വരള്‍ച്ച : ജില്ലക്ക് ഈ വര്‍ഷം 60 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് കൃഷിവകുപ്പ്‌

Posted on: February 24, 2013 8:34 am | Last updated: February 24, 2013 at 8:34 am

പാലക്കാട്: ഈ വര്‍ഷത്തെ വരള്‍ച്ചയില്‍ ജില്ലക്ക് 68,23,61,200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കൃഷിവകുപ്പ്. ജില്ലയില്‍ 8,769.2 ഹെക്ടറിലായി 68 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കൃഷിവകുപ്പുദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചത്. നെല്‍കൃഷി മേഖലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുള്ളതായി കണക്കാക്കുന്നത്. 7,856 ഹെക്ടറിലായി 31,42,40,000 രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 561 ഹെക്ടറിലെ വാഴകൃഷിയാണ് കരിഞ്ഞുണങ്ങുന്നത്. 30,83,30,000 രൂപയുടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പച്ചക്കറി കൃഷിയില്‍ 201 ഹെക്ടറില്‍ നാശമുണ്ടാകാനാണ് സാധ്യത. 50,25,000 രൂപയുടെ നഷ്ടമുണ്ടായേക്കും. നാളികേരത്തില്‍ നാശമുണ്ടാകുക 34 ഹെക്ടറിലാണ്. 41,65,000 രൂപയുടെ നഷ്ടമുണ്ടാകും. 12 ഹെക്ടറിലെ അടക്കയും നശിക്കുമെന്ന് കൃഷിവകുപ്പ് കണക്കാക്കുന്നു. നഷ്ടം 98,71,000 രൂപ. 51.2 ഹെക്ടറിലാണ് കുരുമുളകുകൃഷി നശിക്കുക. 2,04,80,000 രൂപയുടെ കൃഷിനാശമുണ്ടാകും. 54 ഹെക്ടറില്‍ റബര്‍കൃഷി നശിക്കുമ്പോള്‍ മൊത്തം നാശമായി കണക്കാക്കിയിരിക്കുന്നത് 2,02,50,000 രൂപയുടേതാണ്. ഇക്കഴിഞ്ഞ മൂന്നു സീസണുകളിലായി മഴക്കെടുതിയിലുണ്ടായ കൃഷിനാശത്തിന് 1,35,13,387 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 8,98,6613 രൂപ വിതരണാനുമതി കാത്തു കിടക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ ദുരിതാശ്വാസനിധിയില്‍ 2.25 കോടി രൂപ കൃഷിനാശത്തിന് അനുവദിച്ചിട്ടുണ്ടെന്നും വകുപ്പ് പ്രതിനിധികള്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ അറിയിച്ചു.