UAE
ഒമാന്‍-യു എ ഇ റെയില്‍ ബന്ധത്തിന് നിര്‍ണായക നിയമാനുമതി
സുഹാറില്‍ നിന്ന് അബൂദബിയിലേക്ക് 100 മിനുട്ടില്‍ എത്താനാവും.
അബൂദബി | ഒമാനും യു എ ഇയും തമ്മിലുള്ള അതിവേഗ റെയില്‍വേ ശൃംഖല യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഔദ്യോഗിക അംഗീകാരം നല്‍കി. ഇതോടെ 2.5 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഹഫീത് റെയില്‍ പദ്ധതിയുടെ സുപ്രധാന നിയമനടപടികള്‍ പൂര്‍ത്തിയായി. ജൂണ്‍ 21-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്ര കരാറിനാണ് രാജകീയ ഉത്തരവിലൂടെ ഒമാന്‍ അംഗീകാരം നല്‍കിയത്.
238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാത ഒമാനിലെ സുഹാറിനെ അല്‍ ബുറൈമി, അല്‍ ഐന്‍ വഴി യു എ ഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി നേരിട്ട് ബന്ധിപ്പിക്കും. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിലാണ് പദ്ധതി നടപ്പാക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200
കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. സുഹാറില്‍ നിന്ന് അബൂദബിയിലേക്ക് 100 മിനുട്ടിലും അല്‍ ഐനിലേക്ക് 47 മിനുട്ടിലും എത്തിച്ചേരാനാകും.
യാത്രാ സര്‍വീസുകള്‍ക്കൊപ്പം അതിവേഗ ചരക്ക് ഗതാഗതവുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഒരൊറ്റ ചരക്ക് ട്രെയിനിന് 15,000 ടണ്ണിലധികം ഭാരവും 270 ഓളം സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്‌നറുകളും വഹിക്കാന്‍ ശേഷിയുണ്ടാകും. ഇത് ഇരുരാജ്യങ്ങളിലെയും ഖനനം, സ്റ്റീല്‍, പെട്രോകെമിക്കല്‍സ്, കൃഷി, ഇ-കൊമേഴ്‌സ് മേഖലകള്‍ക്ക് വലിയ വാണിജ്യ കുതിപ്പ് സമ്മാനിക്കും.
പദ്ധതിയുടെ നിര്‍മാണം ഇതിനകം 40 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അല്‍ ഐന്‍, അല്‍ ബുറൈമി, സുഹാര്‍, വാദി അല്‍ ജിസി എന്നിവിടങ്ങളില്‍ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പര്‍വതങ്ങളും താഴ്‌വരകളും കടന്നുപോകുന്ന പാതയില്‍ അത്യാധുനിക തുരങ്കങ്ങളും പാലങ്ങളും വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
Content Highlights:
The landmark Oman-UAE rail project has achieved a critical regulatory approval, paving the way for construction and execution. Named Hafeet Rail, the network will connect Sohar in Oman with Abu Dhabi in the UAE. The project is set to enhance regional trade, passenger travel, and GCC logistics.




