Connect with us

Kerala

കേന്ദ്ര മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗം: എം വി ഗോവിന്ദന്‍

'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കേന്ദ്ര മന്ത്രിയുടെ ശ്രമം.'

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവന കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കേന്ദ്ര മന്ത്രിയുടെ ശ്രമമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ സംഘ്പരിവാര്‍ ശ്രമം നടത്തുകയാണ്.

വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പോലീസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് കേസിന് ആധാരം.

സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ഇതിന് പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപരമായ പോസ്റ്റുകളോ വര്‍ഗീയ പരാമര്‍ശങ്ങളോ പാടില്ലെന്ന് പോലീസ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഗോവിന്ദനെ പിന്തുണച്ച് സലാം
രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് ഉചിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. എം വി ഗോവിന്ദന്റെ പ്രസ്താവനയെയും സലാം പിന്തുണച്ചു. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതും എം വി ഗോവിന്ദന്‍ പറഞ്ഞതും രണ്ടാണ്. ഒരു വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് കേന്ദ്ര മന്ത്രി ശ്രമിച്ചതെന്ന് സലാം കുറ്റപ്പെടുത്തി. സലാമിന്റെ പിന്തുണ സ്വീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.