Connect with us

National

അൽവറിൽ യാദവ പോരാട്ടം

അൽവർ എന്ന് കേൾക്കുമ്പോൾ ഓർമയിലേക്ക് വരിക പഹ്‌ലുഖാൻ എന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞ മുഖമാണ്

Published

|

Last Updated

അൽവർ എന്ന് കേൾക്കുമ്പോൾ ഓർമയിലേക്ക് വരിക പഹ്‌ലുഖാൻ എന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞ മുഖമാണ്. ഗോ രക്ഷാ ഗുണ്ടകൾ ആ നിരപരാധിയെ കൊന്നുതള്ളിയത് 2017ലായിരുന്നു. ക്ഷീര കർഷകനായ ഖാൻ ഹരിയാനയിലെ നൂഹിൽ നിന്ന് ജയ്പൂരിലേക്ക് കാലികളെ വങ്ങാനായി പോകുകയായിരുന്നു. അൽവറിലെ ബെഹ്‌റൂറിൽ വെച്ച് ഹിന്ദുത്വ ആയുധധാരികൾ അദ്ദേഹത്തെയും കൂടെയുള്ളവരെയും തടഞ്ഞു. ഖാനെ അടിച്ചു കൊന്നു. മറ്റുള്ളവരെ മൃതപ്രായരാക്കി.

ഈ പ്രദേശമുൾക്കൊള്ളുന്ന അൽവർ ലോക്‌സഭാ മണ്ഡലം അന്ന് ബി ജെ പിയുടെ കൈയിലായിരുന്നു. 2014ൽ ബി ജെ പിയിലെ മഹന്ത് ചന്ദ് നാഥ് കോൺഗ്രസ്സിലെ ഭൻവർ ജിതേന്ദ്ര സിംഗിനെ തോൽപ്പിച്ചു. നീണ്ട രോഗപീഡക്കൊടുവിൽ മഹന്ത് ചന്ദ് നാഥ് 2018ൽ അന്തരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടന്നു. ബി ജെ പിയിലെ ഡോ. ജസ്വന്ത് യാദവും കോൺഗ്രസ്സിലെ ഡോ. കരൺ സിംഗ് യാദവും തമ്മിലായിരുന്നു മത്സരം. ബി ജെ പി ജയിച്ചു.

2019ലും കോൺഗ്രസ്സ് ഇവിടെയിറക്കിയത് ജിതേന്ദ്ര സിംഗിനെ തന്നെയായിരുന്നു. പക്ഷേ, ബി ജെ പി സ്ഥാനാർഥിയെ മാറ്റി. ബാലക് നാഥായിരുന്നു ബി ജെ പി ടിക്കറ്റിൽ വന്നത്. അദ്ദേഹം ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്തി.

ഇത്തവണ കോൺഗ്രസ്സും ബി ജെ പിയും തലമാറ്റത്തിന് മുതിർന്നിരിക്കുന്നു. യാദവ പോരിന്റെ ആവർത്തനമാണ് നടക്കുന്നത്. കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവാണ് താമരയിൽ. കൈപ്പത്തിയിൽ ലളിത് യാദവ് എം എൽ എയും. ജാതിയാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. വിജയം സുനിശ്ചതമാണെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര മന്ത്രി എടുത്തു പറയുന്നത്, മോദിക്ക് മാത്രമേ ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാൻ കഴിയൂ എന്നാണ്. അൽവറിന്റെ വികസന പ്രശ്‌നങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അൽവറിൽ വന്ന് റാലിയിൽ പ്രസംഗിക്കവേ അമിത് ഷാ എടുത്തിട്ടതും ജാതിയാണ്. കോൺഗ്രസ്സ് എക്കാലവും ഒ ബി സിവിരുദ്ധമായിരുന്നു. പിന്നാക്ക വിഭാഗങ്ങളോട് അനീതി മാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
അൽവറിന്റെ പാർലിമെന്റ് പോരാട്ട ചരിത്രം കോൺഗ്രസ്സിന് അനുകൂലമാണ്. കോൺഗ്രസ്സ് 10 തവണ വിജയിച്ചപ്പോൾ ബി ജെ പി മൂന്ന് തവണ മാത്രമാണ് ഈ മണ്ഡലം പിടിച്ചത്. ആകെ എട്ട് നിയമസഭാ മണ്ഡലങ്ങളാണ് അൽവറിലുള്ളത്. ഇവയിൽ അഞ്ചും കോൺഗ്രസ്സിന്റെ കൈയിലാണ്. വർഗീയ വിഭജന തന്ത്രങ്ങൾ വിജയിക്കുകയും ഒ ബി സി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ബി ജെ പി നടത്തിയ ധ്രുവീകരണ തന്ത്രങ്ങൾ ഫലം കാണുകയും ചെയ്തതോടെയാണ് കോൺഗ്രസ്സിന് വെല്ലുവിളിയുയർത്താൻ കാവിപ്പാർട്ടിക്ക് സാധിച്ചത്. കണക്കുകളെല്ലാം കോൺഗ്രസ്സിന് അനുകൂലമാണെന്നർഥം.

2011 സെൻസസ് പ്രകാരം മണ്ഡലത്തിൽ പട്ടിക ജാതിക്കാരാണ് മുന്നിട്ടു നിൽക്കുന്നത്- 4.30 ലക്ഷം പേർ. മുസ്‌ലിംകൾ 3.10 ലക്ഷം വരും. യാദവർ 3.30 ലക്ഷം. ജാട്ട് -1.30 ലക്ഷം, മീണ -1.10 ലക്ഷം, ബ്രാഹ്മണർ- 1.15 ലക്ഷം, ബനിയ- ഒരു ലക്ഷം, സിഖുകാർ- 85,000, ഗുജ്ജറുകൾ- 70,000, രജപുത്ര- 45,000, മറ്റുള്ളവർ 1.9 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജനസംഖ്യാ കണക്ക്. മുസ്‌ലിംകളുടെ വോട്ട് കൃത്യമായി ബി ജെ പി വിരുദ്ധമായി ഏകീകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി എസ് സി, ഒ ബി സി സമുദായങ്ങളിലെ സ്വാധീനമാണ് ബി ജെ പിക്ക് ശക്തിയാകുന്നത്. പ്രത്യേകിച്ച് യാദവ വിഭാഗങ്ങൾ ഈയിടെയായി ബി ജെ പിക്കൊപ്പം നിൽക്കുന്നുവെന്നാണ് വിലയിരുത്തൽ.

19, 26 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അൽവറിൽ ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. 2014ൽ സംസ്ഥാനത്തെ 25 സീറ്റുകളിലും ബി ജെ പി വിജയിച്ചിരുന്നു. 2019ൽ 24 എണ്ണം ബി ജെ പി കൈക്കലാക്കി.

Latest