Connect with us

siraj editorial

ഭരണഘടനാ സ്ഥാപനങ്ങളില്‍ പൂജകളെന്തിന്?

മതേതരത്വത്തിന് ഒട്ടും നിരക്കാത്തതാണ് കോടതികളിലും ഇതര സര്‍ക്കാര്‍ ഓഫീസുകളിലും ഏതെങ്കിലുമൊരു മതത്തിന്റെ പൂജകളും ചടങ്ങുകളും നടത്തുന്നത്. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കേണ്ടതാണ്.

Published

|

Last Updated

പുണെയില്‍ പുതിയ കോടതി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓക മുന്‍വെച്ച നിര്‍ദേശം ശ്രദ്ധേയമാണ്. കോടതികളുമായി ബന്ധപ്പെട്ട പരിപാടികളിലും ചടങ്ങുകളിലും പൂജ, വിളക്കു കൊളുത്തല്‍ തുടങ്ങിയ മതപരമായ ആചാരങ്ങള്‍ ഒഴിവാക്കണം. പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചു കൊണ്ടായിരിക്കണം പരിപാടികള്‍ തുടങ്ങേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “ഭരണഘടന ഈ വര്‍ഷം നവംബര്‍ 26ന് 75 വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവുമാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന രണ്ട് പ്രധാന വാക്കുകള്‍. ഇതിനോട് നീതി പുലര്‍ത്താനും ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും കോടതികളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ മതപരമായ ആചാരങ്ങള്‍ കൊണ്ടുവരാതിരിക്കുകയാണ് വേണ്ടത്.’ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണമായി ഒഴിവാക്കാനായില്ലെന്നും ജസ്റ്റിസ് അഭയ് എസ് ഓക പറഞ്ഞു. ജസ്റ്റിസ് പി ഡി ദിനകരന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ, കോടതി കെട്ടിടത്തിലോ വളപ്പിലോ വിഗ്രഹങ്ങളും ദൈവിക പ്രതിമകളും ദൈവങ്ങളുടെ ഛായാചിത്രങ്ങളും തൂക്കിയിടുന്നതും പ്രദര്‍ശിപ്പിക്കുന്നതും പൂജകള്‍ നടത്തുന്നതും നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

മതേതരത്വത്തിന് ഒട്ടും നിരക്കാത്തതാണ് കോടതികളിലും ഇതര സര്‍ക്കാര്‍ ഓഫീസുകളിലും ഏതെങ്കിലുമൊരു മതത്തിന്റെ പൂജകളും ചടങ്ങുകളും നടത്തുന്നത്. വ്യക്തികള്‍ക്ക് അവരുടെ മതകാര്യങ്ങളില്‍ (പ്രബോധനം ഉള്‍പ്പെടെ) പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം ഭരണകൂടം ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യം കാണിക്കാതിരിക്കുക എന്നതാണ് ഇന്ത്യന്‍ മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കേണ്ടതാണ്. ഭൂമിയുടെ അധിപ ഭൂമി ദേവിയായതിനാല്‍ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് ദേവിയുടെയും ദിശകളുടെ ദേവനായ വാസ്തുപുരുഷന്റെയും പഞ്ചഭൂത ശക്തികളുടെയും (ഭൂമി, ജലം, വായു, അഗ്നി, ആകാശം) അനുഗ്രഹം വാങ്ങേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന ഭൂമിപൂജ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇടങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെങ്കിലും ദശാബ്ദങ്ങളായി രാജ്യത്തെ പല പൊതുചടങ്ങുകളിലും ഇത് നടക്കുന്നുണ്ട്. 2021 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ സെന്‍ട്രല്‍ വിസ്ത അവന്യൂ നിര്‍മാണം ആരംഭിച്ചത് ഭൂമിപൂജയോടെ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

തമിഴ്‌നാട് ധര്‍മപുരിയിലെ തടാകക്കരയില്‍ 2022 ജൂലൈയില്‍ ഒരു സര്‍ക്കാര്‍ പദ്ധതിക്ക് ഉദ്യോഗസ്ഥ മേധാവികള്‍ ഹൈന്ദവ ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജ നടത്താന്‍ ഒരുങ്ങിയപ്പോള്‍ സ്ഥലത്തെ ഡി എം കെ. എം പി. എസ് സന്തില്‍ കുമാര്‍ അത് തടഞ്ഞു. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മതാചാര പ്രകാരമുള്ള ചടങ്ങ് പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം പി വിലക്കിയത്. ദൈവ പ്രീതിക്കാണ് ഭൂമിപൂജ എന്ന് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചപ്പോള്‍ എങ്കില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ പുരോഹിതരും മതമില്ലാത്തവരുടെ പ്രതിനിധികളും എവിടെ, ഹിന്ദു മതത്തിന്റെ ആചാര്യന്മാര്‍ മാത്രം മതിയോ എന്നായിരുന്നു സന്തില്‍ കുമാറിന്റെ ചോദ്യം. സര്‍ക്കാര്‍ പരിപാടികള്‍ മതപരമായി നടത്താന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയില്ലേ എന്ന് ചോദിച്ച് ഉദ്യോഗസ്ഥരെ അദ്ദേഹം ശാസിക്കുകയും ചെയ്തു.
ഹൈന്ദവരുടെ നവരാത്രി ആഘോഷത്തിലെ ഒരിനമാണ് ആയുധപൂജ. തൊഴിലാളികള്‍ പണിയായുധങ്ങളും കര്‍ഷകര്‍ കലപ്പയും എഴുത്തുകാരന്‍ പേനയും വിദ്യാര്‍ഥികള്‍ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും പൂജക്ക് വെക്കുന്ന ചടങ്ങാണിത്. അസുര രാജാവായ മഹിഷാസുരനെ പാര്‍വതി ദേവിയുടെ അവതാരമായ ചാമുണ്ഡേശ്വരി ദേവി വധിച്ചുവെന്ന ഐതിഹ്യ കഥയാണ് ആയുധപൂജക്കാധാരം. ശ്രീരാമന്‍ ലങ്ക കീഴടക്കിയതിന്റെ സ്മരണക്കാണെന്നും പറയപ്പെടുന്നുണ്ട്. രണ്ടായാലും തീര്‍ത്തും ഹൈന്ദവ ആചാരമാണിത്. എങ്കിലും കേരളത്തിലുള്‍പ്പെടെ രാജ്യത്തുടനീളം സര്‍ക്കാര്‍ ആപ്പീസുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഈ ഹൈന്ദവ ആചാരം അരങ്ങേറുന്നു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭൂമിപൂജ, ആയുധപൂജ തുടങ്ങി സകല പൂജകളും നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു 2018 ഒക്ടോബറില്‍ ഡി എം കെ സര്‍ക്കാര്‍. ബേസിന്‍ ബ്രിഡ്ജ് പോലീസ് സ്റ്റേഷനില്‍ ആയുധപൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് 2018ലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് നിരോധന ഉത്തരവിറക്കിയത്. ഈ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പൂജാ ദിനങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് മേധാവികള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു. ഭരണഘടന മുന്നോട്ടു വെക്കുന്ന തത്ത്വങ്ങള്‍ക്കും മതേതരത്വത്തിന്റെ അന്തസ്സത്തക്കും നിരക്കുന്നതല്ല ഇത്തരം പൂജകളെന്ന ബോധ്യത്തിലാണ് തമിഴ്‌നാട് ഇത് ചെയ്തതും ഡി എം കെ. എം പി. എസ് സന്തില്‍ കുമാര്‍ പൂജ തടസ്സപ്പെടുത്തിയതും. ഇതടിസ്ഥാനത്തില്‍ തന്നെയാണ് ജസ്റ്റിസ് അഭയ് എസ് ഓക കോടതികളെ മതചടങ്ങുകളില്‍ നിന്ന് മുക്തമാക്കണമെന്നാവശ്യപ്പെട്ടതും. അഭിഭാഷകനും നിയമ വിദഗ്ധനുമായ വേണുശര്‍മയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. “അടിസ്ഥാനപരമായി ഞാനൊരു ബ്രാഹ്മണനാണ്. എന്റെ വീട്ടില്‍ മനസ്സോടെയോ അല്ലാതെയോ പല പൂജകളും ബ്രാഹ്മണ്യ കര്‍മങ്ങളും ഞാന്‍ നടത്താറുണ്ട്. എന്നാല്‍ മതേതരത്വത്തിന്റെ വിളംബരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത്തരം കര്‍മങ്ങള്‍ നടത്തുന്നതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല’- ഇതാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട്.