Connect with us

Articles

ഭൂസമരം: ളാഹ ഗോപാലനും ജാനുവും പാര്‍ട്ടി നേതൃത്വത്തില്‍ വരട്ടെ

Published

|

Last Updated

laha 2

ളാഹ ഗോപാലന്‍

കേരളത്തിലെ ഏറ്റവും വലിയ കക്ഷിയും ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയുമായ സി പി എമ്മിന്റെ നേതൃത്വത്തില്‍ വലിയ സന്നാഹങ്ങളോടെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ ഭൂസമരം ആരംഭിച്ചത്. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിലവിലുള്ള മിച്ചഭൂമികളില്‍ കയറി കൊടി നാട്ടിയും കുടില്‍ കെട്ടിയുമാണവര്‍ സമരം നടത്തിയത്. ഒപ്പം ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനും ഭൂസംരക്ഷണ (നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം)ത്തില്‍ വെള്ളം ചേര്‍ക്കാനുമുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ ശ്രമങ്ങളെ ശക്തമായി ചെറുക്കുന്നതും സമരത്തിന്റെ പരിപാടിയായി. ഭൂമിയും അതുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളും ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്‌നമായി മാറിയ ഒരു കാലത്ത് ഒരു ഇടതുപക്ഷ കക്ഷി ഇത്തരം സമരങ്ങള്‍ നടത്തേണ്ടത് തന്നെയാണ്. വിശേഷിച്ചും ലോകത്തിന് തന്നെ ഒരു മാതൃകയാകും വധത്തില്‍ കേരളത്തില്‍ ഭൂപരിഷ്‌കരണം നടത്തിയത് തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തുന്ന കക്ഷിയെന്ന നിലയില്‍ ഇതവരുടെ ധാര്‍മിക ബാധ്യതയുമാണല്ലോ.

ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ഇത്തരമൊരു സമരം നടത്തുമ്പോള്‍ അവര്‍ക്ക് നേരെയും ഉയര്‍ന്നുവരാവുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ടെന്നതില്‍ അത്ഭുതമില്ല. ഇത്രയും കാലം ഭരിച്ചപ്പോള്‍ ഈ കാര്യങ്ങളില്‍ അവര്‍ എടുത്ത നിലപാടുകളെന്തെല്ലാമായിരുന്നുവെന്നതാണ് ആദ്യത്തെ ചോദ്യം. ഇപ്പോള്‍ ഇവര്‍ “ചൂണ്ടിക്കാട്ടുന്ന” മിച്ചഭൂമികള്‍ ഇവരുടെ ഭരണകാലത്തും ഇവിടെ മിച്ചഭൂമി തന്നെയായിരുന്നില്ലേ? അന്ന് എന്തുകൊണ്ട് ഏറ്റെടുത്തില്ല എന്നതാണൊരു ചോദ്യം. ഇതില്‍പ്പെട്ട പലതും മിച്ചഭൂമി നിയമം ലംഘിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് “വികസന പദ്ധതി”കളുടെ പേരില്‍ നല്‍കാന്‍ ഇവരെടുത്ത നടപടികളെപ്പറ്റിയും ചോദ്യം ഉയരാം. എറണാകുളത്ത് കടമക്കുടിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ച ഭൂമി കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് പതിച്ചുനല്‍കിയതാണ്. ആറന്മുള വിമാനത്താവളത്തിലെ സമരവും പരിഹാസ്യമാകുന്നത് ഇതുകൊണ്ടാണ്. അവിടെ മിച്ചഭൂമി, പൊതുഭൂമി, ജനങ്ങളുടെ വീട് വെച്ചിരിക്കുന്ന ഭൂമി, നെല്‍പ്പാടം, തണ്ണീര്‍ത്തടം (കോഴിത്തോട്) മുതലായവയെല്ലാം ചേര്‍ത്ത് വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഇടതു സര്‍ക്കാറാണ്. തന്നെയുമല്ല, ആ പദ്ധതിക്കാവശ്യമായ അനുമതികളെല്ലാം നേടാന്‍ സഹായിക്കും വിധം “വ്യവസായ മേഖല”യായി പ്രദേശത്തെ പ്രഖ്യാപിച്ചത് ഇടതുപക്ഷ വ്യവസായ മന്ത്രിയാണ്. (പ്രഖ്യാപിച്ചത് ഇടതു വലതു സര്‍ക്കാറുകളുടെ വ്യവസായ മന്ത്രിമാര്‍ക്ക് പ്രിയങ്കരനായ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി ബാഷകൃഷ്ണനാണ്. അതില്‍ മേലൊപ്പ് വെച്ചിരിക്കുന്നത് മന്ത്രിയായിരുന്ന എളമരം കരീമും)

220px-CK_janu

സി കെ ജാനു

 

കോട്ടയം ജില്ലയില്‍ വേമ്പനാട്ടു കായലിലെ തുരുത്ത് “മെത്രാന്‍ കായല്‍” പ്രദേശം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. അവിടെയും ഇപ്പോള്‍ കൊടി നാട്ടുന്നു. ഈ പറയുന്ന നയം അനുസരിച്ച് പ്രവര്‍ത്തിച്ച ഒരു സര്‍ക്കാറായിരുന്നില്ല സി പി എമ്മിന്റെതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഏറെ കുപ്രസിദ്ധമായ കിനാലൂരില്‍ ജനങ്ങളെ കുടിയൊഴിപ്പിച്ച് പാടം നികത്തി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചവരാണ്. കൊച്ചിയില്‍ തന്നെ എച്ച് എം ടി കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലുണ്ടെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ 100 ഏക്കര്‍ മിച്ചഭൂമിയില്‍ നിന്ന് 70 ഏക്കര്‍ ബ്ലൂ സ്റ്റാര്‍ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ മുന്‍കൈ എടുത്തതും ഇതേ ഇടതു മന്ത്രിസഭ തന്നെയാണ്. നെല്‍പ്പാടവും തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടും നശിപ്പിച്ചും പുറമ്പോക്ക് കയ്യേറിയും നിരവധി കുടുംബങ്ങളെ (അതും ദളിതരെ) കുടിയൊഴിപ്പിച്ചും “വളന്തക്കാട്” എന്ന സ്ഥലത്ത് (കൊച്ചി നഗരപ്രാന്തത്തില്‍) ശോഭാ കമ്പനിക്ക് ഹൈട്ടെക് സിറ്റി നിര്‍മിക്കാന്‍ അനുമതി നല്‍കിയതും ഇടതു സര്‍ക്കാര്‍ തന്നെ.
ഭൂരഹിതര്‍ക്ക് ഭൂമിയില്ലെന്ന് മാത്രമല്ല, തുണ്ട് ഭൂമിയില്‍ ജീവിച്ചിരുന്ന നിരവധി കുടുംബങ്ങളെ വികസനത്തിന്റെ മറവില്‍ തെരുവിലിറക്കിയ സര്‍ക്കാറുമാണത്. 2008 ഫെബ്രുവരിയില്‍ കുടിയിറക്കിയ മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളില്‍ ഏതാണ്ട് മൂന്നൂറോളം കുടുംബങ്ങള്‍ ഇനിയും സ്വന്തം വീട്ടില്‍ താമസിച്ചിട്ടില്ല. നിരവധി കുടുംബങ്ങളെ കുടിയിറക്കുന്ന ദേശീയ പാതാ വികസനം, വാതക പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതും ഇടതു സര്‍ക്കാറാണ്. ഈ വിഷയങ്ങളില്‍ ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാറിന്റെ നയങ്ങളും വ്യത്യസ്തമല്ലെന്നതിനാല്‍ അതൊന്നും ഇവിടെ ചര്‍ച്ചാവിഷയമാകുന്നില്ല. ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അടിസ്ഥാന രീഷ്ട്രീയ സാമൂഹിക ഘടകങ്ങളെ സ്പര്‍ശിക്കാത്തവയാണെന്നര്‍ഥം.
ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൂസമരം നടത്തുമ്പോള്‍ ഉന്നയിക്കേണ്ട പ്രശ്‌നം എന്താണ്? ഭൂരഹിതര്‍ക്കെല്ലാം “ഒരു തുണ്ട് ഭൂമി” നല്‍കുക എന്നതാണോ അവര്‍ ഉയര്‍ത്തേണ്ട ആവശ്യം? തങ്ങളുടെ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടര ലക്ഷത്തോളം ഭൂരഹിത കുടുംബങ്ങള്‍ക്കെല്ലാം രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് സെന്റ് ഭൂമി വീതം കിടപ്പാടമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറയുന്നുണ്ട്. ഇത് നടപ്പിലാക്കിയാല്‍ സി പി എം നടത്തുന്ന ഭൂസമരം വിജയിക്കുമോ? എങ്കില്‍ പിന്നെ സമരം എന്തിനാണ്? ഭൂമി സമരം സംബന്ധിച്ച് വലതുപക്ഷക്കാരില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നിലപാട് ഇന്ന് ഇടതുപക്ഷത്തിനുണ്ടോ?
ഭൂമിക്ക് വേണ്ടി കഴിഞ്ഞ 40 കൊല്ലമായി സി പി എം അടക്കം ആരും ഗൗരവതരമായ ഒരു സമരവും നടത്തിയിട്ടില്ലെന്ന സത്യം ഇവര്‍ അംഗീകരിക്കുന്നുണ്ടോ? ഭൂപരിഷ്‌കരണം നടന്നപ്പോള്‍ തന്നെ ഉണ്ടായ ഒട്ടനവധി തകരാറുകള്‍ ഇന്ന് പുറത്തുവന്നിട്ടുണ്ട്. അവയെ സി പി എം എങ്ങനെ സമീപിക്കുന്നു? തോട്ടഭൂമിക്ക് പരിധി നിര്‍ബന്ധമാക്കാതിരുന്നത് മൂലം മാത്രം കേരളത്തില്‍ “മിച്ചഭൂമി” അല്ലാതായത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണല്ലോ. ഇവയുടെയെല്ലാം ഉടമസ്ഥാവകാശം വന്‍കിട കമ്പനികള്‍ക്കുമായിരുന്നു. ഇവക്ക് പരിധി വെക്കാതിരുന്നതിന് അന്ന് പറഞ്ഞ മിക്ക കാരണങ്ങളും ഇന്ന് പ്രസക്തമല്ല. വലിയൊരളവില്‍ കുറഞ്ഞാല്‍ തോട്ടങ്ങള്‍ സാമ്പത്തികമായി നിലനില്‍ക്കില്ല എന്ന വാദം എത്ര നിരര്‍ഥകമാണ്? ചായ, കാപ്പി, കുരുമുളക്, ഏലം, തുടങ്ങിയ തോട്ടങ്ങള്‍ ഇന്ന് വന്‍ തകര്‍ച്ചയിലാണ്. ഇവയില്‍ പല തോട്ടങ്ങളും ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വരുമാനം നല്‍കുന്ന റബ്ബറാകട്ടെ, ഏറെ വികേന്ദ്രീകൃതമായ രീതിയിലാണ് ഉത്പാദനം നടത്തുന്നത്.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്താണ് വനം വെട്ടി തോട്ടങ്ങളുണ്ടാക്കിയത്. ഒരു കരാറനുസരിച്ചാണ് പാട്ടത്തിന് നല്‍കുന്നത്. ആ കരാര്‍ അവസാനിക്കുകയോ അത് ലംഘിക്കപ്പെടുകയോ പാട്ടത്തുക അടക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ആ തോട്ടങ്ങള്‍ സര്‍ക്കാറിനേറ്റെടുക്കാം. തോട്ടത്തിന്റെ ഒരു ഭാഗം തോട്ടമല്ലാതായാല്‍ അത് മിച്ചഭൂമിയാകും. മറിച്ചോ മുറിച്ചോ വില്‍ക്കാന്‍ തോട്ടമുടമക്ക് അധികാരമില്ല. തോട്ടങ്ങളെ സംരക്ഷിക്കാനുള്ള ഈ “ഇളവ്” അന്ന് നല്‍കിയത് തൊഴിലാളികള്‍ക്ക് വേണ്ടി എന്ന പേരിലാണ്. എന്നാല്‍, ഇന്ന് തോട്ടം തൊഴിലാളികളുടെ സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് നമുക്കറിയാം. ഇതൊന്നും ഇടതുപക്ഷത്തിനും താത്പര്യമുള്ള വിഷയങ്ങളല്ല.
ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം കുറച്ച് പേര്‍ക്ക് കിടപ്പാടം നല്‍കുക എന്നതായിരുന്നില്ല. മറിച്ച് കര്‍ഷകന് കൃഷി ഭൂമി നല്‍കുക എന്നതായിരുന്നു. “നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്നതായിരുന്നല്ലോ അന്നത്തെ പാട്ട്. എന്നാല്‍, നെല്‍ കൃഷി നാശത്തിനുള്ള പ്രധാന കാരണമായി ഇന്ന് പലരും പറയുന്നത് “കൊയ്യാനാളില്ല” എന്നതാണ്. ഇതിലൊരു വൈരുധ്യമില്ലേ? നമ്മള്‍ കൊയ്യും വയലിനല്ലേ നമുക്കധികാരമുള്ളൂ? കൊയ്യാനും വിതക്കാനും കഴിയുന്നവര്‍ക്ക് ഒരിക്കലും കൃഷി ഭൂമി കിട്ടിയില്ല എന്നതല്ലേ സത്യം? എന്നും അന്യരുടെ മണ്ണില്‍ പണിയെടുത്തിരുന്നവര്‍ പ്രധാനമായും ദളിതര്‍, ഇന്ന് എവിടെയാണ് ജീവിക്കുന്നത്? ഭൂപരിഷ്‌കരണത്തന്റെ “വലിയ വിജയ”മായി ഇടതുപക്ഷം പോലും ഉയര്‍ത്തിക്കാട്ടുന്ന “കുടികിടപ്പവകാശം” നല്‍കിയിട്ടും കേരളത്തിലെ 26,000 കോളനികളിലായിട്ടല്ലേ മഹാഭൂരിപക്ഷം ദളിതരും ജീവിക്കുന്നത്? പത്ത്, അഞ്ച്, മൂന്ന്, രണ്ട്, മുക്കാല്‍ സെന്റ് കോളനികള്‍, ലക്ഷം വീട്, റോഡ്, തോട്, പുറമ്പോക്ക് എന്നിവയാണീ കോളനികള്‍. ഇവര്‍ക്ക് കൃഷി ഭൂമി കിട്ടാതിരുന്നതല്ലേ കേരളത്തിലെ കൃഷി നശിക്കാനുള്ള പ്രധാന കാരണം? ഇന്നും കൃഷി പ്രധാന വരുമാനമായിട്ടുള്ള പലരും നെല്‍കൃഷി തുടരുന്നുവെന്നും ഓര്‍ക്കുക.
സി പി എം മറുപടി പറയേണ്ട ആദ്യത്തെ ചോദ്യം, ചെങ്ങറ സമരഭൂമിയില്‍ ഉയര്‍ന്നുവന്നതാണ്. കര്‍ഷകര്‍ക്ക് കൃഷി ഭൂമി എന്ന മുദ്രാവാക്യം നിങ്ങള്‍ ഉപേക്ഷിച്ചുവോ? ഇത്ര ആഘോഷത്തോടെ കേരളം മുഴുവന്‍ സമരകാഹളം മുഴങ്ങിയമ്പോഴും “കൃഷിഭൂമി” എന്ന ഒരു വാക്ക് എവിടെയും കേള്‍ക്കാഞ്ഞത് എന്തുകൊണ്ട്? ഇനി കര്‍ഷകര്‍ക്ക് നല്‍കാന്‍ കൃഷി ഭൂമി കേരളത്തിലില്ലെന്ന് ഗവേഷണം നടത്തി കണ്ടെത്തിയ വ്യക്തിയാണ് സി പി എം ധനകാര്യ വിദഗ്ധനായ ഡോ. തോമസ് ഐസക്. (കേരളത്തിന്റെ ഭൂപരിഷ്‌കരണം എന്ന ഗ്രന്ഥം കാണുക.) ഇത് തന്നെയാണോ സി പി എം നിലപാട്? എങ്കില്‍ തുറന്നുപറയണം.
ഇവിടെയാണ് ചെങ്ങറ സമരം ഇവര്‍ക്ക് പാഠമാകേണ്ടത്. ഭൂരഹിത കര്‍ഷകരെന്ന് പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ചിരുന്നത് ഈ ദളിതരെയാണ്. എന്നാല്‍, പിന്നീടവരെ “കര്‍ഷകത്തൊഴിലാളികള്‍” എന്ന് വിളിച്ചുകൊണ്ട് അവര്‍ക്ക് കൃഷി ഭൂമിയില്‍ അവകാശമില്ലാത്തവരാക്കി. ഇതിനെയാണ് ചെങ്ങറ സമരം ചോദ്യം ചെയ്തത്. കൃഷി ഭൂമിയില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അങ്ങനെ നല്‍കാനുള്ള മിച്ചഭൂമി കേരളത്തിലുണ്ടെന്നും ചെങ്ങറ സമരക്കാര്‍ പറയുന്നു. 1957ല്‍ ഇവിടെ ഉണ്ടായിരുന്ന മിച്ചഭൂമി 7,20,000 ഏക്കര്‍ ആണെന്നാണ് ഔദ്യോഗിക കണക്ക്. തോട്ടങ്ങളടക്കം പലര്‍ക്കും ഇളവുകള്‍ നല്‍കിയ ശേഷമുള്ള കണക്കാണിത്. യഥാര്‍ഥത്തില്‍ 18 ലക്ഷം ഏക്കറുണ്ടെന്നതാണ് സത്യം. കഴിഞ്ഞ 55 വര്‍ഷത്തിനിടയില്‍ ഇതിലെത്ര ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു? വെറും 99,000 ഏക്കര്‍ മാത്രം. ഇത് ഭൂരഹിത കര്‍ഷകര്‍ക്ക് കൃഷി ഭൂമിയായി വിതരണം ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോള്‍ സി പി എം വിഴുങ്ങിയിരിക്കുന്നത്. ഇപ്പോള്‍ സി പി എം സമരത്തില്‍ ചൂണ്ടിക്കാട്ടുന്നത് കേരളത്തില്‍ 30,000 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നത്രേ! അങ്ങനെയെങ്കില്‍ ബാക്കിയുണ്ടായിരുന്ന ആറ് ലക്ഷത്തില്‍ പരം ഏക്കര്‍ (സര്‍ക്കാര്‍ കണക്കില്‍ തന്നെ) മിച്ചഭൂമി എവിടെ എന്നതിന് മറുപടി പറയാന്‍ സി പി എം അടക്കം എല്ലാ കക്ഷികള്‍ക്കും ബാധ്യതയില്ലേ? ഇതിനു സി പി എം നല്‍കുന്ന മറുപടി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ മിച്ചഭൂമിയില്ലാതാക്കി എന്നാണ്. ഏതാണ്ട് പാതിക്കാലം മാറി മാറി അധികാരത്തിലെത്തിയ സി പി എമ്മിന് കോണ്‍ഗ്രസിന്റെ ഈ തെറ്റ് പരിഹരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്? 1979ല്‍ കേവലം 29 ദിവസം മാത്രം അധികാരത്തിലിരുന്ന മുഹമ്മദ് കോയ സര്‍ക്കാര്‍ പാസാക്കിയ ഏറ്റവും വഞ്ചനാപരമായ “ഇഷ്ടദാന നിയമം” റദ്ദാക്കാന്‍ പിന്നീട് വന്ന നായനാര്‍ സര്‍ക്കാറിന് കഴിയാതിരുന്നത് എന്തുകൊണ്ട്? ചുരുക്കത്തില്‍, മിച്ചഭൂമി ഒളിച്ചുകടത്തിയ നടപടിക്ക് ഇടതു വലതു സര്‍ക്കാറുകള്‍ ഒരുപോലെ കുറ്റക്കാരാണ്. വലതുപക്ഷം ഭൂപരിഷ്‌കരണത്തിലെ “കൃഷി ഭൂമി കര്‍ഷകന്” എന്ന തത്വം അംഗീകരിച്ചിരുന്നില്ല. ദളിതരെ അവര്‍ കര്‍ഷകരായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മിച്ചഭൂമി വിഷയത്തില്‍ മറുപടി പറയാന്‍ പ്രധാന ബാധ്യത സി പി എമ്മിനു തന്നെയാണ്.
ആദിവാസികളുടെ കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 1975ലെ നിയമം നടപ്പിലാക്കാതിരിക്കാനാണ് മാറിമാറി വന്ന എല്ലാ സര്‍ക്കാറുകളും ശ്രമിച്ചത്. അവരുടെ അന്യാധീനപ്പെട്ട ഭൂമി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നവര്‍ ഉറപ്പാക്കി. ഇതിനെതിരെ സി കെ ജാനു മുത്തങ്ങയില്‍ സമരം ആരംഭിച്ചപ്പോള്‍ അതിനെ അങ്ങേയറ്റം പുച്ഛിച്ചവര്‍ സി പി എം. അതിനെ വെടിവെച്ച് തകര്‍ത്തവര്‍ വലതുക്ഷം. എന്നാല്‍, ആദിവാസി ഭൂസമരം ക്ലച്ച് പിടിക്കുമെന്ന് കണ്ടപ്പോള്‍ അവര്‍ “ആദിവാസി ക്ഷേമ സമിതി” ഉണ്ടാക്കി. പക്ഷേ, യഥാര്‍ഥ ആദിവാസി സമരം പോലെ അതായില്ല.
ചെങ്ങറ സമരത്തെ “തൊഴില്‍നഷ്ട”മെന്ന രീതിയില്‍ കണ്ട് എസ്റ്റേറ്റ് മുതലാളിയുടെ പണം വാങ്ങി തകര്‍ക്കാന്‍ ശ്രമിച്ചതും നാം കണ്ടു. ഉപരോധ സമരം ഭരണപിന്തുണയുണ്ടായിട്ടും പാളി. ഒടുവില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. “എച്ചില്‍” എന്ന് പറഞ്ഞുകൊണ്ട് തന്നെ ളാഹ ഗോപാലന്‍ അംഗീകരിച്ചു. വീണ്ടും വഞ്ചന. മനുഷ്യവാസം തന്നെ സാധ്യമാകാത്ത ഭൂമി അവര്‍ക്ക് നല്‍കി. അവര്‍ സമരം തുടര്‍ന്നു. ഹാരിസണ്‍ തോട്ടത്തിലെ ഒഴിഞ്ഞുകിടന്ന ഭൂമി അവര്‍ അളന്നെടുത്ത് കൃഷി ചെയ്യുന്നു. രാസവളവും കീടനാശിനികളുമില്ല. അത് ഭക്ഷ്യവിള കൃഷി തന്നെ. സി പി എം പഠിക്കേണ്ട പാഠമാണിത്. എന്നാല്‍, വികലമായ അനുകരണമെന്ന രീതിയില്‍ അവര്‍ കോളനി അസോസിയേഷന്‍ ഉണ്ടാക്കി. പിന്നീട് പട്ടിക ജാതി അസോസിയേഷന്‍ എന്നാക്കി. അവരെ മുന്നില്‍ നിര്‍ത്തി സമരം നടത്താനായി ശ്രമം. എന്തായാലും ളാഹ ഗോപാലനും സി കെ ജാനുവും കാട്ടിയ വഴിയില്‍ പോകുന്നതാണ് ശരിയെന്ന് സി പി എം സമ്മതിച്ചു. എന്നാല്‍, അവര്‍ സമര രംഗത്തെത്തിയപ്പോള്‍ അത് കോമാളിത്തമായി. അവരുടെ “കുടില്‍ കെട്ടി” സമരം പൊളിയുമെന്ന് തീര്‍ച്ചയായിരുന്നു. ആരാണവിടെ ജീവിക്കുക? നാളെ ഒരു കോടതി ഉത്തരവ് വന്നാല്‍, ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥലം. ആരവിടെ സ്ഥിരതാമസമാക്കും? അതാണ് ചെങ്ങറ സമരത്തിന്റെ വികല അനുകരണമാണിതെന്ന് പറയാന്‍ കാരണം.
ഇതൊക്കെയാണെങ്കിലും ഭൂമിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാതെ നിലനില്‍ക്കാനാകില്ലെന്ന് സി പി എമ്മും തിരിച്ചറിയുന്നു. പക്ഷേ, പിടിച്ചു നില്‍ക്കാന്‍ തിരിച്ചറിവ് മാത്രം പോരാ. ശരിയായ രാഷ്ട്രീയവും വേണം. ഭൂമിയെ കച്ചവടച്ചരക്കാക്കുന്നത് ശരിയാണെന്ന് കരുതുന്നവര്‍ക്ക് എത് ഭൂസമരം നടത്താനാകും?