National
വിക്ടറി പരേഡ് ദുരന്തം; ആര്‍ സി ബിയുടെ മാര്‍ക്കറ്റിങ് ഹെഡ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
ബെംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് നിഖില്‍ സൊസാല അറസ്റ്റിലായത്
ബെംഗളുരു | ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് നിഖില്‍ സൊസാലെ,
ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് നിഖില്‍ സൊസാല അറസ്റ്റിലായത്. ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്ക്‌സുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖില്‍ സൊസാലെ ആയിരുന്നു.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബെംഗളുരു പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കര്‍ണാടക സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.ബുധനാഴ്ച വൈകിട്ടാണ് നടുക്കുന്ന അപകടമുണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. 11 മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരുക്കേറ്റു.


