Connect with us

National

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ തേടി ടി വി കെ അധ്യക്ഷൻ വിജയ്

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസിന്റെ തമിഴ്‌നാട് ഘടകം നാളെ ചെന്നൈയിൽ യോഗം ചേരും.

Published

|

Last Updated

ന്യൂഡൽഹി | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിന്റെ പിന്തുണ തേടി ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദ്രവീഡിയൻ രാഷ്ട്രീയത്തിലെ പ്രബല ശക്തികളായ ഡി എം കെ, എ ഐ എ ഡി എം കെ പാർട്ടികളുടെ ആധിപത്യം തകർത്തുകൊണ്ടാണ് വിജയ്ലിന്റെ നേതൃത്വത്തിലുള്ള ടി വി കെ നിർണ്ണായക മുന്നേറ്റം നടത്തിയത്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസിന്റെ തമിഴ്‌നാട് ഘടകം നാളെ ചെന്നൈയിൽ യോഗം ചേരും. തമിഴ്‌നാട്ടിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുന്നത് തടയണമെന്നതാണ് പാർട്ടിയുടെ നിലപാടെന്നും മതേതര സർക്കാരിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ടി വി കെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് അനുമതി നൽകിയിട്ടുണ്ട്. മറ്റ് ചില കക്ഷികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.

ടി വി കെ അധ്യക്ഷൻ വിജയ് കോൺഗ്രസ് അധ്യക്ഷന് പിന്തുണ തേടി കത്തയച്ചതായി തമിഴ്‌നാട് കോൺഗ്രസ് ഇൻ ചാർജ് ഗിരീഷ് ചോദങ്കർ സ്ഥിരീകരിച്ചു. വിജയ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകൾ ടി വി കെക്ക് അനുകൂലമായി മാറിയെന്നും അദ്ദേഹം നിരീക്ഷിച്ചു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടി വി കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വിജയ് ജനങ്ങൾക്ക് നന്ദി അറിയിച്ചു. നിരവധി വിമർശനങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കുറിച്ചു. തന്നെ പിന്തുണച്ച തമിഴ് ജനതയോടും പ്രവർത്തകരോടും ആജീവനാന്തം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജിക്കത്ത് നൽ. തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ച വിജയ് എം എൽ എ സ്ഥാനം രാജിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Summary

TVK chief Vijay has officially sought the support of the Indian National Congress to form a new government in Tamil Nadu after emerging as the single largest party with 108 seats. Congress leader KC Venugopal stated that the party’s state unit will meet in Chennai to take a final call on the alliance. The election results have marked a historic shift in Tamil Nadu politics, ending the long-standing dominance of the DMK and AIADMK.

Latest