Connect with us

ഫെഡറൽ

ഹിന്ദുത്വ പരീക്ഷണ ഭൂമിയിലെ വോട്ടുചൂര്

പിന്നാക്കാവസ്ഥ മറച്ചുപിടിക്കാനാണ് ഹിന്ദുത്വയുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തുവരുന്നത്.

Published

|

Last Updated

ഒരിക്കല്‍ കൂടി ബി ജെ പിക്ക് കേന്ദ്ര ഭരണം ലഭിച്ചാല്‍ ആദ്യ വര്‍ഷം തന്നെ അവതരിപ്പിക്കാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ഏക സിവില്‍ കോഡ് മുന്‍കൂട്ടി നടപ്പാക്കി ഹിന്ദുത്വയില്‍ ചാമ്പ്യനായ ഘട്ടത്തിലാണ് ഉത്തരാഖണ്ഡ് ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ നിലവറയില്‍ പൂജ ചെയ്യാന്‍ കോടതി ഉത്തരവിട്ടതിന്റെ ചൂടാറും മുമ്പ് അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മസ്ജിദും മദ്റസയും തകര്‍ത്തും ലഹളയിലേക്ക് നയിച്ചും ഒരിക്കല്‍ കൂടി ബി ജെ പി സര്‍ക്കാര്‍ ഹിന്ദുത്വയെ ശാക്തീകരിച്ചു. ബാന്‍ഫൂല്‍പുരയിലെ കമ്പനി ബാഗ് പ്രദേശത്ത് 2002ല്‍ നിര്‍മിച്ച മറിയം മസ്ജിദും അബ്ദുര്‍റസാഖ് സകരിയ്യ മദ്റസയുമാണ് കോര്‍പറേഷന്‍ തകര്‍ത്തത്. കോടതി തീര്‍പ്പാക്കുന്നതിന് മുമ്പായിരുന്നു ഈ ധൃതി. തുടര്‍ന്നുണ്ടായ ലഹളയില്‍ പത്ത് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി.

ഇതിനാണിത്ര ധൃതി
ഹിന്ദുത്വവത്കരണത്തില്‍ ഉത്തരാഖണ്ഡ് പ്രകടിപ്പിക്കുന്ന ഈ ധൃതി ചില മറച്ചുപിടിക്കലുകള്‍ക്ക് വേണ്ടിയാണെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാം. വര്‍ഷം തോറും വര്‍ധിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സ്ഥിതി ശോകമാണ്. ആകെയുള്ളത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറിന്റെ മറവില്‍ ലഭിക്കുന്ന ഫണ്ടുകളും തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പശ്ചാത്തല സൗകര്യ വികസനവും.

2021ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ആളോഹരി വരുമാനം 2016- 17 വര്‍ഷത്തെ നിലക്ക് താഴെയെത്തി. പി സി ഐ വളര്‍ച്ച ആ വര്‍ഷം ഒമ്പത് ശതമാനമായിരുന്നെങ്കില്‍ 2020- 21ല്‍ നെഗറ്റീവ് ഒമ്പത് ശതമാനമായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി എസ് ഡി പി) ആകട്ടെ 9.8 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 6.5 ശതമാനത്തിലേക്ക് താഴ്ന്നു. കൊവിഡ് മഹാമാരി മാത്രമല്ല ഇതിന് കാരണം. അതിന് മുമ്പുള്ള വര്‍ഷങ്ങളിലും വളര്‍ച്ച താഴേക്കാണെന്ന് കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. നാല് വര്‍ഷം കൊണ്ട് സംസ്ഥാന കടം 64 ശതമാനമായി. 2021 മാര്‍ച്ചോടെ സംസ്ഥാനത്തിന്റെ പൊതുകടം 72,835 കോടിയാണ്. സര്‍ക്കാറിന്റെ സാമ്പത്തിക പിടിപ്പുകേട് കാരണം വില കുതിക്കുകയും തൊഴിലവസരം കൂപ്പുകുത്തുകയുമാണ്. 2014 മുതല്‍ 2017 വരെ വിലക്കയറ്റം ദേശീയ ശരാശരിക്ക് താഴെയായിരുന്നു. 2017- 18ല്‍ ഈ നില മാറി. അതിപ്പോഴും തുടരുന്നു. 2021ല്‍ ശരാശരി പണപ്പെരുപ്പം 8.1 ശതമാനമായിരുന്നെങ്കില്‍ ദേശീയ ശരാശരി 6.2 ശതമാനമായിരുന്നു.

തൊഴിലില്ല
തൊഴിലില്ലായ്മ നിരക്ക് ആറിരട്ടിയിലേറെയാണ്. 2016- 17ല്‍ 1.61 ശതമാനമായിരുന്നെങ്കില്‍ 2020- 21ല്‍ 10.99 ശതമാനമായി ഉയര്‍ന്നു. 2021 വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് തൊഴിലില്ലാത്തവരുടെ എണ്ണം 4.4 ലക്ഷമായി. അതായത് ഓരോ മണിക്കൂറിലും നിലവിലുള്ള പത്ത് തൊഴിലുകള്‍ നഷ്ടപ്പെടുന്നു. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 34.5 ശതമാനമാണെങ്കില്‍ വനിതകളുടെത് 52.5 ശതമാനമാണ്. ഫാക്ടറി തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ഇതിനര്‍ഥം അസംഘടിത മേഖലകളേക്കാള്‍ തൊഴില്‍ നഷ്ടമാണ് സംഘടിത മേഖലകളുടെത് എന്നാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സി എം ഐ ഇ)യുടെ റിപോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മയില്‍ ഒമ്പതാം റാങ്കാണ് ഉത്തരാഖണ്ഡിന്. ഗ്രാമീണ യുവജനതയില്‍ മൂന്നിലൊന്നും തൊഴിലില്ലാത്തവരാണ്. സംസ്ഥാനത്തെ ഗ്രാമ, മലമ്പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത്. അവരാണ് ഇതുസംബന്ധിച്ച് ഉറക്കെ പറയുന്നതും.

ആകെ ശോകം
ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും ഈ പതിതാവസ്ഥ കാണാം. നിതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം സംസ്ഥാനത്തിന്റെ റാങ്ക് 14ല്‍ നിന്ന് 15 ആയി. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആംബുലന്‍സുകളുടെ എണ്ണം വര്‍ഷാവര്‍ഷം കുറയുന്ന ഏതാനും സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. 2020ലെ എ എസ് ഇ ആര്‍ സര്‍വേ അനുസരിച്ച് സംസ്ഥാനത്തെ ഓരോ നാലാമത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്കും പാഠപുസ്തകങ്ങളില്ല. അഞ്ചില്‍ നാല് പേര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ലഭ്യമായിരുന്നില്ല. ഗ്രാമീണ, മലയോര പ്രദേശങ്ങളിലുള്ളവരാണ് ഈ ദുരിതമൊക്കെയും പേറുന്നത് എന്നത് ചേര്‍ത്തുവായിക്കണം.

ഈയൊരു പിന്നാക്കാവസ്ഥ മറച്ചുപിടിക്കാനാണ് ഹിന്ദുത്വയുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തുവരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും മറ്റ് ബി ജെ പി സര്‍ക്കാറുകളുടെയും പാത ഉത്തരാഖണ്ഡും പിന്തുടരുന്നു എന്ന് മാത്രം. ഉത്തര്‍ പ്രദേശും അസമും മധ്യപ്രദേശും ഗുജറാത്തുമെല്ലാം തരാതരം പോലെ വര്‍ഗീയ കാര്‍ഡ് ഇറക്കാറുണ്ടല്ലൊ.

ഇന്നും തൊട്ടുകൂടായ്മ!
ജാതി വിവേചനവും ദളിതുകള്‍ക്കെതിരായ ആക്രമണവും വര്‍ധിക്കുന്ന കാഴ്ച കൂടിയുണ്ട് സംസ്ഥാനത്ത്. തൊട്ടുകൂടായ്മ വരെ നിലനില്‍ക്കുന്നുണ്ട്. മേല്‍ജാതിക്കാരന്റെ തൊട്ടടുത്ത് നിന്ന് ഭക്ഷണം കഴിച്ചതിനും മേല്‍ജാതിക്കാരുണ്ടായിരുന്ന ധാന്യ മില്ലിലേക്ക് കടന്നതിനും ദളിതുകളെ അടിച്ചുകൊന്ന സംഭവങ്ങള്‍ ഈ എ ഐ കാലത്തും ഉത്തരാഖണ്ഡില്‍ നടക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ജാതീയ ആക്രമണങ്ങള്‍ 2018ലെ 58 ശതമാനത്തില്‍ നിന്ന് 2019ല്‍ 82 ശതമാനമായി ഉയര്‍ന്നു. ദളിതുകള്‍ ഭൂരിപക്ഷമായ ബജേതി ഗ്രാമത്തില്‍ മേല്‍ജാതിക്കാര്‍ ഇപ്പോള്‍ തൊട്ടുകൂടായ്മ കൊണ്ടുനടക്കുന്നു എന്നുവരുമ്പോള്‍ അറിയാം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ജാതീയ വൈകൃതം. ഒര്‍ധ് (കല്ലാശാരി), ലോഹാര്‍ (കൊല്ലന്‍), തംത (പാത്ര നിര്‍മാണക്കാരന്‍), ധോളി (ഗായകര്‍), ചാമാര്‍ (മൃഗത്തോല്‍ ഊറക്കിടുന്നവര്‍), ജമാദര്‍ (ശുചീകരണ തൊഴിലാളികള്‍) എന്നിവരെയാണ് തൊട്ടുകൂടാത്തവരായി ജാതിവൈകൃതര്‍ കാണുന്നത്. 20 ശതമാനത്തോളം ദളിതുകളാണ് സംസ്ഥാനത്തുള്ളത്. പട്ടിക വര്‍ഗക്കാരും ഒ ബി സിക്കാരും ദളിതുകളും ചേരുമ്പോള്‍ 23 ശതമാനം വരും. 13.5 ശതമാനമാണ് മുസ്ലിംകള്‍. അതേസമയം, 35 ശതമാനം വരുന്ന ഠാക്കൂര്‍മാരും 25 ശതമാനമുള്ള ബ്രാഹ്്മണരുമാണ് അധികാരത്തിലും സമൂഹത്തിലും സമ്പത്തിലും പ്രബലര്‍. കോണ്‍ഗ്രസ്സാണെങ്കിലും ബി ജെ പിയാണെങ്കിലും ഈ സമുദായാംഗങ്ങളെയാണ് മുഖ്യന്ത്രി സ്ഥാനാര്‍ഥിയാക്കാറുള്ളത്.

പ്രകൃതി ദുരന്തങ്ങളുടെ ദുരിത കഥയുണ്ട് സംസ്ഥാനത്തിന്. 2020 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ ഉരുള്‍പൊട്ടലില്‍ 2900 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പലയിടങ്ങളിലും ഭൂമിയില്‍ വിള്ളലുണ്ടാകുന്ന പ്രതിഭാസവും ഈയടുത്തുണ്ടായി. ഇങ്ങനെയാണെങ്കിലും ഖനനവും അണക്കെട്ട് നിര്‍മാണവും തുരങ്ക നിര്‍മാണവുമൊക്കെയായി ലോല പരിസ്ഥിതി പ്രദേശമായ ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ക്ക് മുമ്പാണ് ഖനനം എളുപ്പമാക്കുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഇത്തവണയും അഞ്ച് ലോക്സഭാ മണ്ഡലങ്ങളും തൂത്തുവാരാനാണ് ബി ജെ പിയുടെ നീക്കം. പിന്നാക്ക വിഭാഗങ്ങളെയടക്കം പരിഗണിച്ച് ഒരു ലോക്സഭാ മണ്ഡലമെങ്കിലും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ പോരാട്ടം.

 

Latest