Connect with us

International

ഇന്ത്യാ- യു എസ് ബന്ധത്തില്‍ മാറ്റമില്ല: ജോണ്‍ കെറി

Published

|

Last Updated

ap_john_kerry_jef_121221_wgവാഷിംഗ്ടണ്‍: പുതിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി ചര്‍ച്ച നടത്തി. ഇന്ത്യാ- യു എസ് ബന്ധത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ജോണ്‍ കെറി ഊന്നിപ്പറഞ്ഞു.
അടുത്ത് നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിരോധ മേഖലയിലെ ചര്‍ച്ചകള്‍ മാത്രമല്ല നടത്തുകയെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി തനിച്ച് ചര്‍ച്ച നടത്തുമെന്നും കെറി അറിയിച്ചു. അതേസമയം, ഖുര്‍ഷിദിന്റെ അമേരിക്കന്‍ സന്ദര്‍ശനം നേരത്തെയാക്കാനുള്ള ശ്രമത്തിലാണ് ഇരു രാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥര്‍. കെറി രാജ്യത്തെത്തി ജൂണ്‍ 17ന് പ്രതിരോധ ചര്‍ച്ച നടത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. എന്നാല്‍ തീയതികള്‍ ഉറപ്പാക്കിയിട്ടില്ല.
രഞ്ജന്‍ മത്തായിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോണ്‍ കെറി ട്വിറ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തി. “വിദേശകാര്യ സെക്രട്ടറി മത്തായിയെ കണ്ട് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ അനിവാര്യത ചര്‍ച്ച ചെയ്തു. ഹൈദരാബാദിലെയും ജമ്മു കാശ്മീരിലെയും ജനങ്ങളോട് അനുകമ്പ പ്രകടിപ്പിക്കുന്നു. 16 പേര്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്‌ഫോടനങ്ങളെ അപലപിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ രഞ്ജന്‍ മത്തായിയോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്തു”.
ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പ് വരുത്തുന്നതായിരുന്നു കെറിയുടെ നിലപാടെന്ന് ഉദ്യോഗസ്ഥവൃത്തങ്ങള്‍ അറിയിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കെറി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറിയെന്ന നിലക്ക് ഇന്ത്യയുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് കെറി ഉറപ്പിച്ചു പറയുന്നു. ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധനാണ്.
ഊര്‍ജം, വിദ്യാഭ്യാസം എന്നീ മേഖലയിലുള്ള സഹകരണം ഊന്നിപ്പറയുന്നതായിരുന്നു രഞ്ജന്‍ മത്തായിയുടെ നിലപാട്. ഇന്ത്യ- യു എസ് ബന്ധങ്ങളിലെ അടുത്ത വലിയ മേഖല ഇതായിരിക്കണമെന്നാണ് ഇന്ത്യയുടെ താത്പര്യം. നിരവധി സെക്രട്ടറിമാരുമായി രഞ്ജന്‍ മത്തായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഊര്‍ജ, സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി വകുപ്പുകളുടെ അണ്ടര്‍ സെക്രട്ടറി ഹോര്‍മത്‌സ് അദ്ദേഹത്തിന് ഉച്ചവിരുന്ന് നല്‍കി. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കെറിയുമായുള്ള കൂടിക്കാഴ്ചക്ക് ഉടനെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ആര്‍ ഷേര്‍മാനുമായി ദീര്‍ഘ ചര്‍ച്ച നടത്തി. നയതന്ത്ര, മേഖലാ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടാം ഒബാമ ഭരണകൂടത്തിന്റെ നയനിലപാടുകള്‍ വ്യക്തമാക്കുന്ന ഈ ചര്‍ച്ച “വളരെ വളരെ പ്രാധാന്യമുള്ളത്” എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്.
രഞ്ജന്‍ മത്തായിയുടെ കൂടിക്കാഴ്ചകളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഔദ്യോഗിക വൃത്തങ്ങള്‍ സുതാര്യവും ഉപകാരപ്രദവുമായ നിലപാടുകളുടെ കൈമാറ്റമെന്ന് വിശേഷിപ്പിച്ചു. ഷേര്‍മാന്‍- മത്തായി കൂടിക്കാഴ്ച ഊഷ്മളവും പ്രയോജനപരവുമായിരുന്നുവെന്ന് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സ്‌ഫോടനത്തെ ഷേര്‍മാന്‍ അപലപിച്ചു. ഭീകരവിരുദ്ധ സഹകരണത്തില്‍ ഇന്ത്യക്കുള്ള അമേരിക്കയുടെ മുന്‍ഗണന അദ്ദേഹം എടുത്തുപറഞ്ഞു. ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, സിവില്‍ ആണവ വിഷയങ്ങള്‍, വിദ്യാഭ്യാസം, മേഖലയിലെ പരിവര്‍ത്തനങ്ങള്‍, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സഹകരണം തുടങ്ങിയ ഒരുപാട് വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഈ വര്‍ഷം നടക്കുന്ന യു എസ്- ഇന്ത്യാ പ്രതിരോധ ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും വക്താവ് അറിയിച്ചു.

Latest