Kerala
യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ
തർക്കത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് പോലീസ്

പത്തനംതിട്ട | യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴയിൽ ശനിയാഴ്‌ച്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതിൽ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് കുമ്പഴയിലെ സ്വകാര്യ ഹോട്ടലിൽ ആദിക്കാട്ടുകുളങ്ങര മുട്ടാലി വടക്കതിൽ വീട്ടിൽ റജീഷ് റാവുത്തറുടെ മകൻ മുഹമ്മദ് സൂഫിയാനും കലഞ്ഞൂർ സ്വദേശിയായ യുവതിയും മുറിയെടുത്തത്. വൈകിട്ട് 7.30 ഓടെ ഇവർ തമ്മിൽ വഴക്കിട്ടതിന് ശേഷം യുവതി ബാത്റൂമിൽ പോയ സമയം സൂഫിയാൻ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
യുവതി തന്നെയാണ് ബഹളം വെച്ച് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോന്നി മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: നിസ. സഹോദരി: സഫാന.
---- facebook comment plugin here -----