International
ഇറാനിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണത്തിന് നീക്കമെന്ന് റിപ്പോർട്ട്
ഈ ആഴ്ചാവസാനത്തോടെ ആക്രമണങ്ങൾ ഉണ്ടായേക്കാം എന്നാണ് വിവരം
വാഷിംഗ്ടൺ | ഇറാനിലെ ഊർജ അടിസ്ഥാനസൗകര്യങ്ങളെയടക്കം (Energy Infrastructure) ലക്ഷ്യമിട്ട് കടുത്ത വ്യോമാക്രമണം നടത്താൻ അമേരിക്കയും ഇസ്റാഈലും പദ്ധതിയിടുന്നതായി സി ബി എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ചാവസാനത്തോടെ ആക്രമണങ്ങൾ ഉണ്ടായേക്കാം എന്നാണ് വിവരം. എന്നാൽ ഇതിനായുള്ള അന്തിമ അനുമതി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി ബി എസ് വ്യക്തമാക്കി.
വൈദ്യുത നിലയങ്ങളും റിഫൈനറികളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടെഹ്റാനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യു എസ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. മുൻപ് സ്ട്രെയിറ്റ് ഓഫ് ഹോർമൂസിലെ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഓരോ ആക്രമണത്തിനും പകരം ഇറാന്റെ വൈദ്യുതി നിലയങ്ങളോ പാലങ്ങളോ തകർക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭരണസംവിധാനത്തെയും സൈനിക നീക്കങ്ങളെയും ദുർബലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ യു എസ് ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര സാമ്പത്തിക വിപണികളെ ബാധിക്കാതിരിക്കാൻ തിങ്കളാഴ്ച വിപണി തുറക്കുന്നതിന് മുൻപായി സൈനിക നീക്കം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തങ്ങൾക്ക് ജയം മാത്രമാണ് ആവശ്യമെന്നും ഇറാനെതിരെ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തിന് ശേഷം ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റും യു എസ് പ്രതിരോധ വകുപ്പ് വക്താവ് ഷോൺ പർനെല്ലും ട്രംപിന്റെ നിർദ്ദേശപ്രകാരം യു എസ് സേന ആക്രമണത്തിന് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights
The US and Israel are preparing joint air strikes against Iran’s energy infrastructure and power plants. President Donald Trump is yet to give final orders as military plans are evaluated.




