Connect with us

Kerala

വയനാട്ടില്‍ ബിവറേജ് പരിസരത്തുനിന്നും ആളുകളെ തട്ടിക്കൊണ്ടുപോയി പണം കവരുന്ന രണ്ട് പേര്‍ കര്‍ണാടകയില്‍ പിടിയില്‍

മുഖ്യപ്രതിയായ മുഹമ്മദ് ബഷീറിനെതിരെ മാനന്തവാടി, കല്‍പ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലായി എന്‍ഡിപിഎസ്, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സൈദുള്ളയ്‌ക്കെതിരെ കല്‍പ്പറ്റ സ്റ്റേഷനിലും കേസുണ്ട്.

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടില്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് സമീപംവെച്ച് ആളുകളെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിവന്ന സംഘം കര്‍ണാടകയില്‍ പിടിയില്‍. പടിഞ്ഞാറത്തറ മന്ദംകണ്ടിയില്‍ മുഹമ്മദ് ബഷീര്‍ (45), പീച്ചങ്കോട് കാളിയാര്‍ വീട്ടില്‍ സൈദുള്ള (36) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പനമരത്തും പടിഞ്ഞാറത്തറയിലുമായി സമാന രീതിയില്‍ കവര്‍ച്ചകള്‍ നടത്തി ഇവര്‍ പിന്നീട് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പനമരം പോലീസ് ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഖ്യപ്രതിയായ മുഹമ്മദ് ബഷീറിനെതിരെ മാനന്തവാടി, കല്‍പ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലായി എന്‍ഡിപിഎസ്, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സൈദുള്ളയ്‌ക്കെതിരെ കല്‍പ്പറ്റ സ്റ്റേഷനിലും കേസുണ്ട്.

ഓഗസ്റ്റ് 31ന് ഉച്ചയോടെയാണ് പടിഞ്ഞാറത്തറ നായ്മൂല ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുനിന്ന് സംഘം ആദ്യ കവര്‍ച്ച നടത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ ബിജോയിയില്‍ നിന്നും ലോട്ടറി വാങ്ങിയ ശേഷം പണം നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയും, തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു.അതേദിവസം തന്നെ നടവയല്‍ സ്വദേശിയെ ബലമായി കാറില്‍ പിടിച്ചുകയറ്റി മര്‍ദ്ദിച്ച് പണവും മദ്യവും കവര്‍ന്ന ശേഷം വഴിയില്‍ തള്ളുകയായിരുന്നു.

അന്ന് രാത്രി കല്‍പ്പറ്റ ബിവറേജിന് സമീപം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും കല്‍പ്പറ്റ പോലീസ് കരുതല്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഇരകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതത് സ്റ്റേഷനുകളില്‍ കേസെടുക്കുകയും പൊലീസ് സംഘം കര്‍ണാടകയിലെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

Content Highlights: Wayanad police arrested two men from Karnataka for kidnapping and robbing people near beverage outlets. The accused, with multiple prior criminal cases, targeted victims in Panamaram and Padinjarathara. They were tracked down and taken into custody by a special police squad from Chamarajanagar.

 

---- facebook comment plugin here -----

Latest