Connect with us

Ongoing News

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല: ഹജ്ജ് ഉംറ അസോസിയേഷന്‍

Published

|

Last Updated

മലപ്പുറം: സഊദി ഹജ്ജ് മന്ത്രാലയം 47 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ അസോസിയേഷന്‍ ഭാരവാഹികള്‍. ഹജ്ജ് വിസക്കുള്ള ബാര്‍കോഡുകള്‍ ലഭിക്കുന്നതിന് ഹജ്ജ് കാലത്ത് താമസിക്കാന്‍ കെട്ടിട ഉടമകളുമായി കരാറുണ്ടാക്കുകയും ദുല്‍ഖഅ്ദ് മാസം 25 വരെ തീര്‍ഥാടകരെ ഹറമിനടുത്ത ഹോട്ടലുകളില്‍ താമസിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, പ്രസ്തുത കെട്ടിടത്തിനും എഗ്രിമെന്റ് വേണമെന്ന് സഊദി മന്ത്രാലയം നിര്‍ദേശിച്ചതിനാല്‍ എല്ലാ ഗ്രൂപ്പുകാരും എഗ്രിമെന്റ് ഉണ്ടാക്കി മുത്വവ്വിഫിലും ഇന്ത്യന്‍ ഹജ്ജ് മിഷനിലും സമര്‍പ്പിച്ചിരുന്നു. ചില മുത്വവ്വിഫുമാര്‍ സഊദി ഹജ്ജ് മന്ത്രാലയത്തില്‍ എഗ്രിമെന്റ് സമര്‍പ്പിക്കാത്തതാണ് വിശദീകരണം തേടിയുള്ള നോട്ടീസിന് കാരണമായത്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹജ്ജിനും ഉംറക്കും സേവന നികുതി ചുമത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഇത് തീര്‍ഥാടകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ പി കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി കെ ഹുസൈന്‍ ഹാജി, വി എ ചേക്കുട്ടി ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest