ഇഷ്‌റത്ത് ജഹാന്‍ കേസ്; ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി പിടിയില്‍

Posted on: February 24, 2013 7:28 pm | Last updated: February 25, 2013 at 9:41 am

IshratJahanstory295

അഹമ്മദാബാദ്: ഇശ്‌റത് ജഹാനേയും മറ്റ് മൂന്ന് പേരേയും വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന കേസില്‍ ഗുജറാത്ത് പോലീസിലെ ഒരു ഓഫീസറെ കൂടി ശനിയാഴ്ച രാത്രി സി ബി ഐ അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ് ഒ ജി) ഇന്‍സ്‌പെക്ടര്‍ ഭരത് പട്ടേല്‍ ആണ് അറസ്റ്റിലായത്. ഇതേ കേസില്‍ ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി വൈ എസ് പി തരുണ്‍ ബറോട്ടിനൊപ്പം ഭരത് പട്ടേലിനേയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരേയും 24 മണിക്കൂര്‍ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. 2004ല്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചില്‍ സബ്ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പട്ടേലിനെ ചോദ്യം ചെയ്യാന്‍ ഗാന്ധിനഗര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയതായിരുന്നു.
ഇവരെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എ യു ജുജാരു 24 മണിക്കൂര്‍ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. സി ബി ഐ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ജി കലൈമണി 14 ദിവസത്തെ കസ്റ്റഡിക്കാണ് അപേക്ഷിച്ചിരുന്നത്. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയെന്നും വധത്തിലേക്ക് നയിച്ച കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും സി ബി ഐ അഭിഭാഷകന്‍ അഭിഷേക് അറോറ പറഞ്ഞു.