Connect with us

strike by coir workers

തൊഴിലാളികൾ പട്ടിണിയിൽ; കയർമേഖലയിൽ സമരകാഹളം

കയർ മന്ത്രിക്കെതിരെ പരസ്യ പ്രതികരണവുമായി എ ഐ ടി യു സി രംഗത്തെത്തിയതും തിരിച്ചടിയാണ്.

Published

|

Last Updated

ആലപ്പുഴ | ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം നടത്തുന്ന പരമ്പരാഗത മേഖലയായ കയർ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിൽ. സർക്കാർ വൻതോതിൽ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഇത് തൊഴിലാളികളിലേക്കോ ചെറുകിട കയറുത്പാദകരിലേക്കോ എത്തുന്നില്ലെന്ന ആക്ഷേപമുയർത്തി കയർ മേഖലയിൽ ശക്തമായ സമരത്തിന് കളമൊരുങ്ങുകയാണ്. മുൻ മന്ത്രി ജി സുധാകരൻ പോലും നിലവിലെ കയർ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നു.

കയർ ഉത്പന്നങ്ങൾ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഉത്പന്നങ്ങൾ കത്തിച്ചുകൊണ്ടുള്ള സമരത്തിനും ചെറുകിട ഉത്പാദകർ നേതൃത്വം നൽകി. തൊഴിലില്ലായ്മ പരിഹരിക്കുക, ഉത്പാദനച്ചെലവിന് ആനുപാതികമായി കയറിന്റെയും കയറുത്പന്നത്തിന്റെയും വില തീരുമാനിക്കുക, സംഘങ്ങൾക്ക് കയർഫെഡ് നൽകാനുള്ള വില ഉടൻ നൽകുക, സംഘങ്ങൾക്കു പ്രവർത്തന മൂലധനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭരണ-പ്രതിപക്ഷ യൂനിയനുകൾ സമരവുമായി രംഗത്തെത്തിയത് സർക്കാറിന് വെല്ലുവിളിയുയർത്തിയിരിക്കുകയാണ്.

കയർ മന്ത്രിക്കെതിരെ പരസ്യ പ്രതികരണവുമായി എ ഐ ടി യു സി രംഗത്തെത്തിയതും തിരിച്ചടിയാണ്. കയർ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നാളുകളായി പട്ടിണിയിലാണ്. ഇതിനു പുറമെ, കയർ സഹകരണ സംഘങ്ങളും ചെറുകിട ഉത്പാദകരും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഗോഡൗണുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കയർഫെഡിലും കോർപറേഷനിലും കൊടുത്ത കയറിന്റെ വിലയിനത്തിൽ കോടികളാണ് ലഭിക്കാനുള്ളത്. പല സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ രണ്ടാം കയർ പുനഃസംഘടനയുടെ നിർദേശങ്ങളൊന്നും നടപ്പാക്കിയില്ലെന്ന ആരോപണം നിലനിൽക്കെ, മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപോർട്ട് നൽകാൻ പുതിയൊരു കമ്മിറ്റിക്ക് രൂപം നൽകിയ വകുപ്പ് മന്ത്രിയുടെ നടപടിക്കെതിരെയും യൂനിയനുകൾ കടുത്ത അമർഷത്തിലാണ്. കയർ മേഖലയിൽ നടക്കുന്നത് പ്രശ്നങ്ങൾ പഠിക്കലല്ലാതെ, പരിഹാരം കാണുന്നില്ലെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.