി മാത്യു, റസാഖ് പെരിങ്ങോട്, ഫഹദ്, എം നസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രപ്രവര്‍ത്തകരെയും പത്ര ജീവനക്കാരെയും ആക്രമിച്ചതില്‍ കെ യു ഡബ്ല്യു ജെ, കെ എന്‍ ഇ എഫ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു.
അതേസമയം, വര്‍ത്തമാനം ദിനപത്രത്തിലെ ജീവനക്കാരെ ഒരു വിഭാഗം സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് വര്‍ത്തമാനം മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരെ മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയ എതാനും പത്രപ്രവര്‍ത്തകര്‍ക്കെതിരെ മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കി.

Latest