Connect with us

UAE

യു എ ഇയിൽ വാറ്റ് ചട്ടങ്ങളിൽ ഇന്ന് മുതൽ മാറ്റം

വിതരണക്കാരുടെ വിവരങ്ങൾ പരിശോധിച്ചില്ലെങ്കിൽ റീഫണ്ട് തടയും

Published

|

Last Updated

ദുബൈ|യു എ ഇയിൽ മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇന്ന്  മുതൽ നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. വിതരണ ശൃംഖലയിലെ നികുതി വെട്ടിപ്പുകൾ തടയുന്നതിനായി വിതരണക്കാരുടെ (സപ്ലയർമാർ) പശ്ചാത്തലവും ഇടപാടുകളും സംബന്ധിച്ച് കൃത്യമായ പരിശോധന (ഡ്യൂ ഡിലിജൻസ്) നടത്താൻ ബിസിനസ് സ്ഥാപനങ്ങൾക്ക് ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) നിർദേശം നൽകി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വാറ്റ് റീഫണ്ട് നിഷേധിക്കപ്പെടും.

വിതരണ ശൃംഖലയുടെ ഏതെങ്കിലും ഘട്ടത്തിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടതായി കണ്ടെത്തുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള വാറ്റ് റീഫണ്ട് നിരസിക്കാൻ പുതിയ നിയമപ്രകാരം നികുതി അതോറിറ്റിക്ക് പൂർണ അധികാരമുണ്ട്. മുൻപ് സാധനങ്ങൾ വാങ്ങുമ്പോൾ അടച്ച നികുതി കമ്പനികൾക്ക് സാധാരണയായി തിരികെ ക്ലെയിം ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ ഇനി മുതൽ വിതരണക്കാരൻ നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞാൽ, അതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന വാദം അംഗീകരിക്കപ്പെടില്ല. “സ്ഥാപനം അറിഞ്ഞിരിക്കേണ്ടതായിരുന്നു’ എന്ന നിലപാടാണ് അതോറിറ്റി സ്വീകരിക്കുന്നത്.

ഇതൊഴിവാക്കാൻ പുതിയ വിതരണക്കാരുമായി ഇടപാടുകൾ ആരംഭിക്കുമ്പോൾ തന്നെ അവരുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുകയും ഓരോ 12 മാസത്തിലും ഇത് ആവർത്തിക്കുകയും വേണം. വിതരണക്കാരന്റെ മുൻകാല ഇടപാടുകളുടെ ഔദ്യോഗിക രേഖകൾ, കമ്പനിക്ക് വേണ്ടി ഒപ്പിടാൻ അധികാരമുള്ള വ്യക്തികൾ എന്നിവ ഉറപ്പുവരുത്തണം. പ്രതിവർഷം 3,75,000 ദിർഹത്തിലധികം ഇടപാടുള്ള വലിയ ബിസിനസുകൾക്ക് വിതരണക്കാരന് യു എ ഇയിൽ ബേങ്ക് അക്കൗണ്ടുണ്ടെന്ന രേഖയും ആവശ്യമാണ്. വിതരണക്കാരുടെ വിലാസങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള മാറ്റം, കമ്പനിയുടെ ശേഷിയേക്കാൾ വലിയ കരാറുകൾ എന്നിവ ജാഗ്രതയോടെ കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പണമിടപാടുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനൊപ്പം പരിശോധനകൾ നടത്തുന്നതിനും അവ വിലയിരുത്തുന്നതിനുമുള്ള ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ കമ്പനികൾ രേഖാമൂലം ചുമതലപ്പെടുത്തണം. അതേസമയം, 10,000 ദിർഹത്തിൽ താഴെയുള്ള ചെറിയ ഇടപാടുകൾക്ക് പുതിയ നിബന്ധനകളിൽ ഇളവുണ്ട്. എന്നാൽ ഒരു വിതരണക്കാരനിൽ നിന്ന് പ്രതിവർഷം ആകെ നടത്തുന്ന ഇടപാടുകൾ ഒരു ലക്ഷം ദിർഹം കവിഞ്ഞാൽ ഈ ഇളവ് ബാധകമാകില്ല. സാമ്പത്തിക നഷ്ടവും പിഴയും ഒഴിവാക്കാൻ സ്ഥാപനങ്ങൾ പുതിയ നിയമാവലികൾക്കനുസൃതമായി ആഭ്യന്തര പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നികുതി വിദഗ്ധർ ഓർമിപ്പിച്ചു.

Content Highlights:
The UAE Federal Tax Authority introduced strict new VAT refund rules requiring businesses to conduct thorough supplier due diligence. Failure to verify suppliers could lead to the rejection of VAT refund claims if tax evasion occurs anywhere in the supply chain. Exemptions apply to transactions under 10000 AED.

 

---- facebook comment plugin here -----

Latest