Connect with us

book review

വായനയെ തീ പിടിച്ച നൃത്തമാക്കുന്ന രചന

അനുഭവ തീക്ഷ്ണതക്കൊപ്പം പരന്ന വായനകൂടിയായപ്പോൾ വായനക്കാരൻ്റെ മനസ്സിൽ ഒരു പുതുവസന്തം വിരിയിച്ച് സാധാരണ തൊഴിലാളിയായ ഒരാൾ എങ്ങനെയാണ് എഴുത്തിന്റെ വിസ്മയലോകം തീർത്തത് എന്നതിൻ്റെ ഉത്തരംകൂടിയാണിത്. ജീവിതത്തിന്റെ കനൽപഥങ്ങളിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ട ഒരു പെയിന്റിംഗ് തൊഴിലാളി ജീവിതം എഴുതുമ്പോൾ മുമ്പ് കെ പി അപ്പൻ വായനയെക്കുറിച്ച് പറഞ്ഞത് "വായന എനിക്ക് തീ പിടിച്ച നൃത്തംപോലെയാണ്' എന്നതിന്റെ സാധൂകരണം നമുക്കും അനുഭവപ്പെടും.

Published

|

Last Updated

“വിദ്യ നേടാൻ കഴിയാതെ പോയതിന്റെ സങ്കടമത്രയും അവൻ പുസ്തകങ്ങളിലേക്ക് ചൊരിഞ്ഞു. പുസ്തകങ്ങളിൽ ഉറങ്ങി, പുസ്തകങ്ങളിൽ ഉണർന്നു, പുസ്തകങ്ങളിൽ മാത്രം ജീവിച്ചു. ” (വിശപ്പ്, പ്രണയം, ഉന്മാദം, മുഹമ്മദ് അബ്ബാസിന്റെ പുസ്തകത്തിൽ നിന്ന്)
അനുഭവ തീക്ഷ്ണതകൾക്കൊപ്പം പരന്ന വായനകൂടിയായപ്പോൾ വായനക്കാരന്റെ മനസ്സിൽ വായനയുടെ ഒരു പുതുവസന്തം വിരിയിച്ച് സാധാരണ തൊഴിലാളിയായ ഒരാൾ എങ്ങനെയാണ് എഴുത്തിന്റെ വിസ്മയലോകം തീർത്തത് എന്നതിന്റെ ഉത്തരം കൂടിയാണ് മേൽ സൂചിപ്പിച്ച ഉദ്ധരണി.
ജീവിതത്തിന്റെ കനൽപഥങ്ങളിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ട ഒരു പെയിന്റിംഗ് തൊഴിലാളിയായ മുഹമ്മദ് അബ്ബാസ് ജീവിതം എഴുതുമ്പോൾ മുമ്പ് കെ പി അപ്പൻ വായനയെക്കുറിച്ച് പറഞ്ഞത് “വായന എനിക്ക് തീ പിടിച്ച നൃത്തംപോലെയാണ്’ എന്നതിന്റെ സാധൂകരണം നമുക്കും അനുഭവപ്പെടും.
ഇങ്ങനെയും ചില ജീവിതങ്ങൾ നമുക്കിടയിലോ എന്ന് ആരും അത്ഭുത സ്തബ്ധരാകും. വിഷപ്പിനു മുമ്പിൽ പിടിച്ചുനിൽക്കാൻ ഹൃദയമുള്ള ഒരു മനുഷ്യൻ പെടാപാട് പെടുന്നതും പ്രണയ നിരാസങ്ങളാൽ അപമാനിതനായി തന്റെ സ്വത്വത്തിലേക്ക് ഉൾവലിയേണ്ടി വന്നപ്പോളും പ്രണയമെന്ന ഉദാത്ത വികാരത്തെ നെഞ്ചേറ്റി അതിന് കാവ്യാത്മക ശൈലിയിൽ അക്ഷരങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഹൃദയാവർജകമായി കുറിച്ചിട്ട പുസ്തകമാണ് മുഹമ്മദ് അബ്ബാസിന്റെ “വിശപ്പ്, പ്രണയം, ഉന്മാദം’ എന്ന ആത്മകഥാ കുറിപ്പുകളുടെ സമാഹാരം.

191 പേജുകളിലായി 37 ചെറിയ അധ്യായങ്ങളിൽ അബ്ബാസ് കുറിച്ചിടുന്ന ഉള്ളുലയ്ക്കുന്ന അനുഭവ യാഥാർഥ്യങ്ങൾ മനുഷ്യനേയും ജീവിതത്തേയും പ്രണയത്തേയും സ്നേഹത്തേയും ഒന്നും ഒരു നിർവചനത്തിനും വിട്ടുകൊടുക്കാതെ വായനകൊണ്ട് നമ്മെ വേട്ടയാടുന്ന പ്രതിഭാസമായി മാറും.
“അങ്ങോട്ടിട്ട പിക്കാസുകൾ ഇങ്ങോട്ടുതന്നെ
തിരിച്ചു വരുന്നത്ര കടുപ്പമുള്ള ചെങ്കൽ പാറകളിൽ കോലളവിന് കരാറെടുത്ത് ആ പാറകളുമായി യുദ്ധം ചെയ്യുകയായിരുന്നു.’
(ഒരധ്യായത്തിൽ അബ്ബാസ് ജീവിതം പറയുന്നതിങ്ങനെയാണ്) ശരിക്കും ആ പിക്കാസുകളൊക്കെ പിന്നീട് എഴുത്തിനായുള്ള പേനയാക്കി മാറ്റിയ എഴുത്തിന്റെ മാന്ത്രികത അബ്ബാസിൽ പ്രവർത്തിക്കുന്നത് പുസ്തകത്തിലുടനീളം ദൃശ്യമാകും.

ഉപ്പ മരിച്ച് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും മറവി രോഗത്തിന് അടിമപ്പെട്ട ഉമ്മ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നത് “ഉപ്പാക്ക് ചോറ് കൊടുത്തോ?’ എന്നാവുന്നത് സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതിജീവനത്തെ അടയാളപ്പെടുത്തുന്ന വരികളാണ്.
ഹോട്ടലിൽ മേശ തുടക്കുന്ന ജോലിക്കിടയിൽ ഒരു തുണ്ട് മാംസക്കഷ്ണം ഒരു സ്ത്രീയുടെ സാരിയിലേക്ക് തെറിച്ച് പാടുണ്ടായതിനു ശിക്ഷയായിക്കിട്ടിയ മുഖമടച്ചുള്ള അടിയിൽ ചോരയൊലിക്കുന്ന മുഖവുമായി നിൽക്കുന്നു അബ്ബാസ്. അപ്പോൾ അടിച്ച സ്ത്രീയുടെ ഭർത്താവുദ്യോഗസ്ഥൻ വെച്ചു നീട്ടിയ 20 രൂപ നോട്ട് വലിച്ചെറിഞ്ഞ് ഇറങ്ങിനടന്ന പാതയെക്കുറിച്ചെഴുതുന്നത് നോക്കുക.
“ആ പാതയിൽ അന്നു കത്തിയത് വെയിലല്ലായിരുന്നു; തീയായിരുന്നു. അപ്പോൾ ഉള്ളിൽ ഉമ്മാന്റെ മുഖം തെളിഞ്ഞു. ആ മുഖത്തിലെ സൗമ്യതയും ആ ചിരിയും എന്റെയുള്ളിലെ വേദനക്ക് മറയിട്ടുനിന്നു.
ഉമ്മ വിളിച്ചു: മോനേ നീ എവിടെയാടാ? ഉമ്മാ ഞാനിവിടെയാണ്. ഈ വിദൂരതയിൽ ഒരു തുണ്ട് എച്ചിലിന്റെ പേരിൽ ഉമ്മാന്റെ മോൻ ആരുടെയോ അടി വാങ്ങുകയാണ്. അറിയാതെ പറ്റിയ തെറ്റിനു പോലും മാപ്പില്ലാത്ത ഈ നഗര ഭ്രാന്തുകളിൽ ഉമ്മാന്റെ മോൻ തനിച്ചാണ്.’ ഹൗ എന്തൊരെഴുത്ത് എന്ന് വായനക്കാരന്റെ ഉള്ളിൽനിന്ന് ഒരു വിലാപം പൊട്ടിപ്പെടും അതാണ് എഴുത്ത് രീതി.

മക്കൾക്ക് കൊടുത്തു കഴിഞ്ഞ് ബാക്കിയായത് ഒരു പാത്രത്തിൽ നിന്ന് വാരിക്കഴിക്കുമ്പോൾ ഞങ്ങൾ (അബ്ബാസും ഭാര്യയും) പുരുഷനോ സ്ത്രീയോ അല്ല. നിസ്സഹായരും ദരിദ്രരുമായ രണ്ട് മനുഷ്യജീവികൾ മാത്രം. “ഇരുപത്തിരണ്ടാം വാർഷികം ‘ എന്ന അധ്യായത്തിലെ ഈ വരികളിൽ ദാമ്പത്യത്തിന്റെ പ്രണയത്തിലധിഷ്ഠിതമായ കെട്ടുറപ്പ് അടയാളപ്പെട്ടുകിടക്കുന്നുണ്ട്.
ഭാര്യ, മകൾ, പിന്നെ മരുമകൻ ഇവരുടെ ആവശ്യങ്ങൾക്കുവേണ്ടി മരുഭൂമിയുടെ തീക്കാറ്റേറ്റ് വാടി പട്ടിണികിടന്ന് തളർന്നുറങ്ങി ഒടുവിൽ ആചാരപ്രകാരം മരുമകന് കിട്ടേണ്ട ആർഭാടത്തിന് അൽപ്പം കുറവ് വന്നപ്പോൾ പഴിപറഞ്ഞ മകളെയോർത്ത്, കുടുംബത്തെയോർത്ത് നിസ്സഹായനായ പ്രവാസിയായ മനുഷ്യനോട് അബ്ബാസ് പറയുന്നു. (അധ്യായം: ആചാരങ്ങൾ) “മുഴുവൻ ലോകത്തിനു വേണ്ടിയും എനിക്കെന്റെ ചുണ്ട് നിങ്ങളുടെ വിയർപ്പിന്റെ ഉപ്പിലേക്ക് ചേർത്തു പിടിക്കേണ്ടതുണ്ട്. അരികിലേക്കു വാ മനുഷ്യാ…’

ഹൃദയം കൊണ്ടും മനുഷ്യ സ്നേഹം കൊണ്ടും പ്രവാസത്തിലെ കഷ്ടത അനുഭവിക്കുന്ന ഭൂരിപക്ഷത്തിന്റെയും ജീവിതം പഠിക്കാൻ നാം ഒരുമ്പെട്ടാൽ നമുക്കും ഇത് ഏറ്റു പറയാതിരിക്കാനാകില്ല. അത്രക്കും ഹൃദ്യമായി പ്രവാസത്തിന്റെ നേർച്ചിത്രങ്ങളും ഈ പുസ്തകത്തിൽ പലയിടത്തായി വരച്ചുവെക്കുന്നുണ്ട്. ഉപ്പ ഏറ്റെടുത്ത ഗർഭം, പളനിമുത്തു, ഭ്രാന്തന്റെ ചിരി , ചെള്ളിത്താത്ത, മേരിച്ചേച്ചി, രക്തബന്ധങ്ങൾ, ഉടൽവിശപ്പുകൾ, എല്ലാ വായിച്ച് വടികുത്തിയകാമം എന്ന അധ്യായത്തോടെ പുസ്തകത്തിന്റെ വായന അവസാനിക്കുമ്പോൾ വായനക്കാരിൽ രൂപ്പപ്പെടുന്നത് അനുഭൂതികളോ അതോ ജീവിതമെന്ന സമസ്യയെക്കുറിച്ചുള്ള നിർവചനങ്ങൾക്ക് വഴങ്ങാത്ത ഉൾക്കിടിലങ്ങളോ എന്ന് ഖണ്ഡിതമായി പറയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് അത് വായനക്കാരെ എടുത്തെറിഞ്ഞിട്ടുണ്ടാകും. “ഇവാൻ ഇലിയിച്ചിന്റെ ആത്മഹത്യാശ്രമം’ എന്ന അധ്യായത്തിൽ മുഹമ്മദ് അബ്ബാസ് കുറിക്കുന്ന വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു തോന്നുന്നു.
“പ്രിയ സുഹൃത്തേ പുസ്തകങ്ങളെ നിങ്ങൾക്ക് ചേർത്തു പിടിക്കാൻ കഴിഞ്ഞാൽ അവ എക്കാലത്തും നല്ല സുഹൃത്തുക്കളായി നിങ്ങൾക്ക് കൂട്ടിനുണ്ടാകും. സ്വന്തം കഴിവിനെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും അവ നിങ്ങളോട് ഉറക്കെ സംസാരിക്കും. ഭ്രാന്തിനും ആത്മഹത്യക്കുമിടയിലെ നൂൽപ്പാലത്തിലൂടെ ഞാൻ നടന്ന കാലമത്രയും എനിക്കു പിടിക്കാൻ ബലമുള്ള കൈവരികൾ തന്നത് പുസ്തകങ്ങളാണ്.’ അതെ അനുഭവങ്ങളും ഉന്മാദങ്ങളും നൈസർഗികഭാവനകളും പരന്ന വായനയുടെ ഉപോത്പന്നങ്ങളും പരുവപ്പെടുത്തിയെടുത്ത ഒരു മനഷ്യന്റെ സർഗവിചാരങ്ങളുടെ ആകെ ത്തുകയായ മുഹമ്മദ് അബ്ബാസിന്റെ “വിശപ്പ്, പ്രണയം, ഉന്മാദം ” എന്ന പുസ്തകം വായനാനുഭൂതിയുടെ ഒരു വ്യതിരിക്തത നിങ്ങളിൽ സമ്മാനിക്കുമെന്നുറപ്പാണ്. പ്രസാധകർ മാതൃഭൂമി ബുക്സ്. വില 270 രൂപ.

Latest