Connect with us

Uae

ആജീവനാന്ത ഗോൾഡൻ വിസ നൽകുമെന്ന പ്രചാരണം യു എ ഇ നിഷേധിച്ചു

ഗോൾഡൻ വിസയുടെ വിഭാഗങ്ങൾ, വ്യവസ്ഥകൾ, നിയമങ്ങൾ എന്നിവ ഔദ്യോഗിക നിയമങ്ങൾ, ചട്ടങ്ങൾ, മന്ത്രിതല തീരുമാനങ്ങൾ എന്നിവ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്ന് ഐ സി പി വ്യക്തമാക്കി.

Published

|

Last Updated

അബൂദബി| ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന കിംവദന്തികൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) നിഷേധിച്ചു. ഗോൾഡൻ വിസയുടെ വിഭാഗങ്ങൾ, വ്യവസ്ഥകൾ, നിയമങ്ങൾ എന്നിവ ഔദ്യോഗിക നിയമങ്ങൾ, ചട്ടങ്ങൾ, മന്ത്രിതല തീരുമാനങ്ങൾ എന്നിവ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്ന് ഐ സി പി വ്യക്തമാക്കി. അതോറിറ്റിയുടെ വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്ലിക്കേഷനിലോ ഈ ഔദ്യോഗിക വിവരങ്ങൾ കണ്ടെത്താനാകും. യു എ ഇക്കുള്ളിലെ ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാത്രമാണ് എല്ലാ ഗോൾഡൻ വിസ അപേക്ഷകളും കൈകാര്യം ചെയ്യുന്നതെന്നും ആപ്ലിക്കേഷൻ പ്രോസസ്സിൽ ആഭ്യന്തരമോ ബാഹ്യമോ ആയ ഒരു കൺസൾട്ടൻസി സ്ഥാപനത്തെയും അംഗീകൃത പാർട്ടിയായി അംഗീകരിക്കുന്നില്ലെന്നും ഐ സി പി വ്യക്തമാക്കി.

ലളിതമായ വ്യവസ്ഥകളിൽ യു എ ഇക്ക് പുറത്ത് നിന്നുള്ള കൺസൾട്ടിംഗ്, വാണിജ്യ സ്ഥാപനങ്ങൾ വഴി എല്ലാ വിഭാഗക്കാർക്കും ആജീവനാന്ത ഗോൾഡൻ വിസ നേടാൻ കഴിയുമെന്ന തരത്തിൽ വിദേശത്തെ ഒരു കൺസൾട്ടൻസി ഓഫീസ് നൽകിയ പത്രപ്രസ്താവന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണം നൽകിയത്. ഈ അവകാശവാദങ്ങൾക്ക് നിയമപരമായ അടിത്തറയില്ലെന്നും യു എ ഇയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാതെയാണ് ഇത് നടത്തിയതെന്നും ഐ സി പി അറിയിച്ചു. അപേക്ഷകർക്ക് സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം നൽകുന്നതിനും ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മാത്രമായി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഐ സി പി വീണ്ടും വ്യക്തമാക്കി. യു എ ഇയിൽ താമസിക്കാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്ന് നിയമവിരുദ്ധമായി പണം കൈക്കലാക്കാൻ ശ്രമിക്കുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ സി പി അറിയിച്ചു.

യു എ ഇ സന്ദർശിക്കാനോ താമസിക്കാനോ നിക്ഷേപം നടത്താനോ ആഗ്രഹിക്കുന്നവർ തെറ്റായ കിംവദന്തികളോടും വ്യാജ വാർത്തകളോടും പ്രതികരിക്കരുതെന്ന് ഐ സി പി അഭ്യർഥിച്ചു. ഈ സേവനങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടുന്ന ഏതെങ്കിലും കക്ഷിക്ക് ഫീസ് നൽകുകയോ വ്യക്തിഗത രേഖകൾ സമർപ്പിക്കുകയോ ചെയ്യരുത്. ഏതൊരു നടപടിയും സ്വീകരിക്കുന്നതിന് മുമ്പ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 24 മണിക്കൂറും പ്രവർത്തിക്കുന്ന 600522222 എന്ന കോൾ സെന്ററുമായി ബന്ധപ്പെട്ടോ നടപടിക്രമങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ഐ സി പി നിർദേശിച്ചു.