Kerala
ലഹരിക്കടത്ത് കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഹുസൈന്‍ തന്റെ സോഷ്യല്‍മീഡിയ കോ ഓഡിനേറ്റര്‍ അല്ല: മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ നീക്കിയ മെറ്റ നടപടിക്കെതിരെ മാധ്യമങ്ങള്‍ പരാതി കൊടുക്കണമെന്നും അതിനായി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം | ലഹരിക്കടത്ത് കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഹുസൈന്‍ തന്റെ സോഷ്യല്‍മീഡിയ കോ ഓഡിനേറ്റര്‍ അല്ലെന്നും തനിക്ക് സോഷ്യല്‍മീഡിയ ടീമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാറിന്റെ നവകേരള സദസിനിടെ പോലീസ് മര്‍ദ്ദനമേറ്റപ്പോഴാണ് മുഹമ്മദ് ഹുസൈനെ ആദ്യമായി വിളിച്ചതെന്നും പിന്നീട് വീട്ടില്‍ പോയെന്നും മുഖ്യമന്ത്രി വിശദമാക്കി.
മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ നീക്കിയ മെറ്റ നടപടിക്കെതിരെ മാധ്യമങ്ങള്‍ പരാതി കൊടുക്കണമെന്നും അതിനായി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കരുതെന്ന് മെറ്റക്ക് കത്തെഴുതാമെന്നും മാധ്യമങ്ങളുടെ നിയമ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ കായികവകുപ്പ് മന്ത്രിക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മുന്‍ സര്‍ക്കാരിന്റെ റോള്‍ എന്തായിരുന്നെന്ന് ചോദിച്ച അദ്ദേഹം, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ എല്ലാം അന്വേഷണ പരിധിയില്‍ വരുമെന്നും കായികവകുപ്പിന്റേത് ഗൗരവമായ റിപ്പോര്‍ട്ടാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും പറഞ്ഞു. സ്‌പോണ്‍സറെ തെരഞ്ഞെടുത്തത് ചട്ടം മറികടന്നാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
വന്ദേമാതരം ആലാപന വിഷയത്തിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. അതൊക്കെ സ്വാതന്ത്ര്യ ദിനത്തിന് കണ്ടോളൂ, സര്‍ക്കാരിനും യു ഡി എഫിനും കൃത്യമായ നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എന്താണ് നടന്നതെന്നും അമ്പലംവിഴുങ്ങികളാണ് കഴിഞ്ഞ സര്‍ക്കാരെന്നും കട്ടിള മുതല്‍ നെയ്യ് വരെ അടിച്ചു മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്നും ജോലി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മത്സ്യത്തെഴിലാളികളെ കാണാതായാലുള്ള നടപടികള്‍ പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിലെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന – നഗരം ധാരണ പത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പി എം എ വൈ വീട് നിര്‍മ്മിക്കുമ്പോള്‍ ബോര്‍ഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള തീരുമാനം കൈ കൊണ്ടതായും അദ്ദഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ചരക്ക് നീക്കത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:
CM VD Satheesan clarified that drug arrestee Muhammed Hussain is not his social media coordinator. He backed media legal action over Meta news removals and announced additional relief of Rs 2 lakh for Wayanad landslide victims. He also confirmed signing the PMAY Urban agreement.
.


