സൂര്യനെല്ലി: പുനരന്വേഷണ ആവശ്യം മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

Posted on: February 24, 2013 7:48 am | Last updated: February 24, 2013 at 5:02 pm

തിരുവനന്തപുരം: സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. പി ജെ കുര്യന്‍ എം പിക്കെതിരെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തണമെന്നും കേസന്വേഷണത്തില്‍ സിബി മാത്യൂസിന്റെ പങ്ക് നിര്‍ണയിക്കുന്നതിന് വകുപ്പുതല അന്വേഷണം നടത്തണമെന്നും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കെ കെ ജോഷ്വക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി ഓണററി സെക്രട്ടറിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷമുള്ള കാര്യം അന്വേഷിക്കാന്‍ കമ്മീഷന് അധികാരമില്ലാത്തതിനാല്‍ കമ്മീഷന്‍ മുമ്പാകെ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ടാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവ്.
ഒരു കേസില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത ശേഷം പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ല. വിശ്വാസയോഗ്യമായ പുതിയ കാര്യങ്ങള്‍ ലഭിക്കുന്ന പക്ഷം അന്വേഷണം നടത്തിയ ഏജന്‍സിക്ക് കൂടുതല്‍ അന്വേഷണം നടത്താം. അതിന് അഭ്യര്‍ഥിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അത് പോലീസിന്റെ മാത്രം അധികാര പരിധിയിലുള്ളതും കൂടുതല്‍ അന്വേഷണത്തിനു മുമ്പ് കോടതിയുടെ അനുവാദം വാങ്ങണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതുമാണ്. ഏത് സാഹചര്യത്തിലും പുനരന്വേഷണത്തിനോ കൂടുതല്‍ അന്വേഷണത്തിനോ നിര്‍ദേശിക്കാന്‍ കമ്മീഷന് അധികാരമില്ല. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കോടതികള്‍ പരിഗണിച്ചതോ പരിഗണനയിലിരിക്കുന്നതോ ആയ വിഷയം കമ്മീഷന് പരിഗണിക്കാനാകില്ല. കോടതികള്‍ക്കു മേല്‍ കമ്മീഷന് സൂപ്പര്‍വൈസറി അധികാരങ്ങളില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.