Connect with us

vd satheesan

കെജരിവാളിനു പിന്നാലെ പിണറായിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യവുമായി വി ഡി സതീശന്‍

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നിശബ്ദമാകുന്നതായി ആരോപണം

Published

|

Last Updated

തിരുവനന്തപുരം | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ എന്താണ് കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നിശബ്ദമാകുന്നു. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും സംഘപരിവാര്‍ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്? സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയി? കേരളത്തിലെ സി പി എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണം.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി ജെ പി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ബി ജെ പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി ജെ പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാന്‍ വിളിക്കുകയോ ചെയ്തില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാന്‍ പോലും എസ് എഫ് ഐ ഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്.

കരുവന്നൂര്‍ ഇ ഡി കേസുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും പ്രധാനികളിലേക്ക് കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. സി പി എം നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കി തൃശൂരില്‍ അവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ ഡിയെ മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ലല്ലോ? കുഴല്‍പ്പണ കേസ് ഇ ഡിയോ ഇന്‍കം ടാക്‌സോ അന്വേഷിക്കുന്നില്ല. ബി ജെ പി നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പോലീസ് കേസെടുത്തോ? കുഴല്‍പ്പണ കേസില്‍ ജയിലില്‍ പോകേണ്ട കെ സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനല്ലേ?

 

Latest