Connect with us

International

ഇറാനില്‍ കാലുകുത്തുന്ന യു എസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് തീറ്റയാക്കും: ഇറാന്‍

കരമാര്‍ഗമോ സമുദ്രമാര്‍ഗമോ ഇറാനെതിരെ നീക്കം നടത്താന്‍ തയ്യാറായാല്‍ യു എസ് സൈനികരെ തകര്‍ക്കാന്‍ ഇറാന്‍ സജ്ജമാണെന്ന് ഖത്തം-അല്‍-അന്‍ബിയ വക്താവ് കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍

Published

|

Last Updated

തെഹ്റാന്‍ | ഇറാനില്‍ കരയുദ്ധം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെ ശക്തമായ പ്രതികരണവുമായി ഇറാന്‍ രംഗത്തുവന്നു. ഇറാനില്‍ കാലുകുത്തുന്ന യു എസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് തീറ്റയായി ഇട്ടുകൊടുക്കുമെന്നും അമേരിക്കക്ക് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഖത്തം-അല്‍-അന്‍ബിയ വക്താവ് കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍ പറഞ്ഞു. അപ്രതീക്ഷിതമായി കരയുദ്ധത്തിലേക്ക് യു എസ് കടക്കുകയാണെങ്കില്‍ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കരമാര്‍ഗമോ സമുദ്രമാര്‍ഗമോ ഇറാനെതിരെ നീക്കം നടത്താന്‍ തയ്യാറായാല്‍ യു എസ് സൈനികരെ തകര്‍ക്കാന്‍ ഇറാന്‍ സജ്ജമാണ്. അതിനുവേണ്ടിയുള്ള ദിനങ്ങള്‍ ഇറാന്‍ കാത്തിരിക്കുകയാണ്. ഇറാനെതിരെ കരയുദ്ധം നടത്തുമെന്നും ഖാര്‍ഗ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളില്‍ അധിനിവേശം നടത്തുമെന്നുമൊക്കെ ട്രംപ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതെല്ലാം ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങളാണെന്നും കേണല്‍ സുല്‍ഫിക്കര്‍ പറഞ്ഞു. ആക്രമത്തിനും അധിനിവേശത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം നേരത്തെ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യു എസ് ഭീഷണികളെ നേരിടാന്‍ ഇറാഖിന്റെ അതിര്‍ത്തിപ്രദേശങ്ങളടക്കം രാജ്യത്തുടനീളം പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാരുടെ കൂട്ടത്തില്‍ വെച്ചേറ്റവും നുണയനായ പ്രസിഡന്റാണ് ട്രംപ്. ഒരുനിലക്കും വിശ്വസിക്കാന്‍ പറ്റാത്തവനായ ട്രംപ് യുഎസ് സൈന്യത്തെ കൊലക്ക് കൊടുക്കുകയാണ്. യൂറോപ്യന്‍-പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഒന്നടങ്കം യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ട സ്ഥലകാല ബോധമില്ലാത്ത ഒരാളെയാണ് അമേരിക്ക സൈനികനേതൃത്വം ഏല്‍പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിന് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റാണ്’ വാര്‍ത്ത പുറത്തുവിട്ടത്. പൂര്‍ണമായ തോതിലുള്ള സൈനിക അധിനിവേശത്തിന് പകരം പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങള്‍ക്കാണ് പെന്റഗണ്‍ പദ്ധതിയിടുന്നത്. ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ അമേരിക്കന്‍ സൈന്യം ലക്ഷ്യമിടുന്നത്.

 

Latest