വാഗ്ദാനങ്ങള്‍ നടപ്പായില്ല തിരൂര്‍ പുഴയില്‍ നിറയെ മാലിന്യം തന്നെ

Posted on: February 19, 2013 9:24 am | Last updated: February 19, 2013 at 9:24 am

തിരൂര്‍- പൊന്നാനി പുഴയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായതോടെ പുഴയില്‍ വീണ്ടും മാലിന്യം നിറയാന്‍ തുടങ്ങി.
മാസങ്ങള്‍ക്ക് മുമ്പ് പുഴയുടെ ദുര്‍ഗന്ധം അസഹനീയമാകുകയും പൊതുസമൂഹം ഇടപെടുകയും ചെയ്തപ്പോള്‍ അധികൃതര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പുഴയെ എല്ലാവരും മറന്നപ്പോള്‍ വീണ്ടും അത് പഴയപോലെ കറുത്തിരുളാന്‍ തുടങ്ങിയിരിക്കുന്നു. കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊന്തുകയും വെള്ളം ദുര്‍ഗന്ധപൂരിതമാകുകയും ചെയ്തപ്പോഴാണ് പോലീസും നഗരസഭയും വ്യാപാരി സമൂഹവുമെല്ലാം അന്ന് ഒത്തൊരുമിച്ച് രംഗത്തിറങ്ങിയത്. തുടര്‍ന്ന് സമരങ്ങളും പ്രകടനങ്ങളും തിരൂരിന്റെ തെരുവോരങ്ങളില്‍ നിത്യവും കണ്ടുതുടങ്ങി.
പോലീസ് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ തോണി യാത്ര നടത്തുകയും നിരവധിപേര്‍ കുടുങ്ങുകയും ചെയ്തു. നിയമസഭയിലും കോടതിയിലും വരെ തിരൂര്‍ പുഴയുടെ ദുര്‍ഗതിയുടെ വിവരമെത്തി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ പ്രധാന ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്നും പുഴയെ ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും നഗരസഭയും എം എല്‍ എയുമെല്ലാം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല. മാത്രമല്ല, പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യം കാരണം ഇപ്പോള്‍ വീണ്ടും വെള്ളം കലങ്ങിത്തുടങ്ങിയിട്ടുണ്ട്.
പരിശോധനകള്‍ നിലച്ചതോടെ പുഴയിലേക്ക് മാലിന്യജലം ഒഴുക്കുന്ന പതിവ് വീണ്ടും ആരംഭിച്ചതാണ് വെള്ളം വീണ്ടും മലിനമാകാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. താഴെപ്പാലം ഭാഗത്ത് ഇന്നലെ വെള്ളത്തിന് നിറവ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുഴ വീണ്ടും പൂര്‍ണമായി മലിനമാകുമെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.