Connect with us

UAE

ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ 19 തസ്തികകള്‍ ഉള്‍പ്പെടുത്തി യു എ ഇ

നിയമലംഘനങ്ങള്‍ക്ക് ഒരു കോടി ദിര്‍ഹം വരെ പിഴ.

Published

|

Last Updated

ദുബൈ | ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 19 തസ്തികകളുടെ ഔദ്യോഗിക പട്ടിക യു എ ഇ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം പുറത്തുവിട്ടു. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അംഗീകരിച്ച ലൈസന്‍സുള്ള ഏജന്‍സികള്‍ വഴി മാത്രമേ ഇത്തരം തൊഴിലാളികളെ നിയമിക്കാവൂ എന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടത്തുന്നവര്‍ക്ക് തടവും ഒരു കോടി ദിര്‍ഹം (പത്ത് മില്യണ്‍) വരെ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ് നിയമം അനുശാസിക്കുന്നത്.

വീട്ടുജോലിക്കാരി, നാവികന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ആട്ടിടയന്‍, കുതിരയോട്ടക്കാരന്‍ (ജോക്കി), കുതിര പരിശീലകന്‍ (ടാമര്‍), ഫാല്‍ക്കണ്‍ പരിപാലകന്‍, ജനറല്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, പാചകക്കാരന്‍, നാനി അഥവാ ബേബിസിറ്റര്‍, ഫാം വര്‍ക്കര്‍, തോട്ടക്കാരന്‍, പേഴ്സണല്‍ ട്രെയിനര്‍/കോച്ച്, സ്വകാര്യ ട്യൂട്ടര്‍, ഹോം നഴ്സ്, പേഴ്സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍, ഡ്രൈവര്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും നിയമം വ്യക്തമായി ഉറപ്പുനല്‍കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം വേതനത്തോടുകൂടിയ അവധി, പ്രതിദിനം കുറഞ്ഞത് എട്ട് മണിക്കൂര്‍ തുടര്‍ച്ചയായുള്ളതടക്കം 12 മണിക്കൂര്‍ വിശ്രമം, വര്‍ഷത്തില്‍ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധി, രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാനുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ്, ശമ്പളം കൃത്യമായി പത്ത് ദിവസത്തിനകം നല്‍കല്‍, അനുയോജ്യമായ താമസ-ഭക്ഷണ സൗകര്യങ്ങള്‍, വാര്‍ഷിക മെഡിക്കല്‍ അവധികള്‍ എന്നിവ തൊഴിലുടമ ഉറപ്പാക്കണം. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കാന്‍ അവര്‍ക്ക് പൂര്‍ണ അവകാശമുണ്ട്.

തൊഴിലാളികള്‍ക്ക് ലൈസന്‍സില്ലാതെ ജോലി നല്‍കുകയോ നിയമവിരുദ്ധമായി ജോലി മാറാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ 50,000 മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്റ് ഏജന്‍സി പ്രവര്‍ത്തിപ്പിക്കുകയോ മന്ത്രാലയത്തിന്റെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ ഒരു വര്‍ഷം വരെ തടവും രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. നിയമലംഘനത്തിന്റെ വ്യാപ്തിക്കും ബാധിച്ച തൊഴിലാളികളുടെ എണ്ണത്തിനും അനുസരിച്ച് പിഴത്തുക പരമാവധി ഒരു കോടി ദിര്‍ഹം വരെ ഉയരും. ഒരു വര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മന്ത്രാലയത്തില്‍ പരാതിപ്പെടാം. ഒത്തുതീര്‍പ്പിലെത്താത്ത കേസുകള്‍ തുടര്‍നടപടികള്‍ക്കായി കോടതിക്ക് കൈമാറും.

Content Highlights: UAE MOHRE officially includes 19 job categories under the domestic worker regulation framework. The revised list covers various household, private, and personal service positions across the country. The updated classifications aim to streamline labour protections and visa procedures for domestic employees.

---- facebook comment plugin here -----

Latest