മികച്ച സേവനം ത്രിതല പഞ്ചായത്തുകള്‍ വെല്ലുവിളിയായി ഏറ്റെടുക്കണം: ഉമ്മന്‍ ചാണ്ടി

Posted on: February 24, 2013 8:44 am | Last updated: February 24, 2013 at 8:44 am

കോട്ടയം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് ഭവനില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ദൈനംദിന ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ത്രിതല പഞ്ചായത്തുകളെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും വേഗത്തില്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഭവന്‍ അങ്കണത്തില്‍ സ്ഥാപിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനപുരോഗതി വ്യക്തമാക്കുന്ന ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ അനാച്ഛാദനവും നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളിലും പഞ്ചായത്തുകളിലും പൊതുശുചിത്വ സമുച്ഛയം നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതിയുടെ വിതരണവും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.