Connect with us

Eranakulam

ഡല്‍ഹി പുറത്ത്‌-ജയത്തോടെ ബംഗാള്‍ ക്വാര്‍ട്ടറിലെത്തി

Published

|

Last Updated

കൊച്ചി: കളിച്ച രണ്ട് മത്സരവും തോറ്റ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് ഡല്‍ഹി പുറത്തായി. പശ്ചിമ ബംഗാളാണ് പൊരുതിക്കളിച്ച ഡല്‍ഹിയെ ഒരു ഗോളിന് കീഴടക്കിയത്. വിജയിച്ചെങ്കിലും 30 തവണ സന്തോഷ് ട്രോഫി കൈയിലുയര്‍ത്തിയിട്ടുള്ള ബംഗാള്‍ പാരമ്പര്യം മറന്ന കളിയാണ് നെഹ്‌റു സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. ദുര്‍ബലരായ ഡല്‍ഹിയോട് പിടിച്ചു നില്‍ക്കാന്‍ പലപ്പോഴും വിഷമിച്ച ബംഗാള്‍ നേടിയ നേരിയ വിജയം ഫുട്‌ബോള്‍ പ്രേമികളെ ഒരു ഘട്ടത്തിലും ആവേശം കൊള്ളിക്കുന്നതായില്ല. 1941ല്‍ ആദ്യ സന്തോഷ് ട്രോഫി മത്സരത്തില്‍ ഡല്‍ഹിയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്തുവിട്ട ബംഗാള്‍ ഏഴുപത് വര്‍ഷത്തിനിപ്പുറം എവിടെ എത്തി നില്‍ക്കുന്നുവെന്ന് കാണിച്ചു തരുന്നതായിരുന്നു ഇന്നലത്തെ ഗ്രൂപ്പ് എയിലെ യോഗ്യതാ റൗണ്ട് മത്സരം. ജയത്തോടെ ബംഗാള്‍ ക്വാര്‍ട്ടറിലെത്തി.

അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ കളിയിലുടനീളം വിഷമിച്ച ബംഗാളിന് ലക്ഷ്യം നേടാന്‍ 84ാം മിനിട്ടുവരെ കാത്തിരിക്കേണ്ടി വന്നു. മൈതാന മധ്യത്ത് നിന്ന് സ്‌നേഹാശിഷ് നല്‍കിയ പാസുമായി ഒറ്റക്ക് മുന്നേറിയ നവീന്‍ ഹേല പ്രതിരോധ നിരയെയും പന്ത് പിടിച്ചെടുക്കാനായി മുന്നോട്ടു കയറിയ ഗോളി വിക്രാന്ത് ശര്‍മ്മയെയെയും കബളിപ്പിച്ച് വല ചലിപ്പിച്ചപ്പോള്‍ ഡല്‍ഹിക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയായിരുന്നു കൂടുതല്‍ ആക്രമണം നടത്തിയത്. മൂന്നാം മിനുട്ടില്‍ തന്നെ അവരുടെ മുന്നേറ്റം കണ്ടു. ബംഗാള്‍ ഗോളി അര്‍ണബ്ദാസ് ശര്‍മ്മയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്. സാവധാനത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ബംഗാളും പിന്നീട് ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. എട്ടാം മിനുട്ടില്‍ ബംഗാളിന് കോര്‍ണര്‍ ലഭിച്ചു. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറി ബോക്‌സില്‍ പ്രവേശിച്ച അന്‍ജന്‍ ഡേ നല്‍കിയ ക്രോസ് ഗൗര്‍ നസ്‌കര്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും വീണ്ടും കോര്‍ണറാകുകയായിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹിയുടെ താരങ്ങള്‍ ബംഗാള്‍ ഗോള്‍ മുഖത്ത് അപകട ഭീഷണി മുഴക്കി. വലത് വിംഗില്‍ക്കൂടി മുന്നേറിയ ഡല്‍ഹിയുടെ ധീരജ്‌സിംഗ് ബോക്‌സിനുള്ളിലേക്ക് മികച്ചൊരു ക്രോസ് നല്‍കിയത് നായകന്‍ മോനു ചൗധരി വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളായില്ല. തൊട്ടുപിന്നാലെ ഡല്‍ഹിയുടെ ഒരു മുന്നേറ്റവും ലക്ഷ്യം കാണാതെ പോയി. പിന്നീട് 21ാം മിനുട്ടില്‍ ബംഗാളിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ ബംഗാളിന് തുടരെ രണ്ട് ഫ്രീകിക്ക് ലഭിച്ചതും പാഴായി. തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടത് ബംഗാളിന്റെ നീക്കങ്ങള്‍ പാളിപ്പോകാന്‍ കാരണമായി.
രണ്ടാം പകുതി ആരംഭിച്ചത് ഡല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. തൊട്ടുപിന്നാലെ അവര്‍ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 49ാം മിനുട്ടില്‍ ഡല്‍ഹിക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ജഗ്ദീപ് സിംഗ് എടുത്ത കോര്‍ണറിന് ബംഗാള്‍ ബോക്‌സില്‍ അപകടം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അധികം കഴിയും മുമ്പേ ബംഗാള്‍ ഒരു ഗോളവസരം സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ് സേവ്യര്‍ ബോക്‌സിന്ള്ളില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ട് ഡല്‍ഹി ഗോളി പണിപ്പെട്ട് തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ബംഗാളിന്റെ മറ്റൊരു ശ്രമവും പുറത്തുപോയി. ദീപകിന്റെ പാസ് സ്വീകരിച്ച് ഇടതു വിംഗില്‍ക്കൂടി മുന്നേറിയ സ്‌നേഹാശിഷ് ദത്ത ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ബംഗാളി താരം ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് പുറത്തേക്ക് പോയി.
72ാം മിനുട്ടില്‍ ബംഗാള്‍ വീണ്ടും മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. സ്‌നേഹാശിഷ് ദത്തയുടെ അളന്നുമുറിച്ച ക്രോസിന് ഫ്രാന്‍സിസ് സേവ്യര്‍ ഉയര്‍ന്നുചാടി തലവച്ചെങ്കിലും പന്ത് പുറത്തേക്കാണ് പോയത്. 84ാം മിനുട്ടില്‍ ബംഗാള്‍ ഡല്‍ഹിയുടെ വലകുലുക്കിയതിന് തൊട്ടുപിന്നാലെ ഡല്‍ഹിക്ക് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. സമനില ഗോളിന് ഡല്‍ഹി തീവ്രശ്രമം നടത്തുന്നതിനിടെ ഫൈനല്‍ വിസില്‍ മുഴങ്ങി.
കൊച്ചിയില്‍ ഇന്നത്തെ മത്സരം ഗ്രൂപ്പ് ഡിയില്‍ ഹരിയാനയും ഗോവയും തമ്മിലാണ്.

Latest