Connect with us

National

കര്‍ണാടക കാവേരി ബന്ദിനോട് തണുപ്പന്‍ പ്രതികരണം

കന്നഡ അനുകൂല നേതാവ് വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദില്‍നിന്ന് പിന്മാറിയിരുന്നു

Published

|

Last Updated

ബെംഗളൂരു | കന്നട ജാഗൃതി വേദി പ്രഖ്യാപിച്ച കാവേരി ബന്ദിനോട് കര്‍ണാടകയില്‍ തണുപ്പന്‍ പ്രതികരണം. വാഹനഗതാഗതത്തെ ബാധിച്ചില്ല. അതിര്‍ത്തിയിലും വാഹനങ്ങള്‍ സര്‍വീസ് നടത്തി. അത്തിബലെ അതിര്‍ത്തിയില്‍ നേരിയ പ്രതിഷേധമുണ്ടായി. കന്നഡ അനുകൂല നേതാവ് വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദില്‍നിന്ന് പിന്മാറിയിരുന്നു.

കന്നട ജാഗൃതി വേദികെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കടകമ്പോളങ്ങള്‍ തുറന്നു കിടക്കുന്നു. അന്തര്‍ സംസ്ഥാന ബസ്സുകള്‍ കര്‍ണാടക നിര്‍ത്തിവെച്ചിരുന്നു. സേലം വഴി കേരളത്തിലേക്കും ബസ്സുകള്‍ ഇല്ല. തമിഴ്‌നാട് ബസ്സുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നു. സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി.

കാവേരി നദീ ജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനംചെയ്തിരുന്നു. കര്‍ണാടക ബന്ദ് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രഖ്യാപിച്ചിരുന്നത്. കര്‍ണാടക രക്ഷണ വേദികെ ഉള്‍പ്പെടെയുള്ളവര്‍ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ഓഗസ്റ്റ് 12 മുതല്‍ 15 ദിവസത്തേക്ക് തമിഴ്‌നാടിന് 12,000 ക്യൂസെക്‌സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം, അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതിനാലും വിഷയത്തില്‍ സുപ്രീംകോടതിയിലടക്കം ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാലുമാണ് വിവിധ സംഘടനകള്‍ ബന്ദില്‍നിന്ന് പിന്മാറിയത്.

 

Content Highlights:
The Cauvery bandh called by Kannada outfits saw a lukewarm response as life remained normal across Karnataka. Public transport and businesses operated with minimal disruption despite border protests. Several organizations withdrew support after government assurances regarding the water dispute.

---- facebook comment plugin here -----

Latest