Connect with us

UAE

യു എ ഇ സമ്പദ് വ്യവസ്ഥക്ക് 2027-ൽ വളർച്ചാ പ്രതീക്ഷ

എണ്ണയിതര മേഖലകളിലെ കുതിപ്പും അടിസ്ഥാന സൗകര്യ വികസനവും കരുത്താകും

Published

|

Last Updated

അബൂദബി| യു എ ഇയുടെ സമ്പദ് വ്യവസ്ഥ 2027-ൽ പത്ത് ശതമാനത്തോട് അടുത്ത് വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ സെൻട്രൽ ബേങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ വ്യക്തമാക്കി. 2026-ൽ 1.6 ശതമാനം വളർച്ചയാണ് നിലവിൽ കണക്കാക്കുന്നത്. എണ്ണയിതര മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനം, അടിസ്ഥാന സൗകര്യങ്ങളിലെ ഉയർന്ന നിക്ഷേപം, എണ്ണ ഉത്പാദന ശേഷിയിലെ വർധന എന്നിവ അടുത്ത വർഷത്തെ ശക്തമായ സാമ്പത്തിക വളർച്ചക്ക് അടിത്തറയേകും.

മേഖലയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലും യു എ ഇയുടെ സാമ്പത്തിക അടിത്തറ അത്യധികം സുരക്ഷിതവും സുസ്ഥിരവുമാണെന്ന് അദ്ദേഹം വിലയിരുത്തി. തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന അന്താരാഷ്ട്ര നാണയനിധിയുടെയും (ഐ എം എഫ്) ലോകബേങ്കിന്റെയും വാർഷിക യോഗങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സാമ്പത്തിക ചർച്ചയിൽ സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തിന്റെ ഭാവി വളർച്ചാ സാധ്യതകൾ വിശദീകരിച്ചത്.

എണ്ണയിതര സാമ്പത്തിക ഇടപാടുകളുടെ വ്യാപനം, നൂതന സാങ്കേതികവിദ്യയിലും മനുഷ്യവിഭവശേഷിയിലുമുള്ള നിക്ഷേപം, സമഗ്രമായ സാമ്പത്തിക വൈവിധ്യവത്കരണം എന്നിവയാണ് ദീർഘകാലാടിസ്ഥാനത്തിൽ യു എ ഇയുടെ വളർച്ചയെ നയിക്കുന്ന ഘടകങ്ങൾ. എങ്കിലും 2027-ലെ വളർച്ചാ നിരക്ക് നിലവിൽ ഒരു അനുമാനം മാത്രമാണെന്നും അന്തിമ വളർച്ച അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളെയും രാജ്യത്തിന്റെ ആഭ്യന്തര വിപണി പ്രകടനങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:
UAE Central Bank Governor Khaled Mohamed Balama announced that the country’s economy is expected to reach nearly 10 percent growth by 2027. Rapid expansion in non-oil sectors and infrastructure investments drive this projection. Despite regional tensions, the financial foundation remains highly secure.

Latest