സിസേറിയന്‍; ഭയക്കാനെന്ത്?

Posted on: February 18, 2013 12:26 pm | Last updated: February 18, 2013 at 12:26 pm

സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ ആവശ്യമായിവരാം. ഇത്തരം ഓപ്പറേഷന്‍ സിസേറിയന്‍ എന്നാണ് അറിയപ്പെടുന്നത്.
കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം കൂടുന്നുവെന്നാണ് കണക്ക്. പണ്ട് സിസേറിയന്‍ എന്നു കേട്ടാല്‍ ഒരു ഞെട്ടലുണ്ടായിരുന്നു . ഇന്ന് അതൊരാശ്വാസമായാണ് പൊതുവെ കാണുന്നത്. ഇത് വെറുതെ പറയുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിച്ചതാണ്.
വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് പ്രസവം. അതുകൊണ്ടുതന്നെ അവിചാരിതമായ ചില അടിയന്തര സാഹചര്യങ്ങള്‍ മൂലം കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന് ഭീഷണിയുണ്ടാവാം. ഇത്തരം അവസരങ്ങളിലാണ് ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്നത്.
ഒരു രാജ്യത്ത് സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം 1987ല്‍ കേരളത്തില്‍ നടന്ന പ്രസവങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു സിസേറിയനുകള്‍. 1996 ആയപ്പോഴേക്കും 21 ശതമാനമായി. 98-99 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം കേരളത്തിലെ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 29 ശതമാനവും സിസേറിയനുകള്‍ നടക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുണ്ട്.
സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ ഭാഗമാണ് ആദ്യം പുറത്തുവരേണ്ടത്. ചില സാഹചര്യങ്ങളില്‍ തലയുടെ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരാം. ഇത്തരം സാഹചര്യത്തില്‍ ഓപ്പറേഷന്‍ അനിവാര്യമാണ്. ശിശുവിന്റെ അംഗവൈകല്യങ്ങളും പ്രസവത്തിന് തടസ്സം സൃഷ്ടിക്കുന്നു. പ്രസവിക്കുമ്പോള്‍ ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടായിരിക്കുക തുടങ്ങിയവയും ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക് കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ് ആദ്യ പ്രസവത്തിന് പറ്റിയ പ്രായം. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്. പൊതുവേ സിസേറിയന്‍ ആവശ്യമായിരുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ് ശരിയായ രീതിയിലല്ലെങ്കില്‍
ഗര്‍ഭിണിയുടെ പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍
തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍
ഗുരുതരമായ ടോക്‌സീമിയ ഉള്ളപ്പോള്‍
ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരിക്കുമ്പോള്‍
ഗര്‍ഭിണിയുടെ അരക്കെട്ട് ഇടുങ്ങിയതാകുമ്പോള്‍
ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ മുഴകള്‍ ഉണ്ടാകുമ്പോള്‍
ഗര്‍ഭപാത്രത്തിന്റെ സങ്കോചം ശരിയല്ലെങ്കില്‍
മറുപിള്ള ഗര്‍ഭാശയ സ്തരത്തില്‍ തടസ്സമുണ്ടാക്കുന്നെങ്കില്‍
ശിശുവിന്റെ ഹൃദയത്തുടിപ്പുകള്‍ മന്ദഗതിയിലാകുകയും ഉടനെ പ്രസവിക്കാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്താല്‍
ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്, ഗര്‍ഭിണിയുടെ പരിചയക്കുറവ് തുടങ്ങിയവ ആദ്യ പ്രസവത്തെ വിഷമകരമാക്കിയേക്കും. മാനസിക തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്. മനഃശാസ്ത്രജ്ഞനെ കാണുന്നത് ഗുണം ചെയ്യും.
സിസേറിയന്‍ എന്നു കേട്ടാല്‍ പലരും ഭയചകിതരായി കാണാറുണ്ട്. ഇതില്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. സമര്‍ഥരായ ഗൈനക്കോളജിസ്റ്റുകളും ആധുനികസജ്ജീകരണങ്ങളും, അതൊരു വെല്ലുവിളിയല്ലാത്ത വിധം പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക രീതിയിലല്ലാതെ ഗര്‍ഭിണിയുടെ വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്കാണ് സിസേറിയന്‍ എന്നുപറയുന്നത്. രണ്ട് വിധത്തില്‍ ഇതു ചെയ്യാറുണ്ട്. ഒന്ന്, ലോവര്‍ സെഗ്‌മെന്റ് ഓപ്പറേഷന്‍. രണ്ട്: അപ്പര്‍ സെഗ്‌മെന്റ് ഓപ്പറേഷന്‍.
അയവുള്ള വസ്ത്രം ധരിപ്പിച്ചു ഗര്‍ഭിണിയുടെ തലമുടി രണ്ടായി ഒതുക്കിക്കെട്ടുന്നു. തല താഴ്ന്നും കാലുകള്‍ ഉയര്‍ന്നും ഇരിക്കത്തക്ക വിധത്തിലാണ് ഗര്‍ഭിണിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കടത്തുക. ബോധം കെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ.
പൊക്കിളിന്റെ അടിഭാഗത്തു നിന്നും നേരെ കീഴോട്ട് ഉദരം രണ്ടായി പിളര്‍ന്ന ഭാഗത്ത് സലൈന്‍ സൊലൂഷനില്‍ മുക്കിയ തുണി വെച്ച് സംരക്ഷിക്കുന്നു. ശേഷം കുടലുകള്‍ ഒരു വശത്തേക്ക് മാറ്റി വയ്ക്കുകയും സോയന്‍സ് റിട്രേക്ടറ്റര്‍ എന്ന ഉപകരണം കൊണ്ട് പിളര്‍ന്ന ഭാഗത്തെ ഉള്‍ഭിത്തികള്‍ സാവധാനത്തില്‍ വലിച്ച് വികസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് പൊരിട്ടോണിയം വിലങ്ങനെ കീറുന്നു. മൂത്രാശയം കീഴോട്ടമര്‍ത്തി വെക്കും. തുടര്‍ന്ന് ഗര്‍ഭാശയത്തിന്റെ കീഴ്ഭാഗം ഏകദേശം ഒമ്പത് സെ മീ കീറിയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. വില്ലെറ്റ് ഫോര്‍സെപ്‌സ് കൊണ്ടാണ് കുട്ടിയുടെ തല പിടിച്ചുപുറത്തേക്കെടുക്കുന്നതും പൊക്കിള്‍ക്കൊടി കെട്ടി മുറിച്ച് മറുപിള്ള നീക്കം ചെയ്യുന്നതും. ശേഷം ഗര്‍ഭാശയവും ഉദര ഭാഗവും തുന്നിക്കെട്ടുന്നു. ഇതാണ് ലോവര്‍ സെഗ്‌മെന്റ് ഓപ്പറേഷന്‍.
മേല്‍പറഞ്ഞ പ്രകാരം എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് അപ്പര്‍ സെഗ്‌മെന്റ് ഓപ്പറേഷന്‍ തുടങ്ങുന്നത്. പൊക്കിളിന് അല്‍പം മുകളില്‍ കീറിയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.
ഗര്‍ഭാശയം 10 സെ മീ നീളത്തില്‍ നെടുകെ കീറി ഡോക്ടറുടെ ഒരു കൈ ഗര്‍ഭാശയത്തിനുള്ളില്‍ കടത്തി ശിശുവിന്റെ കാലുകള്‍ പിടിച്ചു പുറത്തേക്കെടുക്കുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വിദഗ്ധ ഡോക്ടറുടെ ഉപദേശപ്രകാരം അവ ശ്രദ്ധയോടെ ചെയ്യണം.