കെ എല്‍ പൗലോസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Posted on: February 19, 2013 1:28 pm | Last updated: February 19, 2013 at 1:28 pm

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വെച്ചതായി ഡി സി സി പ്രസിഡന്റ് കൂടിയായ കെ എല്‍ പൗലോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രണ്ടേകാല്‍ വര്‍ഷക്കാലം കൊണ്ട് വയനാടിനു വേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടി തീരുമാനിക്കുമെന്നും അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വന്യജീവികളുടെ ശല്ല്യത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഉദ്യേശത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1.5 കോടി രൂപ വകയിരുത്തി പദ്ധതി നടപ്പിലാക്കി വരുന്നു. സമഗ്ര വനിതാ വികസന പരിപാടിക്കായി ആറു ലക്ഷം രുപ വകയിരുത്തി. എന്‍ ആര്‍ എച്ച് എം, ആര്‍എസ് ബി വൈ, എച്ച് എം സി എന്നീ ഫണ്ടുപയോഗിച്ച് ജനറേറ്ററും മോട്ടറും സ്ഥാപിച്ച് ജില്ലാ ആശുപത്രിയില്‍ കുടിവെള്ളമെത്തിക്കുന്നതിനായി എട്ട് ലക്ഷം രുപയുടെ പദ്ധതി രൂപവത്കരിച്ചു. ജില്ലാ ആശുപത്രിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ച ഒന്നര കോടിയുടെ പദ്ധിതയുടെ 50 ശതമാനം വിഹിതം ജില്ലാ പഞ്ചായത്ത് അനുവദിച്ചു.
ജില്ലാ ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 68 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ ആശുപത്രി സി ടി സ്‌കാന്‍ യൂണിറ്റ് നിര്‍മ്മിക്കാന്‍ എം ഐ ഷാനവാസ് എം പി 130 ലക്ഷം രൂപ അനുവദിക്കുകയും കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുകയും ചെയ്തു. ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയാക്കി. ജില്ലാ ആശുപത്രിയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ 55 ലക്ഷം രൂപ വകയിരുത്തി സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടുകൂടി ലോ ടെന്‍ഷന്‍ വൈദ്യുതി ഹൈടെന്‍ഷനാക്കി മാറ്റി. ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് ജനനി സുരക്ഷാ പദ്ധതി പ്രകാരം 55ലക്ഷം രൂപ വകയിരുത്തി.
നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് പാലങ്ങളുടെ പ്രാരംഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ വകയിരുത്തി ഫംഗ്ഷണല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡിസൈന്‍, ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ജില്ലയിലെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് അറിവിടം പദ്ധതി തയ്യാറാക്കി നടപ്പിലാക്കി. ഇതിന്റെ ഭാഗമാായി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, ഫര്‍ണിച്ചര്‍, അറ്റകുറ്റ പണികള്‍, ചുറ്റുമതില്‍ നിര്‍മ്മാണം, സ്‌കൂളുകളില്‍ പോഷകാഹാരത്തോട്ടം, ലൈബ്രറി പുസ്തക വിതരണം എന്നിവ നടത്തി.
75 ലക്ഷം രൂപ അനുവദിച്ച് ജില്ലയില്‍ അഞ്ച് വില്ലേജ് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലക്കുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.