Connect with us

International

ലിബിയയില്‍ നാല് മിഷനറിമാര്‍ അറസ്റ്റില്‍

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാല് ക്രിസ്ത്യന്‍ മിഷനറിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ സമുദായത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തുവെന്ന സംശയത്തിന്റെ പുറത്താണ് അറസ്റ്റെന്ന് പോലീസ് വക്താവ് ഹുസൈന്‍ ബിന്‍ ഹമീദ് അറിയിച്ചു. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേരും സ്വീഡിഷ്-യു എസ് പൗരത്വമുള്ള ഒരാളുമാണ് അറസ്റ്റിലായത്. യു എസ് പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ അറസ്റ്റിലായതെന്ന വാദം ലിബിയയിലെ യു എസ് എംബസി തള്ളിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് ലിബിയയില്‍ ക്രിമിനല്‍ കുറ്റമാണ്.
ബന്‍ഗാസിയിലാണ് നാല് പേരും അറസ്റ്റിലായത്. ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ അച്ചടിക്കുക, വിതരണം ചെയ്യുക, ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങളാണ് ഇവരുടെ മേലുള്ളത്. 45,000 ഓളം മതഗ്രന്ഥങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായാണ് പോലീസ് അവകാശപ്പെടുന്നത്. 25,000 പുസ്തകങ്ങള്‍ ഇവര്‍ വിതരണം ചെയ്തതായും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ അവരവരുടെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി പോലീസ് വക്താവ് ഹമീദ് പറഞ്ഞു.