Connect with us

Kannur

പോലീസിന് വീഴ്ച പറ്റി'-അന്വേഷണം സി ബി ഐക്ക് വിടണമെന്ന് മാതാവ്‌

Published

|

Last Updated

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.
പി ജയരാജനും ടി വി രാജേഷ് എം എല്‍ എക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇത് വ്യക്തമാണെന്നിരിക്കെ പ്രതികള്‍ നാട്ടില്‍ സസുഖം വാഴുകയാണ്. എഫ് ഐ ആറില്‍ രേഖപ്പെടുത്തിയതില്‍ പോലും അപാകമുണ്ട്. ഷുക്കൂറിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സി ബി ഐ പോലൊരു വിശ്വസ്ത ഏജന്‍സിക്കേ കഴിയൂ. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി ഐ അന്വേഷണം നടത്താതിരുന്നാല്‍ സാക്ഷികള്‍ പോലും കൊല്ലപ്പെടാന്‍ ഇടയുണ്ട്. നീതിപൂര്‍വകമായ അന്വേഷണം നടത്തി മകനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേസിലെ സാക്ഷികള്‍ കൂറുമാറിയതല്ലെന്നും അവരെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പ്‌വെപ്പിച്ചതാണെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു.