Connect with us

Ongoing News

ജോലി സംബന്ധമായ മാനസിക സമ്മര്‍ദം; വില്ലേജ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ മനോജ് (42) നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

അടൂര്‍ | ജോലി സംബന്ധമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തൂങ്ങിമരിച്ചു. കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ മനോജ് (42) നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സംബന്ധമായ വഴിവിട്ട പല കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്തതാണ് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാവ് മനോജിനെ പലതവണ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

ഇന്ന് രാവിലെ അധ്യാപികയായ ഭാര്യ സുധീന സ്‌കൂളിലേക്ക് പോയ ശേഷമാണ് കിടപ്പുമുറിയുടെ വാതില്‍ അകത്തു നിന്നും പൂട്ടിയ ശേഷം മനോജ് ഫാനില്‍ തൂങ്ങിയത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ജോലികള്‍ തീര്‍ക്കാനുണ്ടെന്ന് ഭാര്യയോട് രാവിലെ പറഞ്ഞിരുന്നു.

കടമ്പനാട് വില്ലേജില്‍ അമിതമായ ജോലിഭാരമാണ് മനോജ് നേരിടേണ്ടി വന്നിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ദിനംപ്രതി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നൂറുകണക്കിന് അപേക്ഷകളുണ്ടാകും. ഇതിനാല്‍ രാത്രി വൈകിയും പുലര്‍ച്ചെയുമൊക്കെ മനോജ് ജോലി ചെയ്യാറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. ചില ഭരണകക്ഷി നേതാക്കള്‍ വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് പല സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ ചെയ്യണമെന്ന് ഭീഷണി മുഴക്കാറുള്ളതായും ആരോപണമുണ്ട്.

ഇന്നലെ രാവിലെ ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് ഓഫീസില്‍ വരാന്‍ വൈകുമെന്നും സര്‍ക്കാരിലേക്കുള്ള അടങ്കല്‍ തുക ഗൂഗിള്‍ പേ ചെയ്യാമെന്നും പറഞ്ഞിരുന്നു. മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്ന വിവരം മാര്‍ച്ച് നാലിന് മനോജ് ഒരു സഹപ്രവര്‍ത്തകനെ വാട്സാപ്പ് വഴി അറിയിച്ചിരുന്നതായും പറയുന്നു.

ഭാര്യ: സുധീന (അധ്യാപിക, ഗവ. എല്‍ പി സ്‌കൂള്‍ നടുവിലെ മുറി, ശൂരനാട്). മകള്‍: അമേയ (ഗവ. ഹൈസ്‌കൂള്‍, പയ്യനല്ലൂര്‍).

കടമ്പനാട് വില്ലേജ് ഓഫീസില്‍ നടക്കുന്ന രാഷ്ട്രീയ ഭീഷണികള്‍ ഉദ്യോഗസ്ഥരെ ഇതിനും മുമ്പും സമ്മര്‍ദത്തിലാക്കിയിട്ടതായിട്ടുള്ളതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.

 

Latest