Kerala
വണ്ടൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പര്യടനത്തിനിടെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
തളിപ്പറമ്പിലും ധര്‍മടത്തും സംഘര്‍ഷമെന്നു പരാതി
മലപ്പുറം | വണ്ടൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ പി അനില്‍കുമാറിന്റെ പര്യടനത്തിനിടെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണം നിലനിന്ന ഉദിരംപൊയിലിലായിരുന്നു സംഘര്‍ഷം.
കാലുവാരി എന്ന് ആരോപിച്ച്, പ്രചാരണത്തിനെത്തിയത് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തുകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥാനാര്‍ഥി എ പി അനില്‍കുമാര്‍ സ്വീകരണ കേന്ദ്രത്തില്‍ വാഹനത്തില്‍ നിന്നിറങ്ങാതെ മൈക്കിലൂടെ സംസാരിച്ച് വേഗത്തില്‍ മടങ്ങി.
തളിപ്പറമ്പ് മലപ്പട്ടത്ത് യു ഡി എഫിന്റെ എല്‍ ഇ ഡി വാള്‍ വഴിയുള്ള പ്രചാരണം സി പി എം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതായി പരാതിയുയര്‍ന്നു. ഇത് ചോദ്യം ചെയ്ത യു ഡി എഫ് പ്രവര്‍ത്തകരായ അനസ് നമ്പറം, അബ്ദുല്‍ റസാഖ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം അക്രമം അഴിച്ചുവിടുകയാണെന്ന് യു ഡി എഫ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദിനെ തടഞ്ഞതായും പരാതിയുണ്ട്. അഞ്ചരക്കണ്ടി കൈതപ്രത്ത് വെച്ച് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തിന് കുറുകെ ഒരാള്‍ ബൈക്ക് നിര്‍ത്തിയിട്ട് തടസ്സമുണ്ടാക്കി. ഇതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകനാണെന്ന് യുഡിഎഫ് ആരോപിച്ചു. പോലീസ് ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.


