Connect with us

International

മാലിയില്‍ പുകയൊടുങ്ങുന്നില്ല

Published

|

Last Updated

കിദല്‍ (മാലി): പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലി വീണ്ടും അശാന്തമാകുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ അക്രമം അഴിച്ചുവിട്ട അന്‍സാറുദ്ദീന്‍ തീവ്രവാദികളെ ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെ അടിച്ചമര്‍ത്തിയ ശേഷം മേഖലയില്‍ വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ സജീവമാകുകയാണ്. കിദല്‍ നഗരത്തില്‍ ഇന്നലെ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു.
കഴിഞ്ഞ ആഴ്ച ഇതേ മേഖലയില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. ഫ്രഞ്ച് സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സാമ്രാജ്യത്വ സൈന്യത്തിന് തുടരാന്‍ അവസരം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.
വിമത സായുധ ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള ഗാവോയില്‍ മേയറുടെ ഓഫീസ് തീവ്രവാദികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്രഞ്ച് -മാലി സംയുക്ത സേന കെട്ടിടത്തിന് നേരെ രൂക്ഷമായ ആക്രമണം നടത്തി തീവ്രവാദികളെ തുരത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. ഗാവോ പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ ലി ഡ്രൈന്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗിക വൃത്തങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും മേഖലയില്‍ വിമതവിഭാഗം ശക്തി സംഭരിക്കുന്നുവെന്ന പൊതു വികാരമാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഒളിയാക്രമണങ്ങളാണ് സംയുക്ത സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നത്.
അതിനിടെ, അടുത്ത മാസത്തോടെ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ആകെ 4000 ഫ്രഞ്ച് സൈനികരാണ് മാലിയിലുള്ളത്. പിന്‍മാറ്റത്തിന് നേരത്തേ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലാണ് തങ്ങളുടെ സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവകാശപ്പെടുന്നു.