Connect with us

Articles

ഈ നിസ്സഹായത ആരുടെ സൃഷ്ടി?

മധ്യപ്രദേശിലെ ക്രൈസ്തവ ചര്‍ച്ചുകളില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും, വംശീയ വിദ്വേഷത്തിന്റെ ശൂലമുനകളുമായി ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഇവിടെത്തന്നെയുണ്ടാകും. അവര്‍ പ്രതിരോധിക്കപ്പെടേണ്ടത് ആശയപരമായും രാഷ്ട്രീയമായും ആണ്. അതിന് ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ മുന്നോട്ട് വരുമോ എന്ന ചോദ്യമുയരുന്നുണ്ട്.

Published

|

Last Updated

അയോധ്യയിലെ ബാബരി ഭൂമിയില്‍ നരേന്ദ്ര മോദി രാംലല്ല പ്രതിഷ്ഠിക്കുന്നതിന്റെ തലേന്നാള്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാല് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് മുകളില്‍ ജയ് ശ്രീരാം എഴുതിയ കാവിപതാക കെട്ടിക്കൊണ്ട് ‘ആര്‍ എസ് എസിന്റെ രാമരാജ്യ’ത്ത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ഗതി എന്താകുമെന്ന് ഒരിക്കല്‍ കൂടി അവര്‍ ബോധ്യപ്പെടുത്തിയിരിക്കുന്നു. മണിപ്പൂരിലെ ക്രൈസ്തവ വേട്ട ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് എന്ന് സംഘ്പരിവാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ അറുതിയില്ലാതെ തുടരുന്നത്. സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനും അതിനു വേണ്ടി ദേവാലയങ്ങള്‍ സ്ഥാപിക്കാനും എല്ലാ മതവിശ്വാസി സമൂഹങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന അവകാശം ഉറപ്പുനല്‍കുന്നുണ്ട്. അത് ഏതെങ്കിലും ഒരു ഭരണകൂടത്തിന്റെ ഔദാര്യമോ കാരുണ്യമോ അല്ല. ബഹുസ്വരതയെയും മതനിരപേക്ഷതയെയും പ്രാണവായുവായി കരുതുന്ന ഒരു വ്യവസ്ഥക്കകത്ത് ഒരു മതവിഭാഗത്തിന് നിലനില്‍ക്കണമെങ്കില്‍ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ കാരുണ്യം ആവശ്യമാണ് എന്ന് വരുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യയെന്ന മഹാ ആശയത്തിന്റെ ആത്മാവ് തന്നെയാണ്. ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന അനേകം സന്ദര്‍ഭങ്ങളും സംഭവങ്ങളും സമീപ കാലത്ത് ഉണ്ടായിട്ടുണ്ട്. ഭരിക്കാന്‍ ഒരു കൂട്ടര്‍, സഹിക്കാന്‍ മറ്റൊരു കൂട്ടര്‍ എന്നതല്ല ജനാധിപത്യത്തിന്റെ കാതല്‍. ഭരണകൂടത്തിന്റെ എല്ലാ താത്പര്യങ്ങള്‍ക്കും മുകളില്‍ ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുകയാണ് ജനാധിപത്യത്തിന്റെ താത്പര്യമായി ഭരണഘടനാനിര്‍മാതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. ജനാഭിലാഷം എന്ന ആശയത്തെ മതാഭിലാഷം എന്ന തരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങളാണ് നമ്മുടെ രാജ്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികള്‍ക്ക് വിശ്വാസമാകാം, അത് ഭരണകൂടത്തിന്റെ ഭാഗമായ ആളുകള്‍ക്കുമാകാം. അതിനപ്പുറം ഭരണകൂടം തന്നെ സ്വയമേ ഒരു മതമായി മാറുകയും ആ മതത്തെ രാഷ്ട്രത്തിന്റെ മതമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്നതുമാണ് നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന്.

ഹിന്ദുത്വ എന്ന രാഷ്ട്രീയ പ്രമേയത്തെ ഹിന്ദു എന്ന സംസ്‌കാരത്തോട് സമന്വയിപ്പിച്ചുകൊണ്ട് രാജ്യാധികാരത്തെ എങ്ങനെ സ്ഥിരപ്പെടുത്താം എന്ന് ആലോചിച്ചുറപ്പിച്ചതിന്റെ പടപ്പുറപ്പാടുകള്‍ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അയോധ്യയിലെ രാംലല്ലാ പ്രതിഷ്ഠാപനം അതില്‍ അവസാനത്തേത് ആകില്ല. വിശ്വാസമേത് രാഷ്ട്രീയമേത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം അധികാര സംവിധാനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന ഹിന്ദുത്വ അജന്‍ഡ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടെ അവസാനിക്കുകയില്ല. ആ അജന്‍ഡ ആരംഭിച്ചത് അയോധ്യയില്‍ നിന്നല്ല എന്നതുതന്നെ കാരണം.

പശു രാഷ്ട്രീയത്തില്‍ കൈപൊള്ളിയ അനുഭവം ആര്‍ എസ് എസിനും ഹിന്ദു മഹാസഭക്കുമുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിന് മുമ്പ് ഗോരക്ഷാ പ്രസ്ഥാനവുമായി രംഗത്തുണ്ടായിരുന്നു ഹിന്ദു മഹാസഭ. ആര്‍ എസ് എസ് പിന്നീട് അത് ഏറ്റെടുക്കുന്നുണ്ട്. ഗോമാംസം ഭക്ഷിക്കുന്ന ഒരാള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയില്ല എന്ന് എഴുതിയത് ആര്‍ എസ് എസിന്റെ രണ്ടാം സര്‍ സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കറാണ്. വിചാരധാരയില്‍ ഇങ്ങനെ വായിക്കാം: ‘ഗോവധ നിരോധന പ്രസ്ഥാനം നടന്നുകൊണ്ടിരിക്കേ എനിക്ക് അനുഭവപ്പെട്ട പഠനാര്‍ഹമായ ഒരു സംഭവം പറയാം. വളരെ പണ്ഡിതനും പ്രസിദ്ധനുമായ ഒരാളെ (അദ്ദേഹം തീവ്ര രാജ്യസ്നേഹം കൊണ്ട് പ്രസിദ്ധനാണ്) ഞാന്‍ പരിചയപ്പെട്ടു. ഞങ്ങളുടെ സംഭാഷണ മധ്യേ അദ്ദേഹം ചോദിച്ചു, ഒരു ഹിന്ദു ഗോമാംസം ഭക്ഷിക്കുന്നത് കൊണ്ട് എന്ത് അപകടമാണുള്ളത്? ഈ വാക്കുകള്‍ ഞാന്‍ വളരെയധികം ആദരിക്കുന്ന അദ്ദേഹത്തില്‍ നിന്ന് വന്നപ്പോള്‍ തരിച്ചു പോയി. ഒരു അധമനായ ഹിന്ദു കൂടി ഓര്‍ക്കാന്‍ വിമ്മിഷ്ടപ്പെടുന്ന ഈ ആശയങ്ങള്‍ അദ്ദേഹം എങ്ങനെ പറഞ്ഞൊപ്പിച്ചു എന്ന് ചിന്തിച്ചു പോയി. മുസ്ലിംകളെക്കുറിച്ചും അവരുടെ ദുര്‍ഗുണങ്ങളെക്കുറിച്ചുമുള്ള ചിന്ത അയാളുടെ മനസ്സില്‍ ആഴമേറിയ മുദ്രങ്ങള്‍ ഏര്‍പ്പെടുത്തി. അങ്ങനെ അദ്ദേഹം രാഷ്ട്രീയമായി ഒരു ഹിന്ദുവായി തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ സാംസ്‌കാരികമായി ഒരു മുസ്ലിമായിക്കഴിഞ്ഞിരുന്നു’. ഇന്ത്യയില്‍ ബീഫ് പാടെ ഉപേക്ഷിച്ചത് ഒരു സമൂഹം എന്ന നിലയില്‍ ബ്രാഹ്മണര്‍ മാത്രമാണ്. അതിന് പുറത്തു നില്‍ക്കുന്ന ഹിന്ദു സുഹൃത്തുക്കള്‍ ധാരാളം പേര്‍ ബീഫ് ഉപയോഗിക്കുന്നതാണ് ഇന്ത്യന്‍ അനുഭവം. അങ്ങനെയുള്ളവരെ ഹിന്ദു സംസ്‌കാരത്തിന് പുറത്തുനിര്‍ത്താനാണ് ആര്‍ എസ് എസ് ആചാര്യന്‍ ഉദ്യമിക്കുന്നത്. അഥവാ ആര്‍ എസ് എസ് ഒരു ബ്രാഹ്മണ പ്രസ്ഥാനമാണ് എന്ന വസ്തുതയെ അരക്കിട്ടുറപ്പിക്കുകയാണ് എം എസ് ഗോള്‍വാള്‍ക്കര്‍. അധമഹിന്ദു എന്ന പ്രയോഗം ഒട്ടും യാദൃച്ഛികമല്ല എന്നുതന്നെ മനസ്സിലാക്കണം.

ഗോവധ പ്രസ്ഥാനത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയ ആര്‍ എസ് എസിന്റെ മുന്നില്‍ പിന്നീടുണ്ടായിരുന്നത് രണ്ട് വഴികളാണ്. ഒന്ന്, ഹിന്ദു ഇതര സമൂഹങ്ങള്‍ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക. രണ്ട്, ജാതിഭേദമില്ലാതെ ഹിന്ദു സമുദായത്തിലെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു പ്രസ്ഥാനം രൂപപ്പെടുത്തുക. ആദ്യം അവര്‍ ഹിന്ദു എന്ന സംസ്‌കാരത്തെ മതമായി പരിവര്‍ത്തിപ്പിച്ചു. ആ മതത്തിന് മാത്രമാണ് ഇന്ത്യയില്‍ നിലനില്‍ക്കാനുള്ള അര്‍ഹത എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചു. അതിന് പുറത്തു നില്‍ക്കുന്നവരെല്ലാം അധിനിവേശകരാണ് എന്നും അകറ്റിനിര്‍ത്തപ്പെടേണ്ടവരാണ് എന്നും നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ജര്‍മനിയില്‍ ഹിറ്റ്ലര്‍ എങ്ങനെയാണോ ആര്യനിസത്തെ രാഷ്ട്രീയാധികാര ശക്തിയാക്കി വളര്‍ത്തിയെടുത്തത് അതേ വഴിയില്‍ തന്നെയാണ് ഇന്ത്യയില്‍ ആര്‍ എസ് എസും പ്രവര്‍ത്തിച്ചത്. ഗോവധ പ്രസ്ഥാനത്തിനു ശേഷം ആര്‍ എസ് എസ് മനപ്പൂര്‍വം സൃഷ്ടിച്ചെടുത്ത അജന്‍ഡയാണ് ബാബരി മസ്ജിദിന്മേലുള്ള അവകാശവാദങ്ങള്‍. 1980കളില്‍ അതൊരു പ്രസ്ഥാനമായി രൂപപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. രാജ്യത്തെ ഹൈന്ദവ വിശ്വാസികളില്‍ വലിയൊരു വിഭാഗം ശ്രീരാമ ഭക്തരാണ് എന്നത് ആര്‍ എസ് എസിന് കാര്യങ്ങള്‍ എളുപ്പമാക്കി. 1992 ഡിസംബര്‍ ആറിന്, അയോധ്യയില്‍ അവര്‍ ലക്ഷ്യമിട്ടത് നടപ്പാക്കി. മുസ്ലിം പള്ളി നിലംപരിശാക്കി. കേന്ദ്രാധികാരമോ പട്ടാളമോ കോടതിയോ ആരുമാരും അവരെ തടഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ പഴിചാരി. സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായത അഭിനയിച്ചു. പള്ളി തകര്‍ക്കപ്പെട്ടു എന്ന യാഥാര്‍ഥ്യം മാത്രം ബാക്കിയായി. നിരാശയുടെ നടുക്കടലിലേക്ക് ഇന്ത്യയിലെ മുസ്ലിം സമുദായം എടുത്തെറിയപ്പെട്ടു. പള്ളി തകര്‍ക്കപ്പെട്ടു എന്നത് മാത്രമായിരുന്നില്ല ആ നിരാശയുടെ അടിസ്ഥാനം. ഇന്ത്യന്‍ മതനിരപേക്ഷതക്കും ബഹുസ്വരതക്കും കാവലിരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ച ഒരു പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്ര സര്‍ക്കാറും നിസ്സംഗമായി നിന്നതിലെ നിരാശയാണ് മുഴച്ചുനിന്നത്. രാഷ്ട്രം തോറ്റു പോകുകയാണല്ലോ എന്ന്, ആ തോല്‍വിക്ക് ജനാധിപത്യ ഭരണകൂടങ്ങള്‍ കൂട്ടിരിക്കുകയാണല്ലോ എന്ന് മുസ്ലിം സമുദായം ചിന്തിച്ചുപോയി. അയോധ്യയിലെ പള്ളി നിന്ന സ്ഥലത്ത് കോടതി അനുമതിയോടെ ആര്‍ എസ് എസ് ട്രസ്റ്റ് രാമക്ഷേത്രം നിര്‍മിച്ചു, പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷപൂര്‍വം നടത്തി. ഹിന്ദുത്വര്‍ അവിടെ നിര്‍ത്തില്ലെന്ന് പറഞ്ഞുവല്ലോ. അതിന്റെ തെളിവാണ് മധ്യപ്രദേശില്‍ ക്രൈസ്തവ പ്രാര്‍ഥനാലയങ്ങള്‍ക്ക് നേരേ ഉണ്ടായ അതിക്രമങ്ങള്‍. ആ ദേവാലയങ്ങള്‍ക്ക് മുകളില്‍ കൊടി കെട്ടിയത് ആരാണ് എന്നത് അജ്ഞാതമല്ല. ആള്‍ക്കൂട്ടം എന്ന് മാധ്യമങ്ങള്‍ പറയുമ്പോഴും ആ ആള്‍ക്കൂട്ടത്തെ നയിച്ച വികാരം എന്തെന്ന്, അവരുടെ രാഷ്ട്രീയമെന്തെന്ന്, അവരുടെ പ്രത്യയശാസ്ത്രം എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ആ ദൃശ്യങ്ങളും അവിടെ മുഴങ്ങിയ ജയ്ശ്രീറാം വിളികളും തെളിവായുണ്ട്. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്, കേസെടുത്തിട്ടില്ല എന്നാണ് ക്രൈസ്തവ സംഘടനകള്‍ പറയുന്നത്. എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യം പോലും വര്‍ത്തമാന ഇന്ത്യയില്‍ അപ്രസക്തമായി കഴിഞ്ഞു. സമാനമായ സംഭവങ്ങളില്‍ മുന്‍കാലങ്ങളില്‍ എടുത്ത കേസുകളില്‍ എന്ത് സംഭവിച്ചു എന്നന്വേഷിച്ചാല്‍ കേസെടുത്തിട്ട് എന്താണ് എന്ന ചോദ്യം സ്വാഭാവികതയോടെ നമ്മുടെ ഉള്ളില്‍ നുരഞ്ഞുയരും. മധ്യപ്രദേശിലെ ക്രൈസ്തവ ചര്‍ച്ചുകളില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും, വംശീയ വിദ്വേഷത്തിന്റെ ശൂലമുനകളുമായി ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഇവിടെത്തന്നെയുണ്ടാകും. അവര്‍ പ്രതിരോധിക്കപ്പെടേണ്ടത് ആശയപരമായും രാഷ്ട്രീയമായും ആണ്. അതിന് ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ മുന്നോട്ട് വരുമോ എന്ന ചോദ്യമുയരുന്നുണ്ട്. പക്ഷേ, നിരാശപ്പെടുത്തുന്ന ഉത്തരമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്. അങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയതിന്റെ കാരണം കൂടി വ്യക്തമാക്കാം.

1999 ജനുവരി 22ന് അര്‍ധ രാത്രിയിലാണ്, ക്രൈസ്തവ മതപ്രചാരകന്‍ ആയിരുന്ന ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ജീപ്പില്‍ ഉറങ്ങിക്കിടക്കവെ ഹിന്ദു വര്‍ഗീയവാദികള്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയത്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍ ദാരാസിംഗിന്റെ നേതൃത്വത്തില്‍ എത്തിയ അമ്പതോളം പേരാണ് ഗ്രഹാമിനും മക്കള്‍ക്കുമുള്ള ‘വധശിക്ഷ’ നടപ്പാക്കിയത്. കുറ്റം, ക്രൈസ്തവ മതപ്രചാരണം. കുഷ്ഠ രോഗികള്‍ക്കിടയിലാണ് ഗ്രഹാംസ്റ്റെയിന്‍സും ഭാര്യയും പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് പേരും ക്രൈസ്തവ മിഷനറിമാരായിരുന്നു. ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ ക്രൈസ്തവതയിലേക്ക് ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു ഹിന്ദുത്വ ശക്തികളുടെ ആരോപണം. അവര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ പോലും അനുവദിക്കാതെ ജീപ്പിനു തീകൊളുത്തി പിതാവിനെയും മക്കളെയും കരിക്കട്ടയാക്കി ആ രാത്രിയില്‍ വര്‍ഗീയവാദികള്‍. ഈ കൊലപാതകം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ആസ്ത്രേലിയയില്‍ നിന്നുള്ളയാളാണ് ഗ്രഹാംസ്റ്റെയിന്‍സ് എന്നതുകൊണ്ട് കൂടിയാകണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം വലിയ വാര്‍ത്തയാക്കി. ഇന്ത്യ ലോകത്തിനു മുമ്പില്‍ നാണംകെട്ട് നില്‍ക്കേണ്ടി വന്നു ആ നാളുകളില്‍. കേസില്‍ ശിക്ഷിക്കപ്പെട്ട ഒരേ ഒരാള്‍ ദാരാസിംഗ് ആയിരുന്നു. ഒറ്റക്ക് ഒരാള്‍ നടത്തിയ പാതകം എന്ന രീതിയില്‍ അത് കോടതി മുറിയില്‍ സമര്‍ഥിക്കപ്പെട്ടു. അതിനര്‍ഥം, പോലീസ് ആ നിലക്ക് കേസിനെ ഒതുക്കിത്തീര്‍ത്തു എന്നാണ്. വിചാരണാ കോടതി ദാരാസിംഗിന് വധശിക്ഷ വിധിച്ചുവെങ്കിലും ഒഡീഷ ഹൈക്കോടതി ജീവപര്യന്തമായി ശിക്ഷ കുറച്ചു. പിന്നീട് സുപ്രീം കോടതി ഈ വിധിയെ ശരിവെച്ചു. ആ കേസില്‍ ഒന്നിലേറെ പ്രതികള്‍ ശിക്ഷിക്കപ്പെടരുത് എന്ന് ആരെല്ലാമോ തീരുമാനിച്ചിരുന്നു എന്നുറപ്പാണ്. അതുതന്നെയാണ് സംഭവിച്ചത്. തന്റെ ഭര്‍ത്താവിനെയും പൊന്നുമക്കളെയും കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കുമ്പോഴും ഗ്രഹാമിന്റെ വിധവ ഗ്ലാഡിസ് ജെയിന്‍ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്, ഒരു ഭരണകൂടത്തിന് ഇത്ര നിസ്സംഗമാകാന്‍ കഴിയുമോ, പ്രതികളോട് നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുമോ എന്നാണ് ചങ്കില്‍ തറക്കുന്ന ആ ചോദ്യം.

ഒരു ജനുവരി 22 കൂടി കടന്നുപോയി. മാധ്യമങ്ങള്‍ രാംലല്ലയുടെ ആഘോഷത്തിലായിരുന്നു എന്നുവെക്കാം. ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ അന്നേരം എന്തെടുക്കുകയായിരുന്നു? കത്തിച്ചാമ്പലാക്കപ്പെട്ട ഗ്രഹാമിനെയും മക്കളെയും ഓര്‍മകളിലേക്ക് തിരിച്ചു വിളിക്കുന്ന ഒരു ചടങ്ങെങ്കിലും ക്രൈസ്തവ സഭകളുടെയോ സമുദായത്തിന്റെയോ നേതൃത്വത്തില്‍ നടന്നതായി എവിടെയും കണ്ടില്ല. പ്രതികരിക്കേണ്ടിടത്ത് മൗനം പാലിച്ചും പ്രതിഷേധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നിഷ്‌ക്രിയമായുമുള്ള ഈ നില്‍പ്പാണ് കൂടുതല്‍ ചര്‍ച്ചുകള്‍ക്ക് നേരേ അക്രമം അഴിച്ചുവിടാന്‍ ഹിന്ദുത്വ വര്‍ഗീയതക്ക് പിന്‍ബലമാകുന്നത്. എത്രയേറെ ക്രൈസ്തവ സൗഹൃദമാകാന്‍ ഇന്ത്യയില്‍ ബി ജെ പി ശ്രമിക്കുമ്പോഴും മറുഭാഗത്ത് മുസ്ലിംകള്‍ക്കെതിരെ എന്ന പോലെ ക്രൈസ്തവര്‍ക്കുമെതിരെ സംഘ്പരിവാര്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മണിപ്പൂരില്‍ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. ആ കലാപത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത് ക്രൈസ്തവ സമൂഹങ്ങള്‍ക്കാണ് എന്നത് രഹസ്യവുമല്ല. രണ്ട് യുവതികള്‍ നഗ്നരായി തെരുവിലൂടെ വലിച്ചിഴക്കപ്പെട്ടത് നടുക്കത്തോടെയാണ് നമ്മള്‍ കണ്ടത്. രാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കുന്ന സ്ത്രീസുരക്ഷയുടെ ഗ്യാരണ്ടികളൊന്നും മണിപ്പൂരിലെ ക്രൈസ്തവ സ്ത്രീകള്‍ക്ക് ബാധകമല്ല! അങ്ങനെ സംഭവിക്കണമെങ്കില്‍, ഭരണകൂടം നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയും പൗരന്മാര്‍ക്കിടയില്‍ തുല്യമായി നീതി വിതരണം നടത്തുകയും വേണം. മണിപ്പൂരില്‍ ഭരണകൂടത്തിന്റെ തന്നെ ഒത്താശയോടെയാണ് അക്രമികള്‍ നാടുചുറ്റുന്നത് എന്ന് ക്രൈസ്തവസഭകള്‍ തന്നെ ഇതിനകം ആരോപിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് നീതി എവിടെ എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും കഴിയാത്ത വിധം അശക്തമായ സമൂഹ ശരീരമാണ് ക്രൈസ്തവതയുടേതെങ്കില്‍ മണിപ്പൂരിലേതിനു സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. അരുതേ എന്ന് ഉറക്കെ പറയാന്‍ പോലും കഴിയാതാകുക എന്നാല്‍ നിസ്സഹായതയുടെ ആഴക്കുഴിയിലേക്ക് നിപതിക്കുക എന്നു തന്നെയാണര്‍ഥം. ആ നിസ്സഹായതയിലേക്ക് ക്രൈസ്തവ സഭകള്‍ എങ്ങനെയാണ് ചെന്നുപതിച്ചത്? സഭാനേതൃത്വങ്ങള്‍ സ്വയം വിമര്‍ശപരമായി ഇക്കാര്യം പരിശോധിക്കുന്നത് നല്ലതാണ്. ഈ രാജ്യം ഞങ്ങളുടേതു കൂടിയാണ് എന്ന് സംഘ്പരിവാറിനെ ഓര്‍മിപ്പിക്കാനും സഭാധ്യക്ഷന്മാര്‍ സന്നദ്ധമാകേണ്ടിയിരിക്കുന്നു.

 

Latest